ഭൂപടം മാറുന്ന കേരള രാഷ്ട്രീയം

cover

വിജു വി നായര്‍

രാഷ്ട്രീയമാന്ദ്യം, അതാണ് കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി കേരളത്തിന്റെ മുഖ്യധാര അനുഭവിച്ചുവന്നത്. ഭരണത്തില്‍ രണ്ടു മുന്നണിയുടെ അയ്യഞ്ചു കൊല്ലത്തിലെ കുടമാറ്റം എന്നതിനപ്പുറം കാതലായ മാറ്റമൊന്നും ഇവിടുത്തെ മുഖ്യധാരാ രാഷ്ട്രീയം സൃഷ്ടിച്ചിരുന്നില്ല. പ്രാന്തവല്‍കൃതരും അവാന്തരവിഭാഗങ്ങളും ചില്ലറ സിവില്‍ സൊസൈറ്റി പ്രസ്ഥാനങ്ങളും സമാന്തരമായി നവരാഷ്ട്രീയ ചലനങ്ങള്‍ ഉണ്ടാക്കിയെടുത്തെങ്കിലും അവയ്ക്ക് മുഖ്യധാരയെ കാര്യമായി സ്വാധീനിക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ അടഞ്ഞ വ്യവസ്ഥിതിക്കുള്ളിലും പ്രകടമായ ഒരു ലാഭമൊക്കെയുള്ളത് ഇടതു രാഷ്ട്രീയത്തിനാണ്. സമാന്തര ധാരകള്‍ ആന്തരികമായി ഈ മനോഭാവത്തിന്റെ ഈഷല്‍ ഭേദങ്ങള്‍ വഹിക്കുന്നു എന്നതാണു വസ്തുത. സെന്‍ട്രിസ്റ്റ് കക്ഷിയായ കോണ്‍ഗ്രസ്‌പോലും കേരളത്തില്‍ ഒരിടതുഭാവം സൃഷ്ടിച്ചാണ് പുലര്‍ന്നുപോവുന്നത്. അടിസ്ഥാനപരമായി സെന്‍ട്രിസ്റ്റുകള്‍ ഇടതുപക്ഷമല്ലെന്നു മാത്രമല്ല വലതുചായ്‌വ് അവരില്‍ യഥേഷ്ടമുണ്ടതാനും-ഫ്യൂഡല്‍, വര്‍ഗീയഭാവങ്ങള്‍. എന്നാല്‍ പ്രായോഗിക തലത്തില്‍ അവയേയും ചങ്ങലക്കിട്ടു നിര്‍ത്താന്‍ കേരളത്തിലെ പൊതു ഇടതുമനോഭാവത്തിനു കഴിഞ്ഞിട്ടുണ്ട്.
3പൊതുസമൂഹത്തിന്റെ പ്രകടനപരമായ ഈ ഇടതു മനോഭാവത്തിന്റെ പശ്ചാത്തലത്തില്‍ വ്യവസ്ഥാപിത ഇടതുപക്ഷം സ്ഥിരമായി സ്‌കോര്‍ ചെയ്യേണ്ടതല്ലേ എന്നു ചോദിക്കാം. അവിടെയാണ് കേരളീയ ഇടതു മനോഭാവത്തിന്റെ മര്‍മ്മം തിരിച്ചറിയേണ്ടത്. അപ്രകാരം വ്യവസ്ഥാപിത ഇടതുകക്ഷികള്‍ക്ക് വിജയം ശാശ്വതമാക്കുക എന്നതുതന്നെ ശരിയായ ഒരിടതു മനോഭാവമല്ല. ആര്‍ക്കും അധികാരം കുത്തകയോ സുസ്ഥിരമോ ആയി നല്‍കുന്നത് ജനായത്തത്തിന് ആശാസ്യമല്ലെന്ന വകതിരിവാണ് ലെഫ്റ്റിസത്തിന്റെ കാതല്‍ഘടകങ്ങളിലൊന്ന്. ചോയ്‌സിനെ ഏകപക്ഷീയമായി റദ്ദാക്കലല്ല, മറിച്ച് അതിനെ സജീവമായി നിലനിര്‍ത്തുകയാണ് സര്‍ഗ്ഗാത്മകമായ ഇടതുഭാവം. വലതുപക്ഷ രാഷ്ട്രീയത്തിന് സ്വപ്‌നത്തില്‍പോലും സങ്കല്‍പിക്കാനാവാത്ത നിലപാടാണിത്. 'കോണ്‍ഗ്രസ് മുക്ത ഭാരത്' എന്നതാണ് ബിജെപിയുടെ മുദ്രാവാക്യം തന്നെ. സമഗ്രാധിപത്യത്തിനുള്ള തീവ്രദാഹത്തില്‍ ചോയ്‌സിനെ ഉന്മൂലനം ചെയ്യുന്ന മനോഭാവം. ഈ ഏകപക്ഷീയതയാണ് വലതുപക്ഷരാഷ്ട്രീയത്തിന്റെ മുഖമുദ്ര.
