ഭൂവുടമസ്ഥത: സംയുക്ത പരിശോധനയിലെ അപാകതകള്‍ പരിഹരിക്കാന്‍ ശുപാര്‍ശ

പാലക്കാട്: ഭൂഉടമസ്ഥത സംബന്ധിച്ച് റവന്യൂ-വനം വകുപ്പുകള്‍ ചേര്‍ന്ന് നടത്തുന്ന സംയുക്ത പരിശോധന നടപടികളിലെ അപാകതകള്‍ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്ന് ഹരജികള്‍ സംബന്ധിച്ച നിയമസഭാ സമിതി അറിയിച്ചു. ജില്ലാ കലക്ടറേറ്റ് സമ്മേളന ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് സമിതി ചെയര്‍മാന്‍ രാജു എബ്രഹാം എംഎല്‍എ ഇക്കാര്യം പറഞ്ഞത്.
അഗളി, കുറുക്കന്‍കുണ്ട്  കോളനിയില്‍ വൈദ്യുതി നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള പരാതി പരിശോധിക്കുകയായിരുന്നു സമിതി. 70 ഓളം വീടുകളുള്ള കോളനിയില്‍ നിലവില്‍  സോളാര്‍ വൈദ്യുതിയാണ് ഉപയോഗിക്കുന്നത്. കോളനി വനഭൂമിയിലായതിനാല്‍ വൈദ്യുതി നല്‍കുന്നതിന്  വനംവകുപ്പിന് സാങ്കേതിക തടസ്സങ്ങളുണ്ട്. വൈദ്യുതി ഇല്ലാത്തതിനാല്‍ മഴക്കാലത്ത് കോളനി ഇരുട്ടിലാകുമെന്നും സോളാര്‍ വൈദ്യുതി ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് മതിയാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോളനിവാസികള്‍ സമിതിക്ക് പരാതി നല്‍കിയത്. കോളനി നിവാസികളുടെ പട്ടയത്തിന്റെ നിജസ്ഥിതി അറിയാന്‍ വനംവകുപ്പ് ഒറ്റപ്പാലം ലാന്‍ഡ് ട്രൈബ്യൂണലിനെ ബന്ധപ്പെട്ടിട്ടുണ്ട്. ഭൂമി കൈയേറ്റം, റീസര്‍വെ പരാതികള്‍, പിഎസ്‌സി റാങ്ക് ലിസ്റ്റ് സംബന്ധിച്ച പരാതികള്‍, വന്യമൃഗ ആക്രമണം സംബന്ധിച്ച പരാതികള്‍ അടിയന്തരമായി പരിഹരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സമിതി നിര്‍ദേശം നല്‍കി.
കാലിക്കറ്റ്  സര്‍വകലാശാലയുടെ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട പരാതിയില്‍ അടിയന്തര സിന്‍ഡിക്കേറ്റ് ചേര്‍ന്ന് പരീക്ഷാ കലണ്ടര്‍ പ്രകാരം പരീക്ഷ നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് സമിതി സര്‍വകലാശാലാ അധികൃതരോട് ആവശ്യപ്പെട്ടു. മുമ്പ് ലഭിച്ച 16 പരാതികളില്‍ അഞ്ച് പരാതികള്‍ പരിഹരിച്ചു. 15 പുതിയ പരാതികള്‍ ലഭിച്ചു. എംഎല്‍എമാരായ ഒ രാജഗോപാല്‍, ആര്‍ രാമചന്ദ്രന്‍, ജില്ലാ കലക്ടര്‍ ഡോ. പി സുരേഷ് ബാബു, സബ് കലക്ടര്‍ ജെറോമിക് ജോര്‍ജ്, എഡിഎം ടി വിജയന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top