ഭൂവസ്ത്രം വിരിച്ചതിലെ അപാകത; അന്വേഷണം വേണമെന്ന് യുഡിഎഫ്

മുക്കം: കൊടിയത്തൂര്‍ പഞ്ചായത്തിലെ കല്ലന്‍തോട് വികസന പദ്ധതിയുടെ ഭാഗമായി ഗ്രാമപ്പഞ്ചായത്ത് ഭൂവസ്ത്രം വിരിച്ചത് അലക്ഷ്യമായും അശാസ്ത്രീയവുമാണെന്ന പരാതിയുമായി യുഡിഎഫ് രംഗത്ത്.
തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന കല്ലന്‍ തോട് ഭൂവസ്ത്ര അണിയിക്കല്‍ പദ്ധതിയില്‍ അഴിമതിയുണ്ട്. ഭൂവസ്ത്രമണിയിക്കുന്നതിനായ് തോടിന്റെ ഇരുകരയും നിരപ്പാക്കി തോടിന്റെ താഴെയും മുകളിലുമായി ചാലുകള്‍ കീറി ഭൂവസ്ത്രങ്ങള്‍ വലിച്ച് മുറുക്കി മുളകുറ്റിയില്‍ ഉറപ്പിക്കണമെന്നതാണ് വ്യവസ്ഥ. ഇതിന് ശേഷം ഭൂവസ്ത്രത്തിന് മേല്‍ നല്ല മണ്ണ് പാകി നേര്‍ത്ത വേരുകള്‍ ഇറങ്ങുന്ന ചെടികള്‍ നട്ടാല്‍ സിമന്റിട്ടതിനേക്കാള്‍ ബലവും ഭംഗിയുമുണ്ടാകും. ഈ രീതിയിലാണ് മിക്ക ഗ്രാമ പ്പഞ്ചായത്തുകളും പദ്ധതി നടപ്പിലാക്കുന്നത്.
എന്നാല്‍ ഇവിടെ ഭൂവസ്ത്രങ്ങള്‍ മേല്‍ഭാഗം വെട്ടുപാറുകള്‍ക്ക് മുകളിലും താഴ്ഭാഗം തോട്ടിലെ വെള്ളത്തിലേക്ക് അലക്ഷ്യമായി വലിച്ചിട്ട നിലയിലുമാണ്. ഏത് സമയവും ഈ വിരിപ്പുകള്‍ നശിച്ച് പോവുകയോ നഷ്ടപ്പെട്ട് പോവുകയോ ചെയ്യുന്ന അവസ്ഥയിലാണ്.
ഭൂവസ്ത്രങ്ങള്‍ റോഡരികില്‍ കിടന്ന് മഴയും, വെയിലുമേറ്റ് നശിച്ച് പോവുന്നത് വാര്‍ത്തയായിരുന്നു. ഇതിന് ശേഷമാണ് കല്ലന്‍ തോടരികില്‍ യാതൊരു ആസുത്രണമോ സംരക്ഷണമോ ഇല്ലാതെ തൊഴിലുറപ്പ് പദ്ധതിയുടെ പേരില്‍ അലക്ഷ്യമായി വിരിച്ചിട്ടത്. ഈ പദ്ധതിയെക്കുറിച്ച് വിജിലെന്‍സ്, ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ പ്രത്യേക സമിതി, എന്നിവയെകൊണ്ട് അന്വേഷണം നടത്തണമെന്ന് യുഡിഎഫ് ചെയര്‍മാന്‍ പുതുക്കുടി മജീദ്,കണ്‍വീനര്‍ കെടി മന്‍സൂര്‍, ഖജാഞ്ചി മാത്യു തറപ്പ് തൊട്ടിയില്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top