മഅ്ദനിക്കായി പ്രാര്‍ഥിക്കണമെന്ന് മതപണ്ഡിതര്‍

കൊച്ചി: അബ്ദുന്നാസിര്‍ മഅ്ദനിയുടെ രോഗ ശമനത്തിനും ഭരണകൂട ഭീകരത സൃഷ്ടിക്കുന്ന പാരതന്ത്ര്യത്തിന്റെ ചങ്ങലകളില്‍ നിന്നുള്ള പരിപൂര്‍ണ മോചനത്തിനും ആരോഗ്യത്തോടെയുള്ള ദീര്‍ഘായുസ്സിനും വേണ്ടി പ്രാര്‍ഥിക്കണമെന്നു വിവിധ മതപണ്ഡിത സംഘടനാ പ്രതിനിധികള്‍. ഇതിന്റെ ഭാഗമായി ഇന്നു ജുമുഅ നമസ്‌കാരാനന്തരം മുഴുവന്‍ മഹല്ലുകളിലും പ്രത്യേക പ്രാര്‍ഥന നടത്താന്‍ മഹല്ല് ഇമാമുമാരോടും ഭാരവാഹികളോടും മതപണ്ഡിത സംഘടനാ പ്രതിനിധികള്‍ അഭ്യര്‍ഥിച്ചു.
ബംഗളൂരുവിലെ എം എസ് രാമയ്യ മെമ്മോറിയല്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മഅ്ദനിയുടെ ആരോഗ്യ നിലയില്‍ വിദഗ്ധ ഡോക്ടര്‍മാര്‍ ആശങ്ക അറിയിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിനു വേണ്ടി പ്രാര്‍ഥിക്കണമെന്നു പാണക്കാട് അബ്ദുല്‍ ജബ്ബാര്‍ ശിഹാബ് തങ്ങള്‍ (സംസ്ഥാന കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ്), കെ പി അബൂബക്കര്‍ ഹസ്രത്ത് (ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സീനിയര്‍ വൈസ് പ്രസിഡന്റ്), നാസിര്‍ ഫൈസി കൂടത്തായി (സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ അംഗം), ഡോ. അബ്ദുല്‍ ഹക്കീം അസ്ഹരി കാന്തപുരം (അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ), തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി (കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍), ചേലക്കുളം അബുല്‍ ബുഷ്‌റ മൗലവി (തിരുവനന്തപുരം വലിയ ഖാസി), പിഎംഎസ്എ ആറ്റക്കോയ തങ്ങള്‍ (അജ് വ വര്‍ക്കിങ് പ്രസിഡന്റ്), പാച്ചല്ലൂര്‍ അബ്ദുസ്സലീം മൗലവി (കേരള മുസ്‌ലിം സംയുക്ത വേദി പ്രസിഡന്റ്), ചേലക്കുളം അബ്ദുല്‍ ഹമീദ് ബാഖവി (അന്‍വാര്‍ശ്ശേരി വര്‍ക്കിങ് പ്രസിഡന്റ്) എന്നിവര്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top