ഭൂരഹിതരില്ലാത്ത കേരളം : ജില്ലയില്‍ 233 പേര്‍ക്ക് ഭൂമി നല്‍കികോട്ടയം: ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 233 പേര്‍ക്ക് ഭൂമി നല്‍കിയതായി കലക്ടര്‍ സി എ ലത അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരമേറ്റ ശേഷമുള്ള കണക്കാണിത്. കൂടാതെ 31 പട്ടയങ്ങളും 42 ക്രയ സര്‍ട്ടിഫിക്കറ്റുകളും മുന്നു കുടികിടപ്പ് സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തിട്ടുണ്ട്. ഓര്‍ഡര്‍ ഓഫ് അസൈന്‍മെന്റ് ഇനത്തില്‍ 30 പട്ടയങ്ങളും ഏഴ് എല്‍ടി പട്ടയങ്ങളും മറ്റിനങ്ങളില്‍പ്പെട്ട നാലു പട്ടയങ്ങളും വിതരണത്തിനു തയ്യാറായിട്ടുണ്ട്. അനധികൃത കൈയേറ്റം ഒഴിപ്പിക്കാനും സര്‍ക്കാര്‍ ഭൂമികള്‍ തിട്ടപ്പെടുത്താനുള്ള നടപടികള്‍ ത്വരിതഗതിയില്‍ നടക്കുന്നതായി കലക്ടര്‍ അറിയിച്ചു. മിച്ച ഭൂമിയിനത്തില്‍ ഏറ്റെടുക്കാന്‍ ബാക്കിയുള്ള മൂന്നിലവ് വില്ലേജിലെ 82 ഏക്കറോളം ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സര്‍വേ നടപടികള്‍ പുരോഗമിക്കുന്നു. പൂഞ്ഞാര്‍ നടുഭാഗം വില്ലേജിലെ  മിച്ചഭൂമി കൈയേറ്റക്കാര്‍ക്ക് പട്ടയം അനുവദിക്കാനുള്ള നടപടികളും സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ചിട്ടുണ്ട്. പുനലൂര്‍-തൊടുപുഴ ഹൈവേ വികസനത്തിനും പാലാ ബൈപാസ് വികസനത്തിനുമുള്ള മുഴുവന്‍ സ്ഥലങ്ങളും ഏറ്റെടുത്തിട്ടുണ്ട്. മുളന്തുരുത്തി-ചെങ്ങന്നൂര്‍ റെയില്‍വേ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ആവശ്യമുള്ള ഭൂമി ഏറ്റെടുക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. കൂടംകുളം-ഇടമണ്‍ കൊച്ചി പവര്‍ സപ്ലൈ ലൈന്‍ കടന്നുപോവുന്ന ജില്ലയിലെ 51 കിലോമീറ്റര്‍ പ്രദേശത്ത് നിര്‍മിക്കേണ്ട 137 ടവറുകളില്‍ 100 എണ്ണത്തിന്റെ ഫീല്‍ഡ് ജോലി പൂര്‍ത്തീകരിച്ച് ബാക്കി പുരോഗമിക്കുന്നു. ഏഴു കേസുകളില്‍ നഷ്ട പരിഹാരവും നല്‍കിയിട്ടുണ്ട്. വൈക്കം താലൂക്ക് മുളക്കുളം വില്ലേജിലെ റീസര്‍വേ പൂര്‍ത്തീകരിച്ച് വിജ്ഞാപനം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. റീസര്‍വേ റിക്കോര്‍ഡുകള്‍ ഉടന്‍ പ്രാബല്യത്തില്‍ വരും. പോക്കു വരവ്, റവന്യൂ റിക്കവറി മുഖ്യമന്ത്രിയുടെ ദുരിതാശ്വായസ നിധിയില്‍ നിന്നും ധനസഹായം അനുവദിക്കുന്നതിനുളള അപേക്ഷ സ്വീകരിക്കല്‍ എന്നിവ പൂര്‍ണമായും ഓണ്‍ലൈന്‍ ആക്കിയതായും ദുരിതാശ്വാസ നിധിയില്‍ നിന്നും 7,02,09,730 രൂപ അനുവദിച്ചതായും കലക്ടര്‍ അറിയിച്ചു.

RELATED STORIES

Share it
Top