കേരളത്തിന്റെ പൊതുവായ ഇടതുഭാവമാണ് ഇമ്മാതിരി ഏകപക്ഷീയതയെ ഇതുവരെ പ്രതിരോധിച്ചുപോന്ന കേന്ദ്രഘടകം. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി തൊട്ട്, കോണ്‍ഗ്രസ് വരെ,  മുസ്‌ലിം ലീഗ് തൊട്ട് കേരളാ കോണ്‍ഗ്രസ് വരെ ഈ പൊതു മനോഭാവത്തിന്റെ ചക്രവാളത്തിലാണ് സ്വന്തം പ്രത്യയശാസ്ത്ര മുനകളൊടിച്ച് സമരസപ്പെട്ടു കഴിഞ്ഞുവന്നത്. വലതുപക്ഷ കക്ഷിയായ ബിജെപിക്കും ടി ചക്രവാളത്തില്‍പ്പെടാതെ ഇവിടെ നിലനില്‍പ്പുണ്ടായിരുന്നില്ല. അതുകൊണ്ടാണ് സ്വന്തം പത്തി നിവര്‍ത്താന്‍ തുനിയാതെ കേവലമായ വോട്ടുമറിക്കല്‍ അഭ്യാസത്തില്‍ അവര്‍ ഒതുങ്ങിക്കഴിഞ്ഞത്.
പുതിയ രാഷ്ട്രീയ പാക്കേജും പഴയമാതിരി സവര്‍ണ വര്‍ഗ്ഗീയത ആയുധമാക്കി കളിച്ചുകൊണ്ടിരുന്നാല്‍ പരിവാരം രാഷ്ടട്രീയമായി എങ്ങുമെത്തില്ലെന്ന തിരിച്ചറിവുമാണ് ആര്‍എസ്എസിനെ ദലിത്, ആദിവാസി, മേഖലയിലേക്ക് കയറാന്‍ നിര്‍ബന്ധിതരാക്കിയത്. ലളിതമാണ് മുറ. ന്യൂനപക്ഷങ്ങളെ തരംപോലെ അടുപ്പിക്കുകയും തഴയുകയും ചെയ്ത്‌കൊണ്ട് ഫലത്തില്‍ ഒറ്റപ്പെടുത്തുക. ഇതേ സമയം ഹിന്ദു പരിവാരത്തിനെ ഏകോപ്പിക്കുക. ഈ രാഷ്ട്രീയ തന്ത്രത്തിന്റെ വിന്യാസമാണ് രാജ്യമെമ്പാടും നടന്നുവരുന്നത്. ഉദാഹരണമായി, പരമ്പരാഗതമായി അക്കാദമിക്ക് മേഖലയില്‍ ദലിത് പ്രമേയത്തെ അഭിസംബോധന ചെയ്ത് വരുന്നത് ഇടത് മനോഭാവവും തജ്ജന്യമായ ചിന്താധാരകളുമാണ്. അതിനൊരു ബദലൊരുക്കണമെങ്കില്‍ അക്കാദമിക്ക് മേഖലയുടെ മുഖ്യധാരയെ ഉഴുതുമറിക്കണം. പൂന ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട്, ഹൈദരാബാദ് സര്‍വ്വകലാശാല, ജെഎന്‍യു സംഘര്‍ഷങ്ങളുടെ കാമ്പ് അവിടെയാണ്. തല്‍ക്കാലം കേന്ദ്രഭരണ കക്ഷിക്ക് എതിരായ പൊതുവികാരമുണ്ടായി എന്നത് നേര്. എന്നാല്‍ മൂന്നിടത്തും അവര്‍ ഉദ്ദേശിച്ചതു നടന്നു. ദളിത് പ്രമേയ പരിസരത്തിന്റെ ഉഴുതിടല്‍.
2ആര്‍എസ്എസിന്റെ വലതുപക്ഷ തട്ടക വിപുലീകരണത്തിന് മോദി എന്ന ഹൈടെക് പ്രചാരകന്‍ ഒരു ഉത്തോലകം മാത്രമാണ്. വികസനം എന്ന ഒഴുക്കന്‍ മന്ത്രമോതിക്കൊണ്ട് അതിന്റെ പ്രതീകമായി ഒരു വിഗ്രഹത്തെ പരസ്യപ്പെടുത്തിക്കൊണ്ടിരിക്കുക. അതിനു ചുറ്റുമായി മിത്തുകളും ഐതിഹ്യങ്ങളും സ്വപ്‌നങ്ങളും നെയ്‌തൊരുക്കുക. ഇപ്പറയുന്ന വികസനത്തെയോ വിഗ്രഹത്തെയോ ജനാധിപത്യപരമോ പ്രായോഗികമോ ആയ സംവാദപരിശോധനകള്‍ക്ക് വയ്ക്കുന്ന പ്രശ്‌നമില്ല. അങ്ങനെയാണല്ലോ എല്ലാത്തരം ബിംബകല്‍പ്പനയുടെയും വിഗ്രഹാരാധനയുടെയും രീതിശാസ്ത്രം.
ഇങ്ങനെ പ്രതീക നിര്‍മ്മിതികളും കണ്‍കെട്ടുംവഴി വലതുപക്ഷരാഷ്ട്രീയം ഇന്ത്യയെ കവരുമ്പോള്‍ പ്രതിയോഗിയുടെ സ്ഥിതിവിശേഷം അതിന് പോഷകാഹാരം പകരുന്നു. മുഖ്യപ്രതിയോഗിയായ കോണ്‍ഗ്രസിന്റെ നടപ്പു കഥയെടുക്കുക. ഓരോ സംസ്ഥാനങ്ങളായി അതിനെ കയ്യൊഴിയുകയാണ്. കേവലമായ ഇലക്ഷന്‍ തോല്‍വിയുടെ പേരില്‍ പാര്‍ട്ടിയെ എഴുതി തള്ളാനാവില്ലെന്ന് നേതൃത്വം പറയും. ഭൂതചരിത്രത്തിലെ വമ്പിച്ച തിരിച്ചു വരവുകള്‍ ചൂണ്ടി ന്യായം പറയും.
