മഅ്ദനി കുടുംബവീട്ടില്‍ എത്തി

ശാസ്താംകോട്ട(കൊല്ലം): രോഗബാധിതയായ മാതാവിനെ കാണാന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് നേടിയ പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി മൈനാഗപ്പള്ളിയിലെ കുടുംബവീടായ തോട്ടുവാല്‍ മന്‍സിലില്‍ എത്തി. ഇന്നലെ രാത്രിയെത്തിയ മഅ്ദനി മാതാവ് അസുമാബീവിയെയും പിതാവ് അബ്ദുല്‍ സമദ് മാസ്റ്ററെയും സഹോദരങ്ങളടക്കമുള്ള ബന്ധുക്കളെയും കണ്ട ശേഷം അദ്ദേഹത്തിന്റെ മതപഠന കേന്ദ്രമായ അന്‍വാര്‍ശ്ശേരിയിലേക്ക് മടങ്ങി.
പിഡിപി പ്രവര്‍ത്തകരും നാട്ടുകാരും അടക്കം നിരവധി പേര്‍ മഅ്ദനിയെ കാണാന്‍ തോട്ടുവാല്‍ മന്‍സിലില്‍ എത്തിയിരുന്നു.  മൂന്നു മുതല്‍ 11 വരെ നാട്ടില്‍ നില്‍ക്കാനാണ് ബംഗളൂരു എന്‍ഐഎ കോടതി ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ചത്. എന്നാല്‍ പോലിസിന്റെ നിസ്സഹകരണംമൂലം യാത്ര ഒരുദിവസം വൈകി.  ഭാര്യ സൂഫിയ മഅ്ദനിയും പിഡിപി നേതാക്കളും മഅ്ദനിയോടൊപ്പം ഉണ്ടായിരുന്നു. വഴിനീളേ പിഡിപി പ്രവര്‍ത്തകരും ജനങ്ങളും അദ്ദേഹത്തെ കാണാന്‍ തടിച്ചുകൂടിയിരുന്നു. അതേസമയം, കൊല്ലത്തേക്കുള്ള യാത്രാമധ്യേ പാലക്കാട് കഞ്ചിക്കോടിന് സമീപം ചടയന്‍കാല ജുമാ മസ്ജിദില്‍ ജുംആ നമസ്‌കരിക്കാന്‍ ഇറങ്ങിയപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞത് പ്രതിഷേധത്തിന് ഇടയാക്കി. കോടതി ഉത്തരവില്‍ അത്തരം കാര്യം പരാമര്‍ശിക്കുന്നില്ലെന്നും യാത്രയില്‍ പാലക്കാട് ഇറങ്ങുന്നതിനെ കുറിച്ച് നിര്‍ദേശമൊന്നുമില്ലെന്നും പറഞ്ഞായിരുന്നു ഉദ്യോഗസ്ഥര്‍ തടഞ്ഞത്. തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കുകയായിരുന്നു.

RELATED STORIES

Share it
Top