ഭീഷണിപ്പെടുത്തിയും ചര്‍ച്ചയ്ക്ക് വഴിതുറന്നും കിം

സോള്‍: യുഎന്‍ ഉപരോധത്തിനും യുഎസിന്റെ  സമ്മര്‍ദത്തിനുമിടെ ഭീഷണി ശക്തിപ്പെടുത്തിയും ചര്‍ച്ചയ്ക്കു വഴിതുറന്നും ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍. ഉത്തര കൊറിയന്‍ അണ്വായുധങ്ങളുടെ ബട്ടന്‍ തന്റെ മേശപ്പുറത്താണുള്ളതെന്നും യുഎസിന് ഒരിക്കലും യുദ്ധം തുടങ്ങാന്‍ കഴിയില്ലെന്നും കിം മുന്നറിയിപ്പു നല്‍കി. പുതുവല്‍സരത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. യുഎസ് മൊത്തം തങ്ങളുടെ അണ്വായുധ പരിധിക്കുള്ളിലാണ്. ഇത് യാഥാര്‍ഥ്യമാണ്. ഭീഷണിയല്ല. അത് യുഎസിനും അറിയാം. അണ്വായുധം വികസപ്പിച്ചെടുക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ സംഭാഷണം. ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ ഇനി കുറഞ്ഞ സമയം മാത്രമേ ആവശ്യമുള്ളു. രാജ്യത്ത് വന്‍തോതില്‍ അണ്വായുധങ്ങളും ബാലിസ്റ്റിക് മിസൈലുകളും നിര്‍മിക്കുമെന്നും കിം മുന്നറിയിപ്പു നല്‍കി. അതേസമയം, ദക്ഷിണ കൊറിയയുമായി ചര്‍ച്ചയ്ക്കു തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണ കൊറിയയിലെ പ്യോങ്‌യാങ്ങില്‍ നടക്കുന്ന ശീതകാല ഒളിംപിക്‌സില്‍ ഉത്തര കൊറിയന്‍ ടീമിനെ വിടുന്ന കാര്യം പരിഗണിക്കും. ഇരു കൊറിയകള്‍ക്കും 2018 ഏറെ പ്രാധാന്യമുളളതാണ്. ഉത്തര കൊറിയക്കു 70ാം വയസ്സ് പൂര്‍ത്തിയാവുകയാണ്. ദക്ഷിണ കൊറിയക്ക് വിന്റര്‍ ഒളിംബിക്‌സ് നടക്കുന്നു എന്നതും.  ഒളിംപിക്‌സ് വന്‍ വിജയമാവട്ടേയെന്ന് ഉന്‍ ആശംസിച്ചു. ഉത്തര കൊറിയയുമായി എപ്പോള്‍ എവിടെ വച്ചും ചര്‍ച്ചയ്ക്കു തയ്യാറാണെന്നായിരുന്നു ദക്ഷിണ കൊറിയന്‍ പ്രതിനിധിയുടെ പ്രതികരണം. ഇരു കൊറിയന്‍ നേതാക്കളും ഒരു മേശയ്ക്കു ചുറ്റുമിരുന്നു സംഘര്‍ഷത്തിന് പരിഹാരം കാണുമെന്നും മേഖലയില്‍ സമാധാനം പുനസ്ഥാപിക്കുമെന്നുമാണ്  പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാം തങ്ങള്‍ കാണുന്നുണ്ടെന്നായിരുന്നു കിമ്മിന്റെ പുതിയ ഭീഷണിയോട് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രതികരണം.

RELATED STORIES

Share it
Top