ഭൂമിയുടെ വ്യാജരേഖയുണ്ടാക്കി പണം തട്ടാന്‍ ശ്രമം; പിന്നില്‍ ബാങ്ക്-റവന്യൂ ഉദ്യോഗസ്ഥ മാഫിയ

തൊടുപുഴ: അറക്കുളത്ത് ഭൂമിയുടെ വ്യാജ കൈവശാവകാശ സര്‍ട്ടിഫിക്കറ്റുണ്ടാക്കി ലക്ഷങ്ങള്‍ വായ്പയെടുക്കാന്‍ ശ്രമിച്ച സംഭവം വിരല്‍ ചൂണ്ടുന്നത് ബാങ്ക്-റവന്യൂ ഉദ്യോഗസ്ഥ മാഫിയാ കൂട്ടുകെട്ടിലേക്ക്. ഉടുമ്പഞ്ചോല താലൂക്കിലെ വിവിധ ഇടങ്ങളില്‍ നിന്നടക്കം ഇത്തരത്തിലുള്ള സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
അറക്കുളത്ത് കോടികള്‍ വിലമതിക്കുന്ന കുളത്തിനാല്‍ കെ ജെ ജോര്‍ജിന്റെ മൂന്നേക്കര്‍ ഭൂമിയുടെ വ്യാജരേഖയുണ്ടാക്കി ബാങ്കില്‍ പണയം വച്ച് 80 ലക്ഷം രൂപ തട്ടിയെടുക്കാനാണ് ശ്രമം നടന്നത്. ബാങ്ക് മാനേജര്‍ അടക്കമുള്ളവര്‍ പ്രതികളായ കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. എന്നാല്‍, കേസ് ഒതുക്കിത്തീര്‍ക്കാനും പരാതി പിന്‍വലിപ്പിക്കാനും സമ്മര്‍ദം ചെലുത്തുന്നതായി ആരോപണമുണ്ട്.
റവന്യൂ സര്‍ട്ടിഫിക്കറ്റുകളെല്ലാം ഓണ്‍ലൈന്‍ വഴിയാക്കിയതോടെയാണ് ഇത്തരം വ്യാജ ഭൂമിതട്ടിപ്പുകളുടെ സാധ്യത തെളിഞ്ഞത്. മറ്റൊരാളുടെ പേരിലുള്ള കരം അടച്ച രസീത്, തിരിച്ചറിയല്‍ കാര്‍ഡ് തുടങ്ങിയവ വ്യാജമായി ഉണ്ടാക്കിയാല്‍ ആര്‍ക്കു വേണമെങ്കിലും റവന്യൂ വകുപ്പില്‍ നിന്നു കൃത്രിമരേഖകള്‍ ഉണ്ടാക്കാമെന്നതാണ് സ്ഥിതി. സാധാരണഗതിയില്‍ കരം അടയ്ക്കുന്നതിനു മുമ്പ് കരം അടച്ച രസീത് മതിയായിരുന്നു. ഓണ്‍ലൈനാക്കിയതോടെ ഭൂമിയുടെ വിശദവിവരങ്ങള്‍ കരഗതമാക്കുന്ന ആര്‍ക്കും ഭൂരേഖകള്‍ ഉണ്ടാക്കാവുന്ന നിലയാണ്.
അറക്കുളം സംഭവത്തില്‍ ഒളമറ്റം കുമ്പളാംപറമ്പില്‍ ജോബ് എന്നറിയപ്പെടുന്ന ജോബി പി ജോണ്‍, കുളമാവ് കദളിക്കാട്ടില്‍ സിജു ജോസഫ്, അറക്കുളം വില്ലേജ് ഓഫിസറുടെ ചാര്‍ജ് വഹിച്ചിരുന്ന ജീജ കൃഷ്ണന്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക് തൊടുപുഴ ശാഖ മാനേജര്‍ നിതിന്‍ എന്നിവരാണ് പ്രതികള്‍.
ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ളതാണ് തട്ടിപ്പിനു ശ്രമിച്ച ഭൂമി. ഇദ്ദേഹം ഈ മൂന്നേക്കര്‍ സ്ഥലം മകന്‍ റോജിയുടെ പേരില്‍ എഴുതി നല്‍കിയിരുന്നു. ഇതു സംബന്ധിച്ച പോക്കുവരവ് നടത്തുന്നതിനായി അറക്കുളം വില്ലേജില്‍ എത്തിയപ്പോഴാണ് തട്ടിപ്പിനെക്കുറിച്ച് അറിയുന്നത്. ഭൂമിയുടെ പേരില്‍ 80 ലക്ഷം രൂപയുടെ ബാധ്യതയുള്ളതായി കാണുകയായിരുന്നു. ഭൂമിയുടെ കൈവശാവകാശ രേഖ മറ്റൊരാള്‍ കൈപ്പറ്റിയതായും ജോര്‍ജിനെ വില്ലേജ് അധികൃതര്‍ അറിയിച്ചു. ഇത് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ തൊടുപുഴ ശാഖയില്‍ പണയം വച്ച് ലോണ്‍ പാസാക്കിയതായും അറിഞ്ഞു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഒളമറ്റം സ്വദേശി ജോബ് പി ജേക്കബ് എന്നയാളാണ് കൈവശാവകാശ രേഖ കൈപ്പറ്റിയതെന്ന് വ്യക്തമായി.
തൊടുപുഴ-കട്ടപ്പന സംസ്ഥാനപാതയോട് ചേര്‍ന്നുകിടക്കുന്നതാണ് ജോര്‍ജിന്റെ ഭൂമി. ഇദ്ദേഹം യഥാസമയം വിവരം അറിഞ്ഞതിനാലാണ് വന്‍ തട്ടിപ്പിനുള്ള നീക്കം പൊളിഞ്ഞത്. ബാങ്ക് മാനേജര്‍ വേണ്ട രീതിയില്‍ അന്വേഷണം നടത്താതെയാണ് ലോണ്‍ നല്‍കിയതെന്നും ജോര്‍ജ് ആരോപിക്കുന്നു.

RELATED STORIES

Share it
Top