ഭൂമിയുള്ള ഭവനരഹിതര്‍ക്ക് വീട്; സര്‍ക്കാര്‍ മാര്‍ഗരേഖ പുറത്തിറക്കി

മാനന്തവാടി: ലൈഫ്മിഷന്‍ ഭവനപദ്ധതി പ്രകാരം ഭൂമിയുണ്ടായിട്ടും വീടില്ലാത്തവര്‍ക്ക് ഭവനനിര്‍മാണത്തിനുള്ള മാര്‍ഗരേഖ സര്‍ക്കാര്‍ പറപ്പെടുവിച്ചു. അഞ്ചുവര്‍ഷം കൊണ്ട് മുഴുവന്‍ ഭവനരഹിതര്‍ക്കും വീട് നിര്‍മിച്ചുനല്‍കാനുള്ള പദ്ധതിയുടെ ഭാഗമായി 2018-19ല്‍ ത്രിതല പഞ്ചായത്തുകള്‍ നിര്‍മിച്ചു നല്‍കുന്ന വീടുകളെക്കുറിച്ചാണ് അന്തിമ മാര്‍ഗരേഖ പുറപ്പെടുവിച്ചത്. 2017-18ല്‍ നിര്‍മാണം പാതിവഴിയില്‍ ഉപേക്ഷിച്ച വീടുകളുടെ പൂര്‍ത്തീകരണത്തിനായിരുന്നു സര്‍ക്കാര്‍ പരിഗണന നല്‍കിയത്.
ഈ വര്‍ഷം ഭൂമിയുണ്ടായിട്ടും വീടില്ലാത്ത കുടുംബങ്ങളെയാണ് പരിഗണിക്കുന്നത്. മുഴുവന്‍ യോഗ്യതകളുണ്ടായിട്ടും റേഷന്‍ കാര്‍ഡില്ലാത്തിന്റെ പേരില്‍ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടാത്ത അഗതികളെ പരിഗണിക്കാന്‍ സര്‍ക്കാര്‍ പുറത്തിയ മാര്‍ഗരേഖയില്‍ ജില്ലാ കലക്ടര്‍ക്ക് അധികാരം നല്‍കിയിട്ടുണ്ട്. പട്ടികയിലെ അനര്‍ഹരെ ഒഴിവാക്കാനും പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശമുണ്ട്. കുടുംബത്തിലെ ഗൃഹനാഥയുടെ പേരിലാണ് കരാര്‍ വച്ച ശേഷം വീട് നിര്‍മിക്കാന്‍ ധനസഹായം നല്‍കുക.
പട്ടികവര്‍ഗ സങ്കേതങ്ങളിലുള്ള ആദിവാസി വീടുകള്‍ക്ക് ആറുലക്ഷം രൂപയും മറ്റുള്ള പട്ടികവര്‍ഗ വിഭാഗങ്ങളിലെ വീടുകള്‍ക്കും ജനറല്‍ വിഭാഗത്തിലുള്ളവര്‍ക്കും നാലുലക്ഷം രൂപയുമാണ് ധനസഹായം ലഭിക്കുക.
ജനറല്‍ വിഭാഗത്തിന് നാലും പട്ടികവര്‍ഗ വിഭാഗത്തിന് അഞ്ചും ഗഡുക്കളായാണ് പ്രവൃത്തിയുടെ പുരോഗതിക്കനുസരിച്ച് ധനസഹായം ലഭിക്കുക. ഒന്നാം ഗഡു ലഭിച്ചാല്‍ ആറു മാസത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കണം. 400 ചതുരശ്ര അടിയില്‍ ഒതുങ്ങി നിര്‍മിക്കേണ്ട വീടിന് കോണ്‍ക്രീറ്റ് ചെയ്‌തോ ഓട് പാകിയോ മേല്‍ക്കൂരയൊരുക്കാം. ഗുണഭോക്താക്കള്‍ നേരിട്ട് നിര്‍വഹിക്കാത്ത വീടുകളുടെ നിര്‍മാണച്ചുമതല ഗുണഭോക്താക്കളുടെ സമ്മതത്തോടെ ഏജന്‍സികളെ ഏല്‍പ്പിക്കാം. കുടുംബശ്രീ മുഖേന പരിശീലനം നേടിയ കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പുകള്‍, ട്രൈബല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റികള്‍, സിവില്‍ എന്‍ജിനീയറിങ് മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയെ അംഗീകൃത ഏജന്‍സികളായി പരിഗണിച്ച് നിര്‍മാണച്ചുമതല ഏല്‍പ്പിക്കാം.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിയോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ആയിരിക്കും നിര്‍വഹണ ഉദ്യോഗസ്ഥന്‍. ജില്ലയില്‍ ഈ വര്‍ഷം ത്രിതല പഞ്ചായത്തുകളിലൂടെ 7,158 വീടുകള്‍ നിര്‍മിക്കാനാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. സര്‍ക്കാര്‍ സഹായത്തോടെ ഇതിനുള്ള ഫണ്ട് അതാത് പഞ്ചായത്തുകള്‍ നീക്കിവയ്ക്കുന്നുണ്ട്.

RELATED STORIES

Share it
Top