ഒന്നാമത് ആള്‍കൂട്ടങ്ങളുടെ ആകര്‍ഷണം അധികാരം മാത്രമാണ്. യഥാവിധിയോ, യോഗ്യതയനുസരിച്ചോ ആയ അധികാരലബ്ധിയല്ല ഇവിടെ ഉന്നം. കുറുക്കു വഴികളിലൂടെയുള്ള നുഴഞ്ഞു കയറ്റമാണ്. അധികാരത്തിലേക്കുള്ള ചാവി തങ്ങളുടെ പക്കലുണ്ട്. തങ്ങളെ സേവിച്ചുനിന്നാല്‍ അപ്പക്കഷ്ണത്തില്‍ പങ്കു പറ്റാം എന്നതാണ് പാര്‍ട്ടിക്കുള്ളിലെ അധികാര കേന്ദ്രങ്ങളുടെ പ്രലോഭനം. കേന്ദ്രത്തില്‍ അത് നെഹ്‌റു കുടുംബം നിര്‍വഹിക്കുന്നു.
ദേശീയാടിസ്ഥാനത്തില്‍ പാര്‍ട്ടി അതിവേഗം പുറന്തള്ളപ്പെട്ടുവരുന്ന ചരിത്രകാലമാണിത്. സ്വാതന്ത്ര്യാനന്തരം ഈ പാര്‍ട്ടിയുടെ സര്‍വവ്യാപിയായ പ്രതാപം ഇന്ത്യയ്ക്ക് സമ്മാനിച്ച ഒരു രാഷ്ട്രീയതയുണ്ട്. കോണ്‍ഗ്രസിസം. അധികാര രാഷ്ട്രീയത്തിലെ പയറ്റ് കോണ്‍ഗ്രസിനോടായ വകയില്‍ ഇതര രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കെല്ലാം ഏറിയും കുറഞ്ഞും ഈ പ്രകൃതം പകര്‍ന്നു കിട്ടി. കോണ്‍ഗ്രസിസത്തിന്റെ നാടുവാഴ്ചയില്‍ കോണ്‍ഗ്രസിനുതന്നെയായിരുന്നു അച്ചുതണ്ട് സ്ഥാനം. എണ്‍പതുകളോടെ ആ സ്ഥാനത്തുനിന്നും കോണ്‍ഗ്രസ് വഴുതിപ്പോകാന്‍ തുടങ്ങി. ലോഹ്യാതീസിസ് അറുപതുകളില്‍തന്നെ അത്തരമൊരു ഭാവി സൂചിപ്പിച്ചിരുന്നു. ലോഹ്യയെ പിന്‍പറ്റി ജയപ്രകാശ് നാരായണന്‍ ആ സൂചനക്കൊരു ചാലകത്വവുമേകി. ബിജെപിയുടെ പുഷ്ടിപ്പെടലോടെയാണ് എണ്‍പതുകളില്‍ സംഗതി കേമമായി തുടങ്ങുന്നത്. കോണ്‍ഗ്രസിനോടുള്ള മത്സരമായിട്ടല്ല മറിച്ച് ബിജെപി വിരുദ്ധതയുടെ പേരിലാണ് മിക്ക കക്ഷികളും പുനഃസംഘടിക്കുകയും ചേരികളുണ്ടാക്കുകയും ചെയ്യുന്നതെന്നോര്‍ക്കുക. കോണ്‍ഗ്രസ് അസ്തിത്വ പ്രതിസന്ധിയെ മുഖാമുഖം കാണുകയാണ്. 'വമ്പന്‍ തിരിച്ചുവരവ്'കളുടെ ഗൃഹാതുരത്വത്തില്‍ ആ പാര്‍ട്ടിക്ക് കാലാക്ഷേപം ചെയ്യാന്‍ കഴിയുകയില്ലെന്ന് സാരം.
