മംഗലം ഡാം ടൂറിസം 4.76കോടി ചെലവില്‍ നവീകരിക്കുന്നു

വടക്കഞ്ചേരി: മംഗലംഡാം ടൂറിസത്തിന്റെ നവീകരണോദ്ഘാടനം ഈ മാസം 31ന്. മംഗലം ഡാമില്‍ ആരംഭിക്കുന്ന ടൂറിസം പ്രവൃത്തികളുടെ നിര്‍മാണോദ്ഘാടനം 31ന് മന്ത്രി കടകംപിള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും. രാവിലെ 10ന് നടക്കുന്ന ചടങ്ങില്‍ എംപി, എംഎല്‍ എ തുടങ്ങിയ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും. 4.76 കോടി രൂപ ചെലവിലാണ് മംഗലംഡാമില്‍ ടൂറിസം പദ്ധതി ആരംഭിക്കുന്നത്.
പ്രകൃതി സൗഹാര്‍ദ്ദമായ രീതിയില്‍ അണക്കെട്ടും പരിസരവും നവീകരിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കുട്ടികളുടെ പാര്‍ക്ക് മാറ്റി സ്ഥാപിക്കുക, ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം, മരങ്ങള്‍ തമ്മില്‍ ബന്ധിപ്പിച്ച് കയര്‍ കൊണ്ട് നിര്‍മിക്കുന്ന നടപ്പാത, പൂന്തോട്ടം, താമരക്കുളം എന്നിവയെല്ലാമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ നിലവിലുള്ള ടൂറിസം പ്രവൃത്തികള്‍ നവീകരിക്കും ചെയ്യും. വാപ്പ്‌കോസ് കമ്പനിയാണ് ടൂറിസം പ്രവൃത്തികള്‍ കരാറെടുത്തിരിക്കുന്നത്.
ടൂറിസം പദ്ധതിയുടെ നിര്‍മാണോദ്ഘാടനവുമായി ബന്ധപ്പെട്ട് സംഘാടക സമിതി രൂപീകരിച്ചു. യോഗത്തില്‍ കെ ഡി പ്രസേനന്‍ എംഎല്‍എ അധ്യക്ഷനായി. വണ്ടാഴി പഞ്ചായത്ത് പ്രസിഡന്റ് സുമാവലി മോഹന്‍ദാസ്, ജില്ലാ പഞ്ചായത്തംഗം ഗീത, കിഴക്കഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എം കലാധരന്‍, ജില്ലാ ടൂറിസം പ്രമോഷന്‍ സെക്രട്ടറി അജേഷ്, സിപിഎം ഏരിയാസെക്രട്ടറി കെ ബാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

RELATED STORIES

Share it
Top