മംഗളൂരു: വെട്ടേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു

മംഗളൂരു: സംഘപരിവാര പ്രവര്‍ത്തകരുടെ അക്രമത്തില്‍ വെട്ടേറ്റ് ചികില്‍സയിലായിരുന്ന കൊട്ടാര ചൗക്കിയിലെ ബഷീര്‍ (47) മരണപ്പെട്ടു. ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹം ഇന്നലെ രാവിലെ എട്ടോടെയാണ് മരിച്ചത്. നഗരത്തില്‍ ഫാസ്റ്റ് ഫുഡ് കട നടത്തുന്നു. സംഭവത്തില്‍ നാലുപേരെ കഴിഞ്ഞ ദിവസം പോലിസ് അറസ്റ്റ് ചെയ്തിരുന്നു. കാസര്‍കോട് ഉപ്പള ചെറുഗോളി സ്വദേശി ശ്രീജിത്ത് പി കെ എന്ന ശ്രീജു (25), മഞ്ചേശ്വരം കുഞ്ചത്തൂര്‍ സ്വദേശി സന്ദേശ് കൊട്ടിയാന്‍ (22), മംഗളൂരു പാടി സ്വദേശികളും സഹോദരങ്ങളുമായ കിഷന്‍ പൂജാരി (23), ധനൂഷ് പൂജാരി (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബഷീറിനു പുറമെ ബന്ദറിലെ മുബഷിറി (22)നും ബുധനാഴ്ച രാത്രി വെട്ടേറ്റിരുന്നു. വധശ്രമത്തിനാണ് പ്രതികള്‍ക്കെതിരേ പോലിസ് കേസെടുത്തിരുന്നത്. ബഷീര്‍ മരിച്ചതോടെ പ്രതികള്‍ക്കെതിരേ കൊലക്കുറ്റം ചുമത്തുമെന്ന് പോലിസ് പറഞ്ഞു. അതേസമയം ബഷീറിന്റെ കുടുംബത്തിന് കര്‍ണാടകമുഖ്യമന്ത്രി സിദ്ധരാമയ്യ 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top