4ഈ ദേശീയ പശ്ചാത്തലത്തിലാണ് കേരളത്തില്‍ ബിജെപി തങ്ങളുടെ വലതുപക്ഷ രാഷ്ട്രീയം പ്രതിഫലിപ്പിക്കാന്‍ ഇതാദ്യമായി ഒരുമ്പെടുന്നത്. സ്വന്തം വോട്ടിനൊപ്പം വെള്ളാപ്പള്ളി എന്ന ദല്ലാളിനെ വെച്ച് ഹിന്ദു വോട്ടിന്റെ വിപുല സമന്വയം. സ്വാഭാവികമായും ഇത് ന്യൂനപക്ഷങ്ങളെ പേടിപ്പിക്കും. രാഷ്ട്രീയ സമീപനത്തില്‍ സ്വയരക്ഷാ സംബന്ധിയായ പുതിയ നീക്കുപോക്കുകള്‍ക്ക് അവര്‍ നിര്‍ബന്ധിതരാകും. ബിജെപിക്ക് അറിയാത്ത കാര്യമല്ലിത്. അപ്പോഴും സവര്‍ണ വോട്ടിനപ്പുറം പോകുന്ന ഒരു ഹിന്ദുജാഗരണം അവര്‍ക്ക് അനിവാര്യമാണ്. ഇത്തരമൊരു മതവിഭജനമാണ് ആ പാര്‍ട്ടി അഭിലഷിക്കുന്ന പ്രഥമപടി. മുസ്‌ലിം-ക്രിസ്റ്റ്യന്‍ ന്യൂനപക്ഷങ്ങള്‍ക്ക് മറുപുറമായി ഒരു ഹൈന്ദവസമന്വയം. കേരളത്തിന്റെ ചിരകാലമായുള്ള പൊതു ഇടതു മനോഭാവത്തിനുള്ള ആഘാതചിക്തിസയാണത്. ഷോക്കേറ്റാല്‍ ടി മനോഭാവം സ്വാഭാവികമായും ഉണരും, തിരിച്ചടിക്കും. അതാണ് ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ടത്. ന്യൂനപക്ഷങ്ങള്‍ തൊട്ട് ഭൂരിപക്ഷസമുദായത്തിലെ മതേതരക്കാര്‍വരെ ഇടതുപക്ഷത്തേക്ക് ചാഞ്ഞു. ലീഗ് കോട്ടകളില്‍പോലും കണ്ടു ഈ ചായ്‌വ്. ഇടതുഭാവം ആക്രമിക്കപ്പെടുമ്പോള്‍ സെന്‍ട്രിസ്റ്റ് മിതത്വത്തിനല്ല ശരാശരി മനസ്സ് തുനിയുക. ഇടത്തോട്ട്തന്നെ തിരിയാനാണ്. സ്വാഭാവികമായും അതിന്റെ ചേതം പേറിയത് യുഡിഎഫ്. അപ്പോള്‍ ബിജെപിയുടെ കാര്യമോ?
പലരും കരുതുന്നതുപോലെ ഒരൊറ്റ താമരയിലൊതുക്കി കേരളം ബിജെപിയെ ശിക്ഷിച്ചു എന്നത് യാഥാര്‍ത്ഥ്യത്തിന് നിരയ്ക്കുന്ന വിലയിരുത്തലല്ല. മാധ്യമങ്ങളിലെ വിദൂഷ ഗണത്തിന്റെ തൊലിപ്പുറവായന മാത്രമാണത്. സത്യത്തില്‍, ഇവിടെ ബിജെപി ഉദ്ദേശിച്ച ഉഴുതുമറിക്കലും വിത്തുപാടമൊരുക്കലും സംഭവിക്കുകതന്നെ ചെയ്തു. കോണ്‍ഗ്രസ് വോട്ട് മറിച്ചുകിട്ടിയ നേമം ജയമോ ഏഴിടത്തെ രണ്ടാം സ്ഥാനമോ അല്ല  വിവക്ഷ. തെക്കന്‍ കേരളത്തില്‍ ബിഡിജെഎസിന്റെ സഹായത്തോടെ പലേടത്തും അവര്‍ കോണ്‍ഗ്രസ് മുന്നണിയുടെ തോല്‍വി സാധ്യമാക്കിയെടുത്തു. വടക്കാകട്ടെ, ന്യൂനപക്ഷങ്ങളില്‍ ഭീതിയുളവാക്കുകവഴി പരോക്ഷമായും അതേ ഫലമുണ്ടാക്കി. ഈ മണ്ഡലങ്ങളിലൊക്കെ ജയിച്ചത് ഇടത് സ്ഥാനാര്‍ത്ഥിയാണെങ്കിലും യുഡിഎഫിന്റെ തോല്‍വിയുണ്ടാക്കിയത് ബിജെപിയാണ്. രണ്ട് ഉദാഹരണങ്ങള്‍ വഴി ബിജെപിയുടെ ഈ നിര്‍ണ്ണായകത്വം വ്യക്തമാക്കാം.
കുട്ടനാട്ടില്‍ ഇടതു സ്ഥാനാര്‍ത്ഥി തോമസ് ചാണ്ടി ജയിച്ചത് ഇടതുപക്ഷ വോട്ടുകള്‍മൂലമല്ല. ടി വോട്ടുകള്‍ മുഴുവന്‍ കിട്ടിയാലും ടിയാന്‍ ജയിക്കുമായിരുന്നില്ല. ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയുടെ ബ്രഹ്മാണ്ഡ പ്രചാരണം കണ്ട് ഭയന്ന കുട്ടനാടന്‍ ക്രൈസ്തവര്‍ തങ്ങളുടെ പരമ്പരാഗത രാശിയായ യുഡിഎഫിനെ വിട്ട് ചാണ്ടിക്ക് വോട്ട് കുത്തി. ഇത് ചാണ്ടിയോടുള്ള പ്രതിപത്തിമൂലമല്ല, ബിജെപിയുടെ വലുപ്പത്തിലുള്ള ആശങ്കമൂലമായിരുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപി പിടിച്ച 36,000 വോട്ട് ചില്ലറയല്ല ന്യൂനപക്ഷങ്ങളുടെ ആശങ്കയേറ്റിയത്. നിയമസഭാ മത്സരത്തില്‍ ആറായിരം വോട്ട് കൂടുതല്‍ പിടിക്കുകയും ചെയ്തു. ക്രൈസ്തവര്‍ പഴയപടി യുഡിഎഫിന് കുത്തിയിരുന്നുവെങ്കില്‍ ചാണ്ടി തോല്‍ക്കുകയും കുട്ടനാട്ടില്‍ ബിഡിജെഎസ് ജയിക്കുകയും ചെയ്യുമെന്നുറപ്പ്.
