മംഗലം പുഴയില്‍ നിന്ന് മോട്ടോര്‍ ഉപയോഗിച്ച് ജലമൂറ്റല്‍ തുടരുന്നു

ആലത്തൂര്‍: പുഴ, തോട് തുടങ്ങിയ പൊതുസ്രോതസ്സുകളില്‍ നിന്ന് കുടിവെള്ളത്തിനല്ലാതെ വെള്ളം പമ്പു ചെയ്‌തെടുക്കരുതെന്ന നിര്‍ദേശം നടപ്പാവുന്നില്ല. കുടിവെള്ള ആവശ്യത്തിനല്ലാതെ ജലമൂറ്റുന്ന മോട്ടോറുകളുടെ വൈദ്യുതി വിച്ഛേദിക്കുന്നതിന് കെഎസ്ഇബിക്ക് താലൂക്ക് വികസന സമിതി യോഗം നിര്‍ദേശം നല്‍കിയിട്ടും ജലമൂറ്റല്‍ തുടരുന്നു.
ആറു പഞ്ചായത്ത് പരിധിയിലെ പതിനായിരക്കണക്കിന് ജനങ്ങളുടെ ദാഹമകറ്റുന്ന മംഗലം പുഴയില്‍ നിന്നാണ് മോട്ടോര്‍ ഉപയോഗിച്ച് ജലമൂറ്റല്‍ തുടരുന്നത്. ഇപ്പോള്‍ പുഴ ജലസമൃദ്ധമാണ്. തോട്ടങ്ങളിലേക്ക് ജലമൂറ്റല്‍ തുടങ്ങിയതോടെ ജലനിരപ്പ് ദിനംപ്രതി കുറഞ്ഞു കൊണ്ടിരിക്കുകയാണ്. ആഴ്ചകള്‍ക്ക് മുമ്പ് തൊഴിലുറപ്പ് തൊഴിലാളികളുടെ ശ്രമഫലമായി പ്രകൃതി സൗഹൃദ ബ്രഷ് വുഡ് ചെക് ഡാമുകളും പുഴയില്‍ നിര്‍മിച്ചിരുന്നു. സ്ഥിരം തടയണകള്‍ക്കു പുറമെയാണ് ഇത്തരം താല്‍കലിക തടയണകള്‍.
പഞ്ചായത്തോ മറ്റ് അധികൃതരോ ശ്രദ്ധിച്ചില്ലെങ്കില്‍ ജലചൂഷണം വര്‍ധിക്കും. മംഗലം പുഴ സാധാരണയായി ഫെബ്രുവരി അവസാനത്തോടെ വറ്റിത്തുടങ്ങും. പുഴയും ജലവും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുഴയില്‍ താത്ക്കാലിക തടയണകള്‍ നിര്‍മിച്ചത്.വെള്ളമെല്ലാം ഒഴുകി നഷ്ടപ്പെടുന്നതിനു മുമ്പ് തടയണ നിര്‍മാണം പൂര്‍ത്തിയായി.എന്നാല്‍ തോട്ടമുടമകളുടെ ജലചൂഷണം തടയാന്‍ കഴിഞ്ഞിട്ടില്ല.
തെങ്ങ്, കവുങ്ങ്, വാഴ  തോട്ടങ്ങളുടെ ഉടമകളാണ് രണ്ടു മുതല്‍ അഞ്ചു വരെ കുതിരശക്തിയുള്ള മോട്ടോറുകളുപയോഗിച്ച് വെള്ളമൂറ്റുന്നത്. കുടിവെള്ള ആവശ്യത്തിനല്ലാതെ വെള്ളമൂറ്റുന്നത് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നാണാവശ്യം.

RELATED STORIES

Share it
Top