മംഗളൂരു വിമാനത്താവളത്തില്‍ മലയാളികളെ കൊള്ളയടിക്കുന്ന സംഘമുള്ളതായി പോലിസ്

മഞ്ചേശ്വരം: മംഗളൂരു ബജ്‌പെ എയര്‍പോര്‍ട്ടില്‍ വിമാനം ഇറങ്ങി നാട്ടിലേക്ക് വരുന്ന പ്രവാസികളെ കൊള്ളയടിക്കുന്ന സംഘം ഹൈവേ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതായി വിവരം ലഭിച്ചതായി പോലിസ് പറഞ്ഞു. പ്രവാസികള്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘമാണ് പ്രവര്‍ത്തിക്കുന്നത്. ചില യാത്രക്കാരെ പ്രത്യേകം നിരീക്ഷിച്ച് അവരുടെ വാഹനങ്ങളെ പിന്തുടര്‍ന്ന്, വാഹനത്തിന് കുറുകെ വാഹനമിട്ട് നിര്‍ത്തി കവര്‍ച്ച നടത്തുന്ന സംഘത്തെക്കുറിച്ചാണ് പോലിസ് അന്വേഷിക്കുന്നത്. കഴിഞ്ഞ ഒന്നിന് കാസര്‍കോട് സ്വദേശിയായ ഗള്‍ഫ് വ്യവസായി ഈ കൊള്ളസംഘത്തിന്റെ കൈയില്‍ നിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. സുഹൃത്തിന്റെ മകളുടെ നിക്കാഹ് ചടങ്ങില്‍ പങ്കെടുക്കാനായി ദുബയില്‍ നിന്ന് വരികയായിരുന്ന ഗള്‍ഫ് വ്യവസായി ഒന്നിന് വൈകിട്ട് അഞ്ചരക്ക് മംഗളൂരു വിമാനത്താവളത്തില്‍ വന്നിറങ്ങി കാറില്‍ കാസര്‍കോട്ടേക്ക് വരുമ്പോഴാണ് കവര്‍ച്ചാ സംഘം അപായപ്പെടുത്താന്‍ ശ്രമിച്ചത്. ഇദ്ദേഹം സഞ്ചരിച്ച കാറിനെ പിന്തുടര്‍ന്ന് വന്ന മറ്റൊരു വാഹനം കുറുകെയിട്ട് നിര്‍ത്താന്‍ ശ്രമിച്ചുവെങ്കിലും നടന്നില്ല. നേത്രാവതി പാലത്തിന് അടുത്തെത്തിയപ്പോഴാണ് പിന്നില്‍ നിന്ന് കുതിച്ചു വന്ന ഒരു വാഹനം മുന്നില്‍ വന്ന് നിന്ന് കുറുകെയിട്ട് നിര്‍ത്താന്‍ ആവശ്യപ്പെട്ടത്. പന്തികേട് തോന്നിയ ഗള്‍ഫ് വ്യവസായി വാഹനം നിര്‍ത്താന്‍ തയ്യാറായില്ല. വീണ്ടും മുന്നില്‍ വന്ന് നിന്ന വാഹനത്തില്‍ നിന്ന് ഡ്രൈവര്‍ കൈ പുറത്തിട്ട് നിര്‍ത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഗള്‍ഫ് വ്യവസായി വാഹനം നിര്‍ത്താതെ സാഹസികമായി യാത്ര തുടരുകയായിരുന്നു. അല്‍പം മുന്നിലെത്തിയപ്പോള്‍ പോലിസ് വാഹനം കണ്ട് പരാതി പറയാന്‍ ശ്രമിക്കുന്നതിനിടയില്‍ സംഘം രക്ഷപ്പെടുകയായിരുന്നു.

RELATED STORIES

Share it
Top