തൊട്ടടുത്ത ഹരിപ്പാട് നേര്‍വിപരീതമായിരുന്നു ഫലം. കഷ്ടി 5000 ല്‍പരം വോട്ടിന് കഴിഞ്ഞ കുറി വിജയിച്ച രമേശ് ചെന്നിത്തല ഇക്കുറി അതിന്റെ മൂന്നിരട്ടി ഭൂരിപക്ഷം നേടി. ബിജെപി സ്ഥാനാര്‍ത്ഥിയാകട്ടെ 10,000 ല്‍ ചില്ലാനം വോട്ടിലൊതുങ്ങി. ബിഡിജെഎസ് വോട്ട് കോണ്‍ഗ്രസിനു പോയെന്ന് വ്യക്തം. ചെന്നിത്തലയും വെള്ളാപ്പള്ളിയും തമ്മിലുള്ള വ്യക്തിബന്ധത്തിന് നന്ദി. അപ്പോഴും ബിജെപി വോട്ട് മറിച്ചില്ല. സ്വന്തം വോട്ട് സ്വന്തം പെട്ടിയില്‍ തന്നെയിട്ടു. ബിഡിജെഎസ് വോട്ട് കൂടി ടി പെട്ടിയില്‍ വീണിരുന്നെങ്കില്‍ വിധി മറ്റൊന്നായേനെ.ഇങ്ങനെ പലവഴിക്കും വലതു പക്ഷ രാഷ്ട്രീയം വിധി നിര്‍ണയത്തില്‍ നിര്‍ണായകമാകുന്നു. ഈ നിര്‍ണായകത്വത്തിന്റെ വ്യാകരണമാണ് പ്രസക്തം.
വെള്ളാപ്പള്ളി നടേശന്‍ തിരഞ്ഞെടുപ്പിന് ശേഷം പറഞ്ഞതില്‍ അതിന്റെ പൊരുളുണ്ട്. ബിഡിജെഎസ് പിടിച്ചത് യുഡിഎഫിന്റെ വോട്ടാണെന്ന്. ഇടത് പക്ഷത്തിന് ഈ പാര്‍ട്ടിമൂലമുണ്ടായ ചോര്‍ച്ച പ്രതീക്ഷിച്ചപോലെ അത്ര ഗണനീയമായിരുന്നില്ല. സംഭവിച്ച ചോര്‍ച്ചയാകട്ടെ ന്യൂനപക്ഷ, മതേതര വിഭാഗങ്ങള്‍ അടച്ചു കൊടുക്കുകയും ചെയ്തു. അപ്പോള്‍, യുഡിഎഫ് വോട്ട് എങ്ങനെ വെള്ളാപ്പള്ളിയുടെ 'കുട'ത്തില്‍ വീണു? ഭരണ വിരുദ്ധ വികാരം മാത്രമായിരുന്നെങ്കില്‍ സംഗതി ഇടതുപക്ഷത്തേക്കാണ് പോകേണ്ടിയിരുന്നത്. മതവിശ്വാസപരമായും പരമ്പരാഗതമായും ന്യൂനപക്ഷങ്ങള്‍ക്കുള്ള ഇടതുപക്ഷ വിരുദ്ധതയോ അയിത്തമോ ഭൂരിപക്ഷ സമുദായത്തിനില്ല. ടി അയിത്തം മാറ്റിവെച്ച് ന്യൂനപക്ഷങ്ങള്‍ പെരുമാറിയപ്പോള്‍ ഭൂരിപക്ഷക്കാര്‍ എന്തേ മറിച്ചു ചിന്തിച്ചു? ലളിതമാണുത്തരം. ബിജെപിയാകാന്‍ വൈക്ലഭ്യമില്ലാത്ത വലിയൊരു വിഭാഗം കോണ്‍ഗ്രസിലുണ്ട്. ഉത്തരേന്ത്യയിലെപോലെ തരമൊത്തുവന്നാല്‍ അവര്‍ കാവി പുതയ്ക്കും. കോണ്‍ഗ്രസിലെ സവര്‍ണ്ണ ഹിന്ദുക്കളുടെ ഈ പ്രകൃതമാണ് ആ പാര്‍ട്ടിക്കുള്ള ഒരു കെണി. ഇത്തവണ ഈ കെണി കുറേകൂടി വിപുലമാവുമായിരുന്നു.
