ഭൂഗര്‍ഭ ജലനിരപ്പ് താഴേക്ക്; ജില്ല കടുത്ത വരള്‍ച്ചയുടെ പിടിയില്‍

കാസര്‍കോട്: വേനല്‍ മഴ പെയ്തിട്ടും ജില്ലയില്‍ കുടിവെള്ളം കിട്ടാക്കനിയാവുന്നു. കാസര്‍കോട്, മഞ്ചേശ്വരം ബ്ലോക്കുകളില്‍ കാര്യമായ മഴയൊന്നും ലഭിച്ചില്ല. കാഞ്ഞങ്ങാട്, പരപ്പ, നീലേശ്വരം ബ്ലോക്കുകളില്‍ വേനല്‍ മഴ ലഭിച്ചിരുന്നുവെങ്കിലും ഇതുകൊണ്ട് കാര്യമായ ജലലഭ്യതയൊന്നും ഉണ്ടായിട്ടില്ല. അനുദിനം ചൂട് കൂടിവരികയാണ്.
കഴിഞ്ഞ ദിവസം 36 ഡിഗ്രി ചൂടാണ് കാസര്‍കോട്ട് അനുഭവപ്പെട്ടത്. ജില്ലയില്‍കാര്യമായ ശുദ്ധജല പദ്ധതികളൊന്നും ഇല്ലാത്തതിനാല്‍ വേനല്‍ കടുക്കുന്നതോടെ കുടിവെള്ള ക്ഷാമത്തിന് ജനങ്ങള്‍ ബുദ്ധിമുട്ടുന്ന അവസ്ഥയാണ്.
ബാവിക്കരയില്‍ നിര്‍മിച്ച താല്‍ക്കാലിക തടയണയില്‍ നിന്നാണ് കാസര്‍കോട് നഗരസഭയിലും പരിസരപ്രദേശങ്ങളിലും വെള്ളം എത്തിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി, മാര്‍ച്ച് മാസത്തെ അപേക്ഷിച്ച് ജില്ലയിലെ പല ബ്ലോക്കുകളിലും ഭൂഗര്‍ഭജലത്തിന്റെ അളവ് വളരെയേറെ കുറഞ്ഞിട്ടുണ്ട്.
ഭൂഗര്‍ഭ ജലനിരപ്പ് കഴിഞ്ഞ വര്‍ഷം 75 മുതല്‍ 70 വരെ രേഖപ്പെടുത്തിയത് ഈവര്‍ഷം ചിലയിടങ്ങളില്‍ 68 ആയി കുറഞ്ഞു. കഴിഞ്ഞ മാര്‍ച്ചിനെ അപേക്ഷിച്ച് ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ 60 കിണറുകളില്‍ ഗ്രൗണ്ട് വാട്ടര്‍ ഡിപാര്‍ട്ട്‌മെന്റ് നടത്തിയ പഠനമാണ് ജലലഭ്യതയിലുള്ള കുറവ് വ്യക്തമാക്കുന്നത്.
മഞ്ചേശ്വരം ബ്ലോക്കില്‍ എ ന്‍മകജെ, പൈവളിഗെ എന്നിവിടങ്ങളിലും കാസര്‍കോട്  േബ്ലാക്കിലെ ബദിയടുക്ക, കാറഡുക്ക ബ്ലോക്കിലെ കാറഡുക്ക, കുറ്റിക്കോല്‍, ബേഡകം, കാഞ്ഞങ്ങാട് ബ്ലോക്കിലെ പനയ ാല്‍, പെരിയ എന്നിവിടങ്ങളിലും നീലേശ്വരം ബ്ലോക്കില്‍ കയ്യൂര്‍ ചീമേനിയിലും പരപ്പ ബ്ലോക്കില്‍ ബളാല്‍, കോടോം-ബേളൂര്‍ പനത്തടി എന്നിവിടങ്ങളിലുമാണ് ഭൂഗര്‍ഭ ജലനിരപ്പില്‍ ഗണ്യമായ കുറവ് കണ്ടെത്തിയത്. കാസര്‍കോട് ബ്ലോക്കില്‍ ഭൂഗര്‍ഭജലനിരപ്പ് കുറഞ്ഞതിനാല്‍ കുഴല്‍ കിണര്‍ കുഴിക്കാന്‍ ഭൂഗര്‍ഭജലവകുപ്പിന്റെ പ്രത്യേകഅനുമതി വേണം.
ജില്ലയില്‍ എല്ലാ പഞ്ചായത്തുകളിലും കുഴല്‍ കിണര്‍ കുഴിക്കാന്‍ പഞ്ചായത്തിന്റെ അനുമതി പത്രം വേണമെന്നുണ്ടെങ്കിലും പലപ്പോഴും അനുമതി പത്രം ഇല്ലാതെയാണ് കുഴല്‍ കിണര്‍ കുഴിക്കുന്നത്. യാതൊരു നിയന്ത്രണവുമില്ലാതെ കുഴല്‍ കിണര്‍ കുഴിക്കുന്നത് ഭൂഗര്‍ഭജലനിരപ്പ് അനിയന്ത്രിതമായി കുറയാനിടയാകുന്നുണ്ട്. ഒരാഴ്ചക്കുള്ളില്‍ വേനല്‍ മഴ ലഭിച്ചില്ലെങ്കില്‍ ജില്ലയിലെ പല പഞ്ചായത്തുകളിലും ലോറി വഴി കുടിവെള്ളം വിതരണം ചെയ്യേണ്ടസ്ഥിതിയാണ്.

RELATED STORIES

Share it
Top