ഭൂമിയിടപാടില്‍ ക്രമക്കേട്: വദ്രയ്‌ക്കെതിരേ കേസ്

ചണ്ഡീഗഡ്/ഗുഡ്ഗാവ്: ഭൂമി ഇടപാടില്‍ ക്രമക്കേട് കാണിച്ചുവെന്നാരോപിച്ച് കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വദ്രയ്ക്കും ഹരിയാനാ മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡയ്ക്കുമെതിരേ ഹരിയാന പോലിസ് കേസെടുത്തു. ഡിഎല്‍എഫ്, ഓംകാരേശ്വര്‍ പ്രോപ്പര്‍ട്ടീസ് എന്നീ കമ്പനികള്‍ക്കെതിരേയും കേസുണ്ട്. ഗുഡ്ഗാവിലെ ഖേര്‍കി ദൗല പോലിസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
സുരീന്ദര്‍ ശര്‍മയുടെ പരാതിയിലാണ് വദ്രയ്ക്കും മറ്റുമെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതെന്നു മനേസര്‍ പോലിസ് ഡെപ്യൂട്ടി കമ്മീഷണര്‍ രാജേഷ് കുമാര്‍ അറിയിച്ചു.
മനേസറില്‍ 1500 കോടിയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസില്‍ ഫെബ്രുവരിയില്‍ ഹൂഡയ്ക്കും 33 പേര്‍ക്കുമെതിരേ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.2014ലെ തിരഞ്ഞെടുപ്പില്‍ ഭൂമിയിടപാടുകള്‍ ബിജെപി വലിയ വിഷയമാക്കിയിരുന്നു. ഹൂഡയുടെ നേതൃത്വത്തിലുള്ള അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍, അനധികൃതമായി വദ്രയ്ക്ക് ഭൂമി അനുവദിച്ചുവെന്നായിരുന്നു ആരോപണം. ഗുഡ്ഗാവിലെ സെക്റ്റര്‍ 83ലെ 3.5 ഏക്കര്‍ ഭൂമി ഓംകാരേശ്വര്‍ പ്രോപ്പര്‍ട്ടീസില്‍ നിന്നു 7.50 കോടിക്ക് വദ്രയുടെ സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി വാങ്ങി എന്നാണു പരാതിക്കാരന്‍ ആരോപിച്ചത്. 2008ല്‍ ഹൂഡ മുഖ്യമന്ത്രിയായിരിക്കെയാണ് ഇടപാട് നടന്നത്. ഈ ഭൂമി പിന്നീട് സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി വന്‍കിട റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ ഡിഎല്‍എഫിന് 58 കോടിക്ക് വിറ്റു. ഹൂഡയുടെ സ്വാധീനം മൂലം ഒരു കോളനി വികസിപ്പിക്കുന്നതിനു വാണിജ്യ ലൈസന്‍സ് സമ്പാദിച്ച ശേഷമായിരുന്നു ഇടപാട് നടന്നത് എന്നാണ് ആരോപണം.

RELATED STORIES

Share it
Top