ഭൂമിൈകയേറ്റവും അനധികൃത നിര്‍മാണവും: പരാതി പരിശോധിക്കും

പാലക്കാട് : സ്ഥലം കൈയേറി അനധികൃത നിര്‍മാണപ്രവര്‍ത്തനം നടത്തിയെന്ന ഗ്രാമസഭയുടെ പരാതിയില്‍ വടകരപ്പതിയിലെ അഹല്യ ആശുപത്രിക്കെതിരെ പഞ്ചായത്ത് സെക്രട്ടറിക്ക്  നോട്ടീസ് അയക്കേണ്ടി വന്ന സാഹചര്യവും പരാതിയും പരിശോധിക്കുമെന്ന് സംസ്ഥാന പഞ്ചായത്ത് ഡയറക്ടര്‍ മേരിക്കുട്ടി ഐഎഎസ്.  കയേറ്റം നടത്തിയെന്ന് സംശയിക്കുന്ന ഭൂമിയുടെ മുഴുവന്‍ രേഖകളും ഹാജരാക്കണമെന്ന് ആശുപത്രി നടത്തുന്ന ട്രസ്റ്റിന് വടകരപ്പതി പഞ്ചായത്ത് സെക്രട്ടറി 24ന് നല്‍കിയ നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നു.
വടകരപ്പതി പഞ്ചായത്തിലെ 17ാം വാര്‍ഡിലുള്‍പ്പെട്ട എരുമക്കാരനൂരിലെ 200 വോട്ടര്‍മാര്‍ ആവശ്യപ്പെട്ടതിന്റെ ആടിസ്ഥാനത്തില്‍ 2017 മെയില്‍ പഞ്ചായത്ത് പ്രത്യേക ഗ്രാമസഭ വിളിച്ചുകൂട്ടുകയും ഈ ആശുപത്രിയുടെ കൈയേറ്റത്തിനെതിരെ പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. ജനങ്ങള്‍ തങ്ങളെ ബാധിക്കുന്ന വിഷയത്തില്‍ പ്രത്യേക ഗ്രാമസഭ വിളിപ്പിക്കുകയും പഞ്ചായത്ത് തുടര്‍ നടപടി എടുക്കുകയും ചെയ്യുന്ന ജില്ലയിലെ ആദ്യ സംഭവമാണിത്.
പുറമ്പോക്ക് ഭൂമി കൈവശപ്പെടുത്തുകയും പൊതുവഴികള്‍  അടച്ചുകെട്ടുകയും ചെയ്ത ആശുപത്രി നടത്തിപ്പുകാര്‍ തങ്ങളുടെ കുടിവെള്ള സ്രോതസ്സുകള്‍ ഇല്ലാതാക്കിയെന്നും ഗ്രാമസഭയില്‍ നാട്ടുകാര്‍ പരാതി ഉന്നയിച്ചിരുന്നു.കാലങ്ങളായി സഞ്ചരിച്ചിരുന്ന നാട്ടുവഴികള്‍ അടച്ചുകെട്ടിയതോടെ കാലിവളര്‍ത്തല്‍ മുഖ്യതൊഴിലായ എരുമക്കാരനൂര്‍ നിവാസികള്‍ക്ക് ഈ തൊഴില്‍ ഉപേക്ഷിക്കേണ്ട അവസ്ഥയാണ്.
പുറമ്പോക്ക് ഭൂമിയിലെ ജലസേചന കനാലുകള്‍ ഇല്ലാതാക്കിയതും വഴിതിരിച്ചു വിട്ടതും കൃഷിയെ സാരമായി ബാധിച്ചെന്നും ഗ്രാമസഭ വിലയിരുത്തിയിരുന്നു.  തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറി വില്ലേജ് ഓഫീസറോട് റിപ്പോര്‍ട്ട് തേടി. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് ആശുപത്രി അധികൃതര്‍ക്ക് നോട്ടീസയച്ചത്. വടകരപ്പതി വില്ലേജ് ബ്ലോക്ക് 24ല്‍ റീസര്‍വെ 90ലുള്ള സ്ഥലത്തെ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവക്കണമെന്നാണ് നോട്ടീസിലെ പ്രധാന ആവശ്യം.
ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ആധാരം,  കരം അടച്ച രസീത്, ലൊക്കേഷന്‍  സ്‌കെച്ച്, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പഞ്ചായത്തില്‍ നിന്ന് അനുമതി പത്രം നേടിയിട്ടുണ്ടെങ്കില്‍ അതിന്റെ രേഖ എന്നിവ നോട്ടീസ് കൈപ്പറ്റി 15 ദിവസത്തിനകം ഹാജരാക്കണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്.
ഇതിനുപുറമെ ജനവാസ മേഖലയില്‍ അഹല്യഗ്രൂപ്പ് സ്ഥാപിച്ച കാറ്റാടി യന്ത്രങ്ങളുടെ ശബ്ദം മൂലം കറവപ്പശുക്കളുടെ പാല്‍ കുറയുന്നതും പ്രദേശത്തെ ഭൂമിയില്‍ ജലലഭ്യത കുറഞ്ഞുവരുന്നതും തങ്ങളെ ഏറെ പ്രയാസപ്പെടുത്തുന്നതായി പ്രദേശവാസികള്‍ പറയുന്നു.

RELATED STORIES

Share it
Top