മഅ്ദനിയുടെ ആരോഗ്യനില ആശങ്കാജനകം; ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കും

ബംഗളൂരു: ബംഗളൂരുവില്‍ ജാമ്യത്തില്‍ കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടെ ആരോഗ്യനില മോശമായി. ഇടയ്ക്കിടെ ബോധക്ഷയം അനുഭവപ്പെടുന്നു. ശരീരത്തിന്റെ പല ഭാഗങ്ങളിലും രക്തയോട്ടം നിലച്ചതിനാല്‍ മരവിപ്പ് അനുഭവപ്പെടുകയും ചലനശേഷി നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ്.
പ്രമേഹം അനിയന്ത്രിതമായി വര്‍ധിച്ചതിനാല്‍ ഇരുകൈകളുടെയും ശേഷി കുറഞ്ഞു. ഡോ. ഐസക് മത്തായി നൂറനാലിന്റെ നിര്‍ദേശപ്രകാരം വിദഗ്ധ ചികില്‍സയ്ക്കായി മഅ്ദനിയെ ഇന്ന് ബംഗളൂരുവിലെ എം എസ് രാമയ്യ മെമ്മോറിയല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കും. കഴിഞ്ഞ ആഴ്ച സൗഖ്യ ഹോളിസ്റ്റിക് ഇന്റര്‍നാഷനല്‍ ആശുപത്രിയില്‍ മാനേജിങ് ഡയറക്ടര്‍ ഡോ. ഐസക് മത്തായിയുടെ നേതൃത്വത്തില്‍ വിശദ പരിശോധന നടന്നിരുന്നു. തലയുടെയും കഴുത്തിന്റെയും എംആര്‍ഐ സ്‌കാന്‍ ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തിയതിലാണ് സാരമായ ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടെത്തിയത്.
മഅ്ദനി 31ാം പ്രതിയായ ബംഗളൂര്‍ സ്‌ഫോടന കേസ് നടപടികള്‍ അനന്തമായി നീളുകയാണ്. സാക്ഷിവിസ്താരം മാസങ്ങള്‍ക്കു മുമ്പേ പൂര്‍ത്തിയായി. എങ്കിലും സാങ്കേതികക്കുരുക്കില്‍ പ്രോസിക്യൂഷന്‍ കേസ് നീട്ടുകയാണെന്ന ആക്ഷേപം ശക്തമാണ്.

RELATED STORIES

Share it
Top