മംഗലം ഡാമിന്റെ സംഭരണശേഷി 25 ശതമാനം കുറഞ്ഞെന്ന്

മംഗലം ഡാം: വൃഷ്ടിപ്രദേശങ്ങളില്‍ നിരവധി സ്ഥലങ്ങളിലുണ്ടായ ഉരുള്‍പൊട്ടലും അതേ തുടര്‍ന്ന് ഡാമിലേക്ക് ഒഴുകിയെത്തിയ പാറകളും മണ്ണും മരങ്ങളുമായി മംഗലംഡാമിന്റെ ജലസംഭരണശേഷി 25 ശതമാനം കുറഞ്ഞിട്ടുണ്ടാകുമെന്ന് വിലയിരുത്തല്‍. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍പെടുന്ന മലയോരമേഖലയായ കടപ്പാറ, ചെമ്പന്‍കുന്ന്, പോത്തംതോട്, ഓടംന്തോട്, ചൂരുപ്പാറ, മണ്ണെണ്ണക്കയം, വട്ടപ്പാറ, കവിളുപ്പാറ, പടങ്ങിട്ടതോട്, ചടച്ചിക്കുന്ന്, ശിവജിക്കുന്ന്, കുഞ്ചിയാര്‍പതി തുടങ്ങിയ സ്ഥലങ്ങളിലായി ചെറുതും വലുതുമായി 38 സ്ഥലത്ത് ഉരുള്‍പൊട്ടലുണ്ടായെന്നാണ് കണക്ക്. ഉള്‍ക്കാടുകളിലുണ്ടായ ഉരുള്‍പൊട്ടല്‍ ഇതിനു പുറമേയാണ്. ഡാമിന്റെ വൃഷ്ടിപ്രദേശത്തിനുസമീപം വിആര്‍ടി മേഖലയിലുണ്ടായ ഉരുള്‍പൊട്ടല്‍ വേറെയുണ്ട്. എന്നാല്‍ വിആര്‍ടിയില്‍നിന്നുള്ള വെള്ളം ഡാമിലെത്താതെ കരിങ്കയത്തെ പൊട്ടിയ ഡാം വഴിയാണ് മംഗലംപുഴയിലെത്തുന്നത്. 1956-ല്‍ മംഗലംഡാം നിര്‍മിച്ചതിനുശേഷം ഇതു രണ്ടാംതവണയാണ് വൃഷ്ടിപ്രദേശത്ത് ഇത്രയേറെ ഉരുള്‍പൊട്ടല്‍ ഉണ്ടാകുന്നത്. പത്തുവര്‍ഷംമുമ്പ് 2007-ല്‍ ഇത്തരത്തില്‍ അതിവര്‍ഷമുണ്ടായപ്പോള്‍ 30 സ്ഥലത്ത് ഉരുള്‍പൊട്ടി വന്‍തോതില്‍ പാറയും മണ്ണും മരങ്ങളും റിസര്‍വോയറിലെത്തിയിരുന്നു. ചൂരുപ്പാറ കുറ്റാലത്തുണ്ടായ ഉരുള്‍പൊട്ടലായിരുന്നു അന്ന് ഏറ്റവും ഭയാനകമായത്. മലയില്‍നിന്നും ഉരുള്‍പൊട്ടി രണ്ടുകിലോമീറ്ററോളം വന്‍മരങ്ങളെല്ലാം കടപുഴകി ഡാമിലെത്തി. തേക്ക് ഉള്‍പ്പെടെയുള്ള അഞ്ഞൂറിലേറെ വലിയ മരത്തടികള്‍ ഇപ്പോഴും ഡാമിന്റെ ചൂരുപ്പാറ ഭാഗത്തെ മണ്ണിന് അടിയിലുണ്ട്. ഈ തടികള്‍ നീക്കംചെയ്യാന്‍ തീരുമാനിച്ചിരുന്നെങ്കിലും പിന്നീടിത് ഉപേക്ഷിക്കുകയായിരുന്നു. സമുദ്രനിരപ്പില്‍നിന്നും 60 മീറ്റര്‍ ഉയരത്തിലാണ് ഡാമുള്ളത്. ഇതിനാല്‍ മണ്ണുനിറഞ്ഞാല്‍ സംഭരണശേഷിയില്‍ വലിയ കുറവുണ്ടാകും. സംസ്ഥാനത്തെ ഡാമുകളില്‍നിന്നും മണ്ണും മണലും നീക്കം ചെയ്യുന്ന പദ്ധതി ആദ്യം നടപ്പിലാക്കുന്നത് ജില്ലയിലെ മംഗലം, ചുള്ളിയാര്‍ഡാമുകളില്‍ നിന്നാണെന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ വകുപ്പുമന്ത്രിമാരുടെ പ്രഖ്യാപനങ്ങളുണ്ടായിരുന്നു. ഇതിനായി ഓഗസ്റ്റില്‍ ടെണ്ടര്‍ വിളിക്കുമെന്ന് ജൂലൈയില്‍ കുടിവെള്ളപദ്ധതിയുടെ നിര്‍മാണോദ്ഘാടനത്തിനായി ഡാമിലെത്തിയ ജലവിഭവമന്ത്രി മാത്യു ടി തോമസ് പറയുകയുണ്ടായി. ടെണ്ടര്‍ നടപടികള്‍ക്കുമുമ്പ് ഡാമില്‍ അന്തിമ മണ്ണുപരിശോധനയും ഫെബ്രുവരിയില്‍ നടന്നിരുന്നു. തിരുവനന്തപുരത്തുനിന്നുള്ള നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് ആന്‍ഡ് സ്റ്റഡീസ് എന്ന കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിയാണ് റിസര്‍വോയറിലെ 1200 സ്‌പോട്ടുകളില്‍നിന്നും മണ്ണിന്റെ സാമ്പിളെടുത്ത് പരിശോധിച്ചത്. മൂന്നുമീറ്റര്‍ ആഴ്ത്തില്‍നിന്നുള്ള മണ്ണും പരിശോധന വിധേയമാക്കിയിരുന്നു. എന്നാല്‍ മഹാപ്രളയത്തോടെ കണക്കുകൂട്ടലുകളെല്ലാം അപ്പാടെ തകിടം മറിച്ച് ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളായ മലകളെല്ലാം ഉരുള്‍പൊട്ടി ദുര്‍ബലമായി. 2007-നേക്കാള്‍ വലിയതോതില്‍ ഇപ്പോള്‍ ഡാമിലേക്ക് മണ്ണും കല്ലും ഒഴുകിയെത്തിയിട്ടുണ്ടാകുമെന്നാണ് കണക്കുകൂട്ടുന്നത്. ഇതിനാല്‍ ജലസംഭരണശേഷി കുറഞ്ഞ് ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ ഇപ്പോഴും തുറന്നു പുഴയിലേക്കു വെള്ളം വിടുകയാണ്. ഡാമിന്റെ ചരിത്രത്തില്‍തന്നെ ആദ്യമായി ഈവര്‍ഷം ജൂണ്‍ 14നു ഡാം നിറഞ്ഞു ഷട്ടര്‍ തുറന്നിരുന്നു.

RELATED STORIES

Share it
Top