മഅ്ദനിക്ക് സ്വാതന്ത്ര്യവും അവകാശവും നല്‍കണം: കുറിലോസ് തിരുമേനി

കോട്ടയം: ബാംഗ്ലൂരില്‍ കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിക്ക് ഒരു പൗരനു ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യവും അവകാശവും നല്‍കണമെന്ന് യാക്കോബായ സഭാ നിരണം അധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കുര്‍ലോസ് മെത്രാപോലീത്ത പറഞ്ഞു. അതു നിഷേധിക്കുകയോ ലഭിക്കാതിരിക്കുകയോ ചെയ്താല്‍ അതു ലഭ്യമാക്കാന്‍ ഭരണാധികാരികള്‍ തയ്യറാവണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
വൈകി ലഭിക്കുന്ന നീതി നിഷേധത്തിനു തുല്യമാണ്. രോഗബാധിതനായ ഒരാള്‍ക്ക് ഭരണഘടന ഒരുപാട് ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്. അത് മഅ്ദനിക്ക് ലഭിക്കാത്തതില്‍ ഭരണകര്‍ത്താക്കളുടെ ഭാഗത്തെ വീഴ്ചയാണ്. കേസില്‍ കോടതി എന്തുവിധിച്ചാലും അത് അനുസരിക്കാന്‍ മഅ്ദനി മടികാണിക്കുകയില്ലെന്നാണു വിശ്വാസം. മനുഷ്യാവകാശ പരമായ ഇടപെടല്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് ഉയര്‍ന്നുവരണം അതു കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയിലെത്തിക്കാന്‍ വിവിധ സംഘടനകള്‍  മനുഷ്യത്വപരമായ സമീപനം നടത്തണമെന്ന് കുറിലോസ് തിരുമേനി പറഞ്ഞു.
കര്‍ണാടക സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ കൊടുത്ത ഉറപ്പു പാലിക്കുക, കേസില്‍ വിചരണ ഉടന്‍ പൂര്‍ത്തിയാക്കുക, മഅ്ദനിയുടെ ജീവന്‍ രക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് പിഡിപി  ജില്ലാ കമ്മിറ്റി നടത്തിയ ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിഡിപി  ജില്ല പ്രസിഡന്റ് നിഷാദ് നടയ്ക്കല്‍ അധ്യക്ഷത വഹിച്ച ഉപവാസത്തില്‍ പിഡിപി സംസ്ഥാന സെക്രട്ടറി എം എസ് നൗഷാദ് ആമുഖ പ്രഭാഷണം നടത്തി.
മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ആസീസ് ബഡായി, സെക്രട്ടറി റഫീഖ് മണിമല, ഇമാം കൗണ്‍സില്‍ ചെയര്‍മാന്‍ മുഹമ്മദ് നദീര്‍ മൗലവി, കോണ്‍ഗ്രസ് എസ് സംസ്ഥാന സെക്രട്ടറി പി ജി ഗോപി, ജില്ലാ പ്രസിഡന്റ് സജി നൈനാന്‍, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ സെക്രട്ടറി ഈസല്‍ ഖാസിമി, ജമാഅത്ത് ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് ഷാജി ആലപ്ര, കേരളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ജോസഫ് ചാമക്കാല, എഴുത്തുകാരന്‍ കെ കെ കൊച്ച്, കെഡിഎഫ് സംസ്ഥാന സെക്രട്ടറി പി ജി പ്രകാശ്, എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് യു നവാസ്, കേരളാ മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് റഫീഖ് അഹമ്മദ് സഖാഫി, തുരുനക്കര പുത്തന്‍പള്ളി ഇമാം ത്വാഹ മൗലവി, ഡിഎച്ച്ആര്‍എം ജില്ലാ കമ്മിറ്റി അംഗം  റെനുരാജ്, സംസാരിച്ചു.

RELATED STORIES

Share it
Top