വര്‍ണഹിന്ദുക്കളുടെ ജാതി വര്‍ഗ്ഗീയത പത്തി നിവര്‍ത്താതിരുന്നെങ്കില്‍ മധ്യതിരുവിതാംകൂറിലെ നായന്മാര്‍ സ്വകാര്യമായി ചോദിച്ചതും എന്‍എസ്എസ് ഭംഗ്യന്തരേണ പ്രകടിപ്പിച്ചതുമായ ഒരു 'സജാതീയ മതേതരത്വമുണ്ട്. പച്ചയായ ഈ ജാതിവര്‍ഗ്ഗീയതയെ മതേതരത്വത്തിന്റെ അക്കൗണ്ടിലാണ് മാധ്യമങ്ങള്‍ അടയാളപ്പെടുത്തിയത്. നേരെന്താണ്? ജാതിയില്‍ 'താഴ്ന്നവനായ' ഈഴവന്റെ കെയറോഫിലുള്ള ഹിന്ദുസമത്വം ഈ നായന്മാര്‍ക്ക് ചൊറിഞ്ഞു. വെള്ളാപ്പള്ളിയുടെ പ്രാദേശിക സംഘങ്ങളുടെ 'നെഗളിപ്പിന്' മറുപടി കൊടുക്കണം എന്നതായിരുന്നു ഇക്കൂട്ടരുടെ വോട്ടിംഗിലെ മുഖ്യ ചേതോവികാരം. അവര്‍ ഇടതു പക്ഷത്തിന് കുത്തി ലിബറലുകളായി! ഇതാണ് സ്വജാതീയ മതേതരത്വം. നായന്മാരുടെ ഈ നിലപാട് വലിയൊരളവില്‍ വലതുപക്ഷ രാഷ്ട്രീയത്തെ തല്‍ക്കാലം തടഞ്ഞു എന്നതു വേറെ. എന്നാല്‍ ഈ നവീന നായര്‍ മതേതരത്വത്തിന്റെ അസ്ഥിവാരം ജാതിവര്‍ഗ്ഗീയത തന്നെയായിരുന്നു എന്നതാണ് വസ്തുത. ഹിന്ദുത്വ പരിവാരം ഈ പ്രശ്‌നം പരിഹരിക്കുന്നതോടെ ഭൂരിപക്ഷം സമുദായത്തിലെ വര്‍ണ ഹിന്ദുക്കള്‍ക്ക് കാവി പുതയ്ക്കാന്‍ പിന്നെ പ്രത്യേകിച്ച് തടസ്സമൊന്നുമില്ല. കോണ്‍ഗ്രസ് കൂടുതല്‍ മെലിയുന്ന മുറയ്ക്ക് നായര്‍പോലും പുതയ്ക്കും കാവി. വലതുപക്ഷ രാഷ്ട്രീയത്തോട് പ്രത്യയശാസ്ത്രപരമായ അയിത്തമൊന്നും ഒരു സമുദായകക്ഷിക്കുമില്ല എന്നു സാരം.
ചുരുക്കത്തില്‍ വര്‍ണ ഹിന്ദുക്കളും പിന്നാക്ക ഹിന്ദുമതത്തിലെ ഒരു വിഭാഗവും താമരക്കീഴില്‍ അണിനിരക്കുന്നതോടെ കേരളത്തില്‍ പുതിയൊരു രാഷ്ട്രീയ ചേരി ഉരുത്തിരിയും. ബിജെപിയുടെ വലതു പക്ഷ രാഷ്ട്രീയം ഒരു വശത്തും മറ്റുള്ളവര്‍ മറുവശത്തും. ഈ രണ്ടാം വിഭാഗത്തിലാണ് രസകരമായ രസതന്ത്രം അരങ്ങേറുക. ഹിന്ദുത്വ രാഷ്ട്രീയത്തെ ഭയക്കുന്ന ന്യൂനപക്ഷങ്ങള്‍ നിലവില്‍ ഇടതുപക്ഷത്തേക്ക് ലേശം ചാഞ്ഞെങ്കിലും (കോണ്‍ഗ്രസിന്റെ അഴകൊഴമ്പന്‍ നിലപാടു മൂലം) ഈ ചായ്‌വിന് എത്ര ആയുസുണ്ടെന്ന ചോദ്യം കിടക്കുന്നു. പിണറായി സര്‍ക്കാര്‍ നല്ല നിലയ്ക്ക് പ്രവര്‍ത്തിച്ചാല്‍ ഈ പിന്തുണ നിലനിര്‍ത്താമെന്ന് ഇടതുപക്ഷം കരുതുന്നു. ന്യൂനപക്ഷ ജനസാമാന്യത്തിന് ഹിതകരമായ പ്രവര്‍ത്തികള്‍, മധ്യവര്‍ഗ്ഗത്തെ സുഖിപ്പിക്കുന്ന പദ്ധതികള്‍, ദളിതരേയും അധഃസ്ഥിതരെയും സ്പര്‍ശിക്കുന്ന പരിഷ്‌ക്കാരങ്ങള്‍... വല്ലാത്തൊരു ഞാണിന്മേല്‍ കളിയാകുമത്.
