ഭൂമിവാതുക്കല്‍- പാക്കോയി റോഡ് പണി സ്തംഭനാവസ്ഥയില്‍

വാണിമേല്‍: പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത റോഡിന് അറ്റകുറ്റപണിക്ക് പണമനുവദിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും പണി തുടങ്ങാന്‍ കഴിഞ്ഞില്ല. റോഡിനെച്ചൊല്ലി പ്രദേശത്തെ ആളുകള്‍ രണ്ട് ചേരിയായി തിരിഞ്ഞ് തര്‍ക്കം തുടങ്ങിയത് മൂലമാണ് പണി നടത്താന്‍ കഴിയാത്തത്.
മഴ പെയ്തു തുടങ്ങിയതോടെ ഈ കാലവര്‍ഷത്തിന് മുമ്പ് പണി പൂര്‍ത്തിയാക്കാന്‍ കഴിയില്ല എന്ന അവസ്ഥയാണിപ്പോള്‍. രണ്ട് കിലോമീറ്റര്‍ ദൂരത്തിലുള്ള ഭൂമിവാതുക്കല്‍ പാക്കോയി റോഡിന് എംഎല്‍എ ഫണ്ടില്‍ നിന്നും ഇരുപത് ലക്ഷം രൂപയാണ് അനുവദിച്ചത്. ഇതിനായി പൊതുമരാമത്ത് വകുപ്പ് എസ്റ്റിമേറ്റും തയ്യാറാക്കി. എന്നാല്‍ പാക്കോയിയിലേക്കുള്ള റോഡിന് പകരം മാമ്പിലാക്കൂല്‍ പള്ളി റോഡിലേക്കാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയത് എന്നാരോപിച്ച് ഒരു വിഭാഗം നാട്ടുകാര്‍ രംഗത്ത് വന്നതോടെയാണ് റോഡ് പണി വിവാദത്തിലായത്. പിന്നീട് കോണ്‍ട്രാക്റ്റര്‍ പണി തുടങ്ങാന്‍ സ്ഥലത്ത് എത്തിയ സമയത്ത് റോഡിന്റെ ആദ്യ ഭാഗത്ത് നിന്ന് പണി ആരംഭി ക്കണമെന്ന് ആവശ്യപ്പെട്ട് ചിലര്‍ പണി തുടങ്ങുന്നത് തടസ്സപ്പെടുത്തി. കഴിഞ്ഞ മാസം പകുതിയോടെ യായിരുന്നു സംഭവം .ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ മധ്യസ്ഥ ചര്‍ച്ച നടന്നെങ്കിലും പ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞില്ല. ഇതേത്തുടര്‍ന്ന് സ്ഥലം എംഎല്‍എ വാണിമേല്‍ നരിപ്പറ്റ പഞ്ചായത്തുകളിലെ ജനപ്രതിനിധികളുടെ സംയുക്ത യോഗം വിളിച്ചു ചേര്‍ത്ത് പ്രശ്‌ന പരിഹാരത്തിന് ആവശ്യപ്പെട്ടിരുന്നു .
എന്നാല്‍ ഇതുവരെയും ജനപ്രതിനിധികളുടെ യോഗം വിളിച്ചിട്ടില്ല. ആരാണ് യോഗം വിളിച്ചു ചേര്‍ക്കേണ്ടതെന്ന് ധാരണയാവാത്തതാണത്രെ യോഗം നടക്കാത്തതിന് കാരണമെന്ന് വാണിമേല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ സി ജയന്‍ പറഞ്ഞു. എം എല്‍എയോട് യോഗം വിളിച്ചു ചേര്‍ക്കാന്‍ തങ്ങള്‍ ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം പ റഞ്ഞു. അതേ സമയം ഇരു ഗ്രാമ പഞ്ചായത്തുകളും ചേര്‍ന്ന് ജനപ്രതിനിധികളുടെ യോഗം വിളിച്ചു ചേര്‍ത്ത് പരിഹാരം കാണാനാണ് എംഎല്‍എ നിര്‍ദേശിച്ചത് എന്നാണ് എംഎല്‍എയുടെ ഓഫീസ് നല്‍കുന്ന വിശദീകരണം.
ഗ്രാമപ്പഞ്ചായത്തുകള്‍ സംയുക്ക യോഗം വിളിച്ചാല്‍ എംഎല്‍എ പങ്കെടുക്കുമെന്നും അവര്‍ അറിയിച്ചു. ഫലത്തില്‍ മാസങ്ങളായി പൊട്ടിപ്പൊളിഞ്ഞ് ഗതാഗത യോഗ്യമല്ലാതായ ഭൂമിവാതുക്കല്‍ പാക്കോയി റോഡില്‍ ഈ മഴക്കാലത്തും ഗതാഗതം ദുഷ്‌കരമായിരിക്കും എന്നതാണവസ്ഥ .ഇപ്പോള്‍ തന്നെ ഓട്ടോറിക്ഷകള്‍ പാക്കോയി റോഡില്‍ പോകാന്‍ വിമുഖത കാണിക്കുകയാണ്.

RELATED STORIES

Share it
Top