ഭീമ കൊരേഗാവ് കേസ് പൂനെ കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

മുംബൈ: ഭിമ-കൊരേഗാവിലെ ആക്രമണവുമായി ബന്ധപ്പെട്ട് അഭിഭാഷകന്‍ സുരേന്ദ്ര ഗാഡ്‌ലിങിനും മറ്റുചില സാമൂഹിക പ്രവര്‍ത്തകര്‍ക്കുമെതിരേ രജിസ്റ്റര്‍ ചെയ്ത കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് പോലിസിന് കൂടുതല്‍ സമയം അനുവദിച്ച പൂനെ കോടതിയുടെ നടപടി ബോംബെ ഹൈക്കോടതി റദ്ദാക്കി. കുറ്റപത്രം സമര്‍പ്പിക്കുന്നതിന് 90 ദിവസം കൂടുതല്‍ സമയമാണ് കീഴ്‌ക്കോടതി അനുവദിച്ചിരുന്നത്. ഗാഡ്‌ലിങിന്റെയും മറ്റും കസ്റ്റഡി പിന്നീട് നീട്ടുകയും ചെയ്തിരുന്നു. ഈ നടപടികള്‍ നിയമവിരുദ്ധമാണെന്നു ജസ്റ്റിസ് മൃദുല ഭാട്കറുടെ ഏകാംഗ ബെഞ്ച് വ്യക്തമാക്കി.
ഇതോടെ, ഗാഡ്‌ലിങിനും മറ്റും ജാമ്യം ലഭിക്കാന്‍ വഴിയൊരുങ്ങി. എന്നാല്‍, സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കാന്‍ സമയം അനുവദിക്കണമെന്ന മഹാരാഷ്ട്ര സര്‍ക്കാരിന്റെ അപേക്ഷയില്‍ സ്വന്തം ഉത്തരവ് നടപ്പാക്കുന്നത് ജഡ്ജി നവംബര്‍ ഒന്നുവരെ സ്റ്റേ ചെയ്തിട്ടുണ്ട്.
ഭീമ-കൊരേഗാവ് കലാപവുമായി ബന്ധപ്പെട്ട കേസില്‍ നാഗ്പൂര്‍ സര്‍വകലാശാല ഇംഗ്ലീഷ് വിഭാഗം മേധാവി ഷോമ സെന്‍, ദലിത് പ്രവര്‍ത്തകന്‍ സുധീര്‍ ധവാലെ, സാമൂഹിക പ്രവര്‍ത്തകന്‍ മഹേഷ് റാവത്ത്, മലയാളി റോണ വി ആര്‍ എന്നിവരെ ഈ വര്‍ഷം ജൂണിലാണ് അറസ്റ്റ് ചെയ്തത്. മാവോവാദികളുമായി ബന്ധമുണ്ടെന്നാരോപിച്ച് യുഎപിഎ പ്രകാരമാണ് ഇവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്. തന്റെ കസ്റ്റഡി നീട്ടിയതും ജാമ്യം നിഷേധിക്കുന്നതും നിയമവിരുദ്ധമാണെന്നാരോപിച്ച് ഗാഡ്‌ലിങ് ഈ മാസമാദ്യമാണ് ഹൈക്കോടതിയെ സമീപിച്ചത്. കുറ്റപത്രം സമര്‍പ്പിക്കുന്നതിനു സമയം നീട്ടിനല്‍കിയതിനാല്‍ നടപടിക്രമങ്ങള്‍ പാലിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ തന്നെ കസ്റ്റഡിയില്‍ വയ്ക്കുന്നത് നിയമവിരുദ്ധമാണെന്നാണ് അദ്ദേഹം ഹരജിയില്‍ ചൂണ്ടിക്കാണിച്ചത്.
യുഎപിഎ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കണമെന്നാണ് ചട്ടം.

RELATED STORIES

Share it
Top