ഒന്നാമത് ന്യൂനപക്ഷത്തിന്റെ ഹോള്‍സെയില്‍ ഡീലര്‍മാരായി അവകാശപ്പെടുന്ന മേലധ്യക്ഷ വിഭാഗങ്ങള്‍ തമ്മിലുള്ള വിടവ് കൂടിവരുന്നു. നവമാധ്യമങ്ങളും നവരാഷ്ട്രീയ പ്രസ്ഥാനങ്ങളും ആ വിടവ് കൂട്ടുന്നു. പരമ്പരാഗത ഒളിഗാര്‍ക്കികളുടെ പിടിയില്‍നിന്ന് ന്യൂനപക്ഷങ്ങള്‍ വിശേഷിച്ചും മുസ്‌ലിംകള്‍ മോചിതരായി തുടങ്ങുന്നു. എന്നുവച്ച്, രാഷ്ട്രീയമായി ഈ മാറ്റങ്ങള്‍ക്ക് ശക്തമായ പൊതുഘടനയൊന്നും രൂപപ്പെട്ടിട്ടില്ല. ലീഗിന്റെ പിടി ഇപ്പോഴുമുണ്ട്. ലീഗ് ക്ഷയിക്കുന്നത് എന്തിന് വളമാകാന്‍ എന്ന ചോദ്യവും ശേഷിക്കുന്നു. ഞങ്ങള്‍പോയാല്‍ അധികാരത്തിലേക്കുള്ള വഴി അടയും എന്നാണവര്‍ സമുദായത്തിനുള്ളിലേക്ക് മന്ത്രിക്കുന്നത്. ഞങ്ങളില്ലെങ്കില്‍ കേരളത്തില്‍ മുസ്‌ലിം തീവ്രവാദമിളകും എന്നാണവര്‍ പുറത്തേക്ക് വിളിച്ചു പറയുന്നത്. ഈ ദ്വിമുഖതന്ത്രം ലളിതമായ ഒരു അടവുമുറയാണ്.
ജനാധിപത്യപരമായ തിരഞ്ഞെടുപ്പും സംഘാടനവുമില്ലാത്ത ഒളിഗാര്‍ക്കികള്‍ സ്ഥിരം അവലംബിക്കുന്ന ജനായത്തവിരുദ്ധ തന്ത്രമാണ്. അധികാരത്തിലേക്കുള്ള ആക്‌സസ് തങ്ങളുടെ മാത്രം കീശയിലാണെന്ന റെട്ടറിക്ക്. ഇതാണ് ലീഗ് ആര്‍ജിച്ച കോണ്‍ഗ്രസിസം. തീവ്രവാദത്തിന്റെ വായ്ത്താരിയാണ് അടവിന്റെ രണ്ടാംഭാഗം. മുസ്‌ലിം സമുദായത്തിന് മേല്‍ ചാര്‍ത്തപ്പെടുന്ന തീവ്രവാദം അപരസ്വത്വനിര്‍മ്മിതിയുടെ വിത്താണ്. തീവ്രവാദികള്‍ ഉണ്ടാകുന്നത് ഏതെങ്കിലും മതവിശ്വാസത്തില്‍ നിന്നല്ല, മതപരമായ ഐഡന്റിറ്റി രാഷ്ട്രീയമായി ആക്രമിക്കപ്പെടുമ്പോഴാണ്. പ്രതിരാഷ്ട്രീയം പടുക്കാന്‍ നിലവിലുള്ള വ്യവസ്ഥാപിത കക്ഷികൂടാരങ്ങള്‍ക്ക് കഴിയാത്ത സാഹചര്യത്തിലാണ് പുതിയ പ്രവണതകള്‍ നാമ്പിടുക. ഉടനടി ഭരണകൂടവും അപരസ്വത്വ നിര്‍മ്മാണക്കാരും ഭീകരതയുടെ ലേബല്‍ എടുത്തൊട്ടിക്കും. സാക്ഷാല്‍ ഭരണകൂടംതന്നെ ഭീകരത അഴിച്ചു വിടും. രാജ്യരക്ഷയുടെ ഓമനപ്പേരില്‍, ഒളിഗാര്‍ക്കികള്‍ ഉടനെ ഈ ഔദ്യോഗിക കോറസില്‍ ചാടിക്കയറും. ഇതുതന്നെയല്ലേ ലീഗ് ചെയ്യുന്നതും? തങ്ങളില്ലെങ്കില്‍ കേരളത്തില്‍ മുസ്‌ലിം തീവ്രവാദം പത്തിനിവര്‍ത്തുമെന്ന ഭീഷണി. അതിനെതിരെ തങ്ങളാണ് ശരിയായ പ്രതിരോധമെന്ന റെട്ടറിക്. ഫലത്തില്‍ സമുദായത്തിന് ചോയ്‌സ് നിരാകരിക്കുന്ന ഏകപക്ഷീയത. ഈ സമഗ്രാധിപത്യമാണ്. ഒളിഗാര്‍ക്കികളുടെ സ്വയംസേവിത രക്ഷാകവചം.
രണ്ടാമത്തെ പ്രബല ന്യൂനപക്ഷമായ ക്രിസ്ത്യാനികളെ നോക്കുക. കോണ്‍ഗ്രസിലുള്ളത് പ്രധാനമായും സുറിയാനി ക്രിസ്ത്യാനികളും ലത്തീന്‍ സഭക്കാരും വര്‍ണ ഹിന്ദുക്കളുമാണ്. ക്രിസ്ത്യാനികളിലെ ഭൂരിപക്ഷമായ കത്തോലിക്കരാകട്ടെ കേരളാ കോണ്‍ഗ്രസുകാര്‍. ഇതില്‍ അധികാര ലബ്ധിക്കുള്ള കുറുക്കുവഴി എന്ന നിലയ്ക്ക് കേരളാകോണ്‍ഗ്രസിന്റെ നിലപാട് തരംപോലെ മാറി മറിയുന്നതാണ്. ഇത്തവണതന്നെ 'ബാര്‍കോഴ' ഇല്ലായിരുന്നെങ്കില്‍ ബിജെപി പാളയത്തില്‍ ചേക്കേറാന്‍ കെഎം മാണിക്ക് ഒരു പ്രയാസവുമില്ലായിരുന്നു. ഏറക്കുറെ സമാനമാണ് ഇതര ക്രൈസ്തവ സഭയുടെയും നിലപാടിന്റെ പ്രകൃതവിശേഷം. ചുരുക്കിയാല്‍, യുഡിഎഫ് എന്നത് പഴയപോലെ അത്ര ഭദ്രമായ ഒരു രാഷ്ട്രീയ ചേരിയല്ല.
