മംഗളൂരു നഗര ഹൃദയത്തില്‍ കോടികളുടെ വഖ്ഫ് ഭൂമി കൈയേറി ബിജെപി നേതാവിന്റെ ബഹുനില കെട്ടിടം

മംഗളൂരു: മംഗളൂരു നഗര ഹൃദയത്തില്‍ കോടികളുടെ വഖ്ഫ് ഭൂമി കൈയേറി ബിജെപി നേതാവിന്റെ ബഹുനില കെട്ടിടം ഉയരുന്നു.രാജ്യവ്യാപകമായി അനധികൃത വഖ്ഫ് ഭൂമി കൈയേറ്റം സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവരുന്ന സാഹചര്യത്തിലാണ് മംഗളൂരുവിലെയും സംഭവം.പ്രാദേശിക ഭരണകൂടത്തിന്റെ പിന്തുണയോടെയാണ് കോസ്്റ്റല്‍ കര്‍ണാടകയിലെ ഭൂമിയില്‍ കെട്ടിട നിര്‍മാണം നടക്കുന്നതെന്നാണ് വിവരം. ചരിത്ര പ്രസിദ്ധമായ കട്ച്ചി മെമ്മോന്‍ മസ്ജിദിനു സമീപത്താണ് കെട്ടിടം ഉയരുന്നത്. ഏകദേശം മൂന്നുവര്‍ഷം മുന്‍പ് നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിച്ച കെട്ടിടം ആറു നിലകളുള്ള വ്യാവസായിക സമുച്ചയമായി മാറി കഴിഞ്ഞു.നിര്‍മാണ പ്രവര്‍ത്തനങ്ങല്‍ അവാസന ഘട്ടത്തിലാണ്. മംഗളൂരു നഗര വികസന അതോറിറ്റിയിലെയും സിറ്റി കോര്‍പറേഷനിലെയും ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചാണ് ദക്ഷിണ കര്‍ണാടക ബിജെപി ജില്ലാ യുനിറ്റ് വൈസ് പ്രസിഡന്റ് രവിശങ്കര്‍ മിചാറിന്റെ കുടുംബം നിര്‍മാണ അനുമതിയും ലൈസന്‍സുമെല്ലാം സ്വന്തമാക്കിയത്.
മസ്ജിദ് ഉദ്യോഗസ്ഥരുടെ വ്യാജ അനുമതി കത്ത് വഴിയാണ് നിര്‍മാണത്തിനുള്ള ലൈസന്‍സ് നേടിയെടുത്തത്.
ഗോലികട്ടയിലെ രണ്ടര ഏക്കര്‍ സ്ഥലം ഗസറ്റ് വിഞ്ജാപന പ്രകാരം 1968 മുതല്‍ വഖ്ഫ് ഭൂമിയാണ്. എന്നാല്‍ കുറച്ച് വര്‍ഷമായി ഇതിലെ 69 സെന്റ് സ്ഥലത്ത് രവിശങ്കര്‍ മിചാറിന്റെ കുടുംബം കൈവശം വയ്ക്കുകയും ടെന്റുകള്‍ സ്ഥാപിക്കുകയും ചെയ്യുകയായിരുന്നു. പിന്നീട് പ്രദേശത്തെ ചെറിയ കെട്ടിടങ്ങള്‍ പൊളിച്ച് നീക്കിയാണ് ബഹുനില കെട്ടിടത്തിന്റെ നിര്‍മാണം ആരംഭിച്ചത്. സംഭവം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് വഖ്ഫ് ബോര്‍ഡ് നല്‍കിയ പരാതിയില്‍ കോര്‍പറേഷന്‍ ബിജെപി നേതാവിന് നോട്ടീസ് അയച്ചിട്ടുണ്ട്. നിയമ നടപടികളുമായി മുന്നോട്ട് പോവുമെന്നും വഖ്ഫ് ബോര്‍ഡ് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ ഇത് തങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥലമാണെന്ന വാദത്തിലാണ് ബിജെപി നേതാവും കുടുംബവും.

RELATED STORIES

Share it
Top