ഭീഷണി വേണ്ട ഇറാനു നേരെ

മെയ് 12ന് ശനിയാഴ്ചയ്ക്കകം ഇറാനുമായുള്ള അന്താരാഷ്ട്ര ആണവകരാര്‍ റദ്ദാക്കുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. നിരവധി വര്‍ഷമെടുത്ത നയതന്ത്ര ചര്‍ച്ചകളുടെ അവസാനത്തിലാണ് 2015ല്‍ ആറു രാഷ്ട്രങ്ങളുടെ സഖ്യവും ഇറാന്‍ നേതൃത്വവും കരാറിലെത്തിയത്. ദീര്‍ഘകാലമായി നിലനിന്ന ഉപരോധം ഒഴിവാക്കി ഇറാന്റെ സാമ്പത്തിക വികസനത്തിനു വഴിവയ്ക്കുന്ന കരാറിന്റെ ഭാഗമായി തങ്ങളുടെ ആണവപരീക്ഷണങ്ങള്‍ നിര്‍ത്തിവയ്ക്കാനും അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ കര്‍ശന പരിശോധനകള്‍ക്കു വിധേയമാവാനും ഇറാന്‍ തയ്യാറായി. കഴിഞ്ഞ മൂന്നുവര്‍ഷങ്ങളായി അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി ഇറാനില്‍ നേരിട്ടു പരിശോധന നടത്തിവരുകയാണ്. കരാറിന്റെ ഭാഗമായി ഇറാന്‍ അനുവര്‍ത്തിക്കേണ്ട കാര്യങ്ങള്‍ അവര്‍ കൃത്യതയോടെ നടപ്പാക്കിയിട്ടുണ്ടെന്നാണ് യുഎന്‍ നിയന്ത്രണത്തിലുള്ള ഏജന്‍സി റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇറാന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന ആണവ സെന്‍ട്രിഫ്യൂജുകള്‍ പൂര്‍ണമായി പ്രവര്‍ത്തനരഹിതമാക്കുകയും ആ രാജ്യം കൈവശം വച്ചുവന്ന സമ്പുഷ്ട യുറേനിയത്തിന്റെ 95 ശതമാനവും ഒഴിവാക്കുകയും ചെയ്തു. അന്താരാഷ്ട്ര ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പിട്ട രാജ്യമെന്ന നിലയില്‍ ആണവശക്തി ഊര്‍ജാവശ്യങ്ങള്‍ക്കു വികസിപ്പിക്കാനുള്ള അധികാരം ഇറാനുണ്ട്. അത് അണ്വായുധ നിര്‍മാണത്തിലേക്കു നയിക്കുമെന്നാണ് പാശ്ചാത്യരാജ്യങ്ങള്‍ ആരോപിച്ചത്. അത്തരം ആശങ്ക ഒഴിവാക്കാനായി അന്താരാഷ്ട്ര പരിശോധന ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇറാനുമായി കരാര്‍ ഒപ്പിട്ടത്. അമേരിക്കയുടെ പ്രസിഡന്റ് ബറാക് ഒബാമയുടെ നേതൃത്വത്തില്‍ ബ്രിട്ടന്‍, ജര്‍മനി, ഫ്രാന്‍സ്, റഷ്യ, ചൈന എന്നീ ആറു രാജ്യങ്ങളാണ് ഇറാനുമായുള്ള ഈ സുപ്രധാന കരാറില്‍ ഒപ്പുവച്ചിട്ടുള്ളത്.
ലോകത്തെ അണ്വായുധപ്പന്തയ ഭീഷണിയില്‍ നിന്നു വിമോചിപ്പിക്കാനുള്ള നീക്കങ്ങളുടെ വിജയമായാണ് കരാറിനെ എല്ലാവരും വിശേഷിപ്പിച്ചത്. എന്നാല്‍, അമേരിക്കയുടെ പുതിയ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കരാര്‍ റദ്ദാക്കുമെന്ന ഭീഷണി തുടക്കം മുതലേ പ്രയോഗിക്കുന്നുണ്ടായിരുന്നു. തന്റെ മുന്‍ഗാമിയായ ഒബാമയുടെ അന്താരാഷ്ട്രരംഗത്തെ സുപ്രധാന വിജയമായി കണക്കാക്കപ്പെടുന്ന ഈ കരാറിനോട് ട്രംപിനുള്ള വിരോധത്തിന്റെ കാരണവും മറ്റൊന്നല്ല. ഒബാമയെ അപമാനിക്കാന്‍ ഏതറ്റംവരെയും പോവാന്‍ ട്രംപ് തയ്യാറാവും.
പക്ഷേ, ഇറാന്റെ മേല്‍ കുതിരകയറാനും വീണ്ടുമൊരു യുദ്ധഭീഷണി പശ്ചിമേഷ്യയില്‍ കൊണ്ടുവരാനുമാണ് ട്രംപും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇസ്രായേലിന്റെ കുതന്ത്രങ്ങളില്‍ വീഴരുതെന്ന് ഫ്രഞ്ച് പ്രസിഡന്റ് മക്രോണും ബ്രിട്ടിഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണും ട്രംപിനെ കഴിഞ്ഞ ദിവസങ്ങളില്‍ നേരിട്ടു സന്ദര്‍ശിച്ച് അഭ്യര്‍ഥിക്കുകയുണ്ടായി.
ട്രംപ് എന്തുചെയ്യുമെന്ന് ഈയാഴ്ച അറിയാം. കരാര്‍ റദ്ദാക്കിയാല്‍ തിരിച്ചടി കടുത്തതായിരിക്കുമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി താക്കീതു ചെയ്തിട്ടുണ്ട്. ഇറാനു നേരെയുള്ള കടന്നാക്രമണത്തെ ലോകം സര്‍വശക്തിയും ഉപയോഗിച്ച് ചെറുക്കുക തന്നെ വേണം.

RELATED STORIES

Share it
Top