ഇടതുപക്ഷത്തിന് കാര്യങ്ങളത്ര സുഗമമൊന്നുമല്ല. ബിജെപിപേടി എന്ന ഏകമാത്ര അജണ്ടയില്‍  ന്യൂനപക്ഷങ്ങള്‍ ശാശ്വതമായി പിന്തുണയ്ക്കുമെന്ന ആഗ്രഹചിന്തയും അസ്ഥാനത്താണ്. വെറും രണ്ടര കൊല്ലത്തിനകം ഈ ഘടകത്തിന്റെ മാറ്റമറിയാം. 2019 ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ മോദി പക്ഷവും മോദിവിരുദ്ധരും തന്നെയായിട്ടാവും മാറ്റുരയ്ക്കുക. ഇപ്പോഴുള്ള മൂന്നു മുന്നണികള്‍ മല്‍സരിക്കും. മോദി വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചാല്‍ താമര കൂടുതല്‍ വിരിയും. അപ്പോഴും ന്യൂനപക്ഷങ്ങള്‍ ആരെ വരിക്കും എന്ന ചോദ്യമുയരും. ദേശീയാടിസ്ഥാനമില്ലാത്ത ഇടതുപക്ഷത്തേയോ ദേശിയാടിത്തറ ശിഥിലമായ കോണ്‍ഗ്രസിനെയോ? ഇതേ ചോദ്യം മതേതര പൗരാവലിക്കും തികട്ടിവരും.
പ്രശ്‌നം കേരളം ഇത്രകാലം കണ്ട പ്രേരകങ്ങള്‍ രണ്ടുമാത്രമായിരുന്നു എന്നതാണ്. ഇടതുപക്ഷവും സെന്‍ട്രിസ്റ്റുകളും. രണ്ടിനും അന്തര്‍ലീനമായി സാമാന്യ ഇടത് ഭാവവും. വലത് പക്ഷരാഷ്ട്രീയത്തിന്റെ രംഗപ്രവേശവും പുഷ്ടിപെടലും ഇപ്പറഞ്ഞ പ്രേരക-പ്രതികരണ ശീലത്തെ കലശലായി വെല്ലുവിളിക്കുന്നു. രണ്ടു കൂട്ടര്‍ക്കാണ് ഈ വെല്ലുവിളി ഗൗരവതരമാവുക. ഒന്ന് കോണ്‍ഗ്രസ്, രണ്ട് മുസ്‌ലിംകള്‍. സെന്‍ട്രിസ്റ്റ് രാഷ്ട്രീയത്തിന് വലതുപക്ഷത്തേക്ക് വഴുതാനുള്ള സഹജ പ്രവണതയും അത് തടയാന്‍ അടിസ്ഥാനപരമായി വേണ്ടുന്ന ഉള്‍പ്പാര്‍ട്ടി ജനാധിപത്യ സംഘടനയുടെ അഭാവവും കോണ്‍ഗ്രസിന്റെ വെല്ലുവിളി ഏറക്കുറെ അസ്തിത്വപരമാക്കുന്നു. ന്യൂനപക്ഷങ്ങളുടെ കാര്യത്തിലാണ് ഐറണി.
ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് ബിജെപിയോട് അത്രകണ്ടൊരു അസ്പൃശ്യതയൊന്നുമില്ലെന്ന് ഇപ്പോഴെ അറിവുള്ളതാണ്. ശിഷ്ടം മുസ്‌ലിംകള്‍ നാടിന്റെ മതേതരത്വം കാക്കാന്‍ ബാധ്യതപേറുമ്പോള്‍ ഭൂരിപക്ഷത്തിന്മേല്‍ ഈ സമ്മര്‍ദ്ദമില്ല! അവര്‍ക്ക് സൗകര്യംപോലെ മതവര്‍ഗീയതയുടെ ചീട്ടിറക്കി കളിക്കാം. നമ്പൂതിരിയോ, നായാടിയോ, നടേശനോ, രാജേട്ടനോ ഒക്കെയായി. അതുമല്ലെങ്കില്‍ സജാതീയ മതേതരനായി. ഇതാണ് വലതുപക്ഷരാഷ്ട്രീയത്തിന്റെ രംഗപ്രവേശം കേരള രാഷ്ട്രീയ ചക്രവാളത്തില്‍ സൃഷ്ടിക്കുന്ന ഉഴുതുമറിക്കല്‍. മൂന്നു പതിറ്റാണ്ടത്തെ രാഷ്ട്രീയ മാന്ദ്യത്തിനു വിട.

RELATED STORIES

Share it
Top