ഭൂമി വില്‍പന: മാര്‍പാപ്പയ്ക്ക് പരാതി നല്‍കി

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി വില്‍പന വിവാദവുമായി ബന്ധപ്പെട്ട് ഒരു വിഭാഗം വിശ്വാസികള്‍ മാര്‍പാപ്പയ്ക്ക് പരാതി നല്‍കി. സീറോ മലബാര്‍സഭ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ മാറ്റിനിര്‍ത്തി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് പരാതി. സഭയുടെ നടപടിക്രമങ്ങള്‍ അനുസരിച്ച് മാര്‍പാപ്പയ്ക്കു തൊട്ടുതാഴെ വരുന്നയാളാണ് കര്‍ദിനാള്‍. അതിനാല്‍, കാനോനിക നിയമപ്രകാരം അദ്ദേഹത്തെ ചോദ്യംചെയ്യാന്‍ പുരോഹിതര്‍ക്ക് കഴിയില്ല. ഈ സാഹചര്യത്തിലാണ് മാര്‍പാപ്പയക്ക് ഒരുവിഭാഗം വിശ്വാസികള്‍ കത്തയച്ചത്്. നിലവില്‍ ഭൂമി വില്‍പന വിവാദവുമായി ബന്ധപ്പെട്ട് എറണാകുളം-അങ്കമാലി അതിരൂപത നിയോഗിച്ച കമ്മീഷന്‍ റിപോര്‍ട്ട് സമര്‍പ്പിക്കുന്നത്  കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കാണ്. കര്‍ദിനാളിനോട് വിധേയത്വമുള്ളവരാണ് കമ്മീഷനിലെന്നും അതിനാല്‍ റിപോര്‍ട്ടില്‍ എത്രമാത്രം ജാഗ്രത പുലര്‍ത്തുമെന്നതില്‍ സംശയമുണ്ടെന്നുമാണു പരാതി നല്‍കിയ വിശ്വാസികള്‍ പറയുന്നത്. ഭൂമി വില്‍പനക്കെതിരേ നേരത്തേ അതിരൂപതയിലെ ഒരുവിഭാഗം വൈദികരും രംഗത്തു വന്നിരുന്നു. ഇവരും മാര്‍പാപ്പയ്ക്ക് ഉടന്‍ പരാതി നല്‍കുന്നുണ്ട്. അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ട് കിട്ടിയതിനു ശേഷം പരാതി നല്‍കാനാണ് വൈദികരുടെ തീരുമാനം. ഭൂമി വില്‍പനയില്‍ വീഴ്ച സമ്മതിച്ച് കഴിഞ്ഞദിവസം അതിരൂപത നേതൃത്വം വൈദികര്‍ക്ക് സര്‍ക്കുലര്‍ അയച്ചിരുന്നു. ഭൂമി ഇടപാടുകളിലൂടെ എറണാകുളം -അങ്കമാലി അതിരൂപതയുടെ കടബാധ്യത 84 കോടി രൂപയായെന്നും ഭൂമി വില്‍പനയില്‍ കാനോനിക നിയമങ്ങള്‍ ലംഘിക്കപ്പെട്ടുവെന്നുമായിരുന്നു സഹായ മെത്രാനും അങ്കമാലി മേജര്‍ അതിരൂപത പ്രോട്ടോസിഞ്ചെല്ലൂസ്് മാര്‍ സെബാസ്റ്റിയന്‍ എടയന്ത്രത്ത് വൈദികര്‍ക്ക് അയച്ച സര്‍ക്കുലറില്‍ വ്യക്തമാക്കിയത്. നവംബര്‍ 29ന് ചേര്‍ന്ന വൈദിക പ്രതിനിധി യോഗത്തിന്റെ നിര്‍ദേശപ്രകാരം നിയോഗിച്ച കമ്മിറ്റി ഇടക്കാല റിപോര്‍ട്ട്് ഈ മാസം 21ന് ചേര്‍ന്ന വൈദിക സമ്മേളനത്തില്‍ സമര്‍പ്പിച്ചിരുന്നു. 2018 ജനുവരി 31നകം അന്തിമ റിപോര്‍ട്ട്് നല്‍കണമെന്ന് കമ്മിറ്റിയോട് നിര്‍ദേശിച്ചിട്ടുണ്ട്. ഇടക്കാല റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍  അതിരൂപതയിലെ സ്ഥാപനങ്ങളുടെ സിഞ്ചെല്ലൂസ് ആയ മോണ്‍സിഞ്ഞോര്‍ സെബാസ്റ്റിയന്‍ വടക്കുംപാടന്റെയും അതിരൂപത ഫിനാന്‍സ് ഓഫിസറായ ഫാ. ജോഷി പുതുവയുടെയും ഉത്തരവാദിത്തങ്ങളില്‍  നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു.

RELATED STORIES

Share it
Top