ഭൂമിവിണ്ടുകീറല്‍; കേന്ദ്ര സംഘം ഇന്നെത്തും

വടക്കഞ്ചേരി: ഉപ്പ്മണ്ണിലെ ഭൂമി വിണ്ട് കീറല്‍ പരിശോധിക്കാന്‍ കേന്ദ്ര സംഘം തിങ്കളാഴ്ച എത്തും. കിഴക്കഞ്ചേരി ഉപ്പ്മണ്ണില്‍ കാലവര്‍ഷത്തില്‍ ഭൂമി വിണ്ട് കീറിയതുമായി ബന്ധപ്പെട്ട് പരിശോധിക്കുന്നതിനു വേണ്ടി കേന്ദ്ര ഭൗമപഠന സംഘമാണ് ഇന്നെത്തുന്നത്. കാലവര്‍ഷത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം 16നാണ് ഉപ്പ്മണ്ണിലെ സ്വകാര്യ വ്യക്തിയുടെ ഒന്നര ഏക്കറോളം വരുന്ന റബ്ബര്‍ തോട്ടത്തില്‍ ഭൂമി വിണ്ട് കീറിയതായി ശ്രദ്ധയില്‍പ്പെട്ടത്. ചെങ്കുത്തായ സ്ഥലത്തില്‍ റ ആകൃതിലാണ് ഭൂമി വിണ്ടിരിക്കുന്നത്.
സംഭവത്തെ തുടര്‍ന്ന് റവന്യൂ സംഘം സ്ഥലത്തെത്തി ഇരുപത്തേഴ് കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചിരുന്നു. ദിവസങ്ങളോളം ബന്ധുവീടുകളില്‍ കഴിഞ്ഞ ഇവര്‍ സമീപകാലത്താണ് വീടുകളില്‍ തിരിച്ചെത്തിയത്. മഴ പെയ്യുമ്പോള്‍ ഇതിന്റെ സമീപത്ത് താമസിക്കരുത് എന്ന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.
ഇതുവരെ മഴ ഇല്ലാത്തതിനാല്‍ ജനങ്ങള്‍ക്ക് ആശ്വാസമായിരുന്നു. എന്നാല്‍ വെള്ളിയാഴ്ച വൈകുന്നേരം ഈ മേഖലയില്‍ കനത്ത മഴ പെയ്തത് നാട്ടുകാരെ വീണ്ടും ആശങ്കയിലാക്കി. കേന്ദ്ര സംഘം സന്ദര്‍ശനം നടത്തി റിപോര്‍ട്ട് സമര്‍പ്പിച്ചാല്‍ മാത്രമേ ഇത് സംബന്ധിച്ച് വ്യക്തത വരുകയുള്ളൂ.

RELATED STORIES

Share it
Top