ഭീഷണിയായി സംസ്ഥാനപാതയിലെ ട്രാന്‍സ്‌ഫോമറുകള്‍

കട്ടപ്പന: സംസ്ഥാനപാതയരികില്‍ താഴ്ത്തി സ്ഥാപിച്ചിട്ടുള്ള ട്രാന്‍സ്‌ഫോമറുകള്‍ ഭീഷണിയായി. കൊച്ചി-തേക്കടി പാതയുടെ ഭാഗമായ മേരികുളം- ആനവിലാസം റൂട്ടില്‍ താണോലിക്കടയിലും നിരപ്പേല്‍ക്കടയിലുമാണ് അപകടകരമായ രീതിയില്‍ ട്രാന്‍സ്‌ഫോമറുകള്‍ സ്ഥാപിച്ചത്.
കല്ലുകൊണ്ടു പ്രത്യേക തറ നിര്‍മിച്ചാണ് താണോലിക്കടയിലെ ട്രാന്‍സ്‌ഫോമര്‍ സ്ഥാപിച്ചിരിക്കുന്നതെങ്കിലും വളരെയധികം താഴ്ന്നാണ് ഇതു സ്ഥിതിചെയ്യുന്നത്. റോഡരികില്‍ ആയതിനാല്‍ ഇതിന്റെ ഫ്യൂസിലും മറ്റും കൊച്ചുകുട്ടികള്‍ക്കുപോലും എത്തിപ്പിടിക്കാന്‍ സാധിക്കും. മേരികുളം, ഉപ്പുതറ, കട്ടപ്പന തുടങ്ങിയ മേഖലകളിലെ വിവിധ സ്‌കൂളുകളില്‍ പഠിക്കുന്ന അനവധി വിദ്യാര്‍ഥികള്‍ സഞ്ചരിക്കുന്ന പാതയാണിത്. കൂട്ടമായി സഞ്ചരിക്കുന്ന വിദ്യാര്‍ഥികള്‍ ഫ്യൂസിലും മറ്റും പിടിക്കാനുള്ള സാധ്യതയേറെയാണെങ്കിലും സുരക്ഷാവേലി നിര്‍മിക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല. വളവുതിരിഞ്ഞു വരുന്ന പ്രദേശമായതിനാല്‍ നിയന്ത്രണംവിട്ടു വാഹനങ്ങള്‍ എത്തി ട്രാന്‍സ്‌ഫോമറില്‍ ഇടിച്ചാല്‍ വന്‍ദുരന്തമുണ്ടാകാനുള്ള സാധ്യതയും ഏറെയാണ്. കെഎസ്ആര്‍ടിസി  സ്വകാര്യ ബസുകളും സ്‌കൂള്‍ ബസുകളും വിനോദസഞ്ചാരികളുടെ വാഹനങ്ങളും അടക്കം ദിവസേന നൂറുകണക്കിനു വാഹനങ്ങള്‍ കടന്നുപോകുന്ന പാതയാണിത്. നിരപ്പേല്‍ക്കടയിലെ ട്രാന്‍സ്‌ഫോമറിന്റെ അവസ്ഥയും ഭിന്നമല്ല. തകര്‍ന്നുകിടക്കുന്ന റോഡ് നന്നാക്കാത്തതിനാല്‍ ദിവസം ചെല്ലുന്തോറും ഇതുവഴിയുള്ള യാത്ര ദുര്‍ഘടമായി മാറുകയാണ്. വാഹനങ്ങളുടെ കടന്നുവരവു കുറയാനും ഇതു വഴിയൊരുക്കുന്ന സ്ഥിതിയാണ്. അങ്ങനെയുണ്ടായാല്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ കാല്‍നടയായി സഞ്ചരിക്കേണ്ടിവരും. റോഡരികില്‍ സ്ഥാപിച്ചിരിക്കുന്ന ട്രാന്‍സ്‌ഫോമറിനു സുരക്ഷാവേലിയെങ്കിലും നിര്‍മിക്കാത്തത് അപകടസാധ്യത വര്‍ധിക്കാന്‍ കാരണമാകുമെന്നാണു പ്രദേശവാസികളുടെ ആശങ്ക. അപകടാവസ്ഥ പരിഹരിക്കാന്‍ ഉപ്പുതറ കെഎസ്ഇബി സെക്ഷന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നു പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top