ഭീമ കൊരേഗാവ് കലാപം: കമ്മീഷന്‍ തെളിവെടുപ്പ് തുടങ്ങി

മുംബൈ: പൂനെയിലെ ഭീമ കൊരേഗാവില്‍ നടന്ന കലാപവുമായി ബന്ധപ്പെട്ട കേസില്‍ രണ്ടംഗ ജുഡീഷ്യല്‍ കമ്മീഷന്‍ സാക്ഷികളില്‍നിന്നു തെളിവെടുപ്പ് തുടങ്ങി. കലാപത്തില്‍ പരിക്കേറ്റ 40കാരിയായ ഗ്രാഫിക് ഡിസൈനറാണ് ആദ്യം മൊഴി നല്‍കിയത്. ബസ്സിനു നേരെ നടന്ന കല്ലേറിലാണ് തനിക്കു പരിക്കേറ്റതെന്ന്, വലതുപക്ഷ സംഘടനാ നേതാവ് മിലിന്ദ് എക്‌ബോതെയുടെ അഭിഭാഷകന്‍ നിതിന്‍ പ്രധാന്റെ എതിര്‍വിസ്താരത്തില്‍ അവര്‍ പറഞ്ഞു.
എക്‌ബോതെ കേസിലെ പ്രതിയാണ്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ കമ്മീഷന്‍ മുമ്പാകെ വിളിച്ചുവരുത്തണമെന്ന് നടപടികള്‍ തുടങ്ങുന്നതിനു മുമ്പ് സാമൂഹികപ്രവര്‍ത്തകന്‍ സഞ്ജയ് ലഖെ പാട്ടീല്‍ കമ്മീഷനോട് ആവശ്യപ്പെട്ടു. ഫഡ്‌നാവിസ് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്നതിനാല്‍ അദ്ദേഹത്തിന്റെ മൊഴി കമ്മീഷന്‍ രേഖപ്പെടുത്തണമെന്ന് പാട്ടീലിന്റെ അഭിഭാഷകന്‍ ബി എ ദേശായി ആവശ്യപ്പെട്ടു.
കലാപത്തിന് എക്‌ബോതെയാണ് ഉത്തരവാദിയെന്ന സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലത്തെ ആശ്രയിച്ചാണ് ദേശായി ഇക്കാര്യം ആവശ്യപ്പെട്ടത്. എന്നാല്‍, കമ്മീഷന്‍ ഇതുസംബന്ധിച്ച് ഉത്തരവിറക്കാന്‍ വിസമ്മതിച്ചു. മുഖ്യമന്ത്രിക്കെതിരേ പ്രഥമദൃഷ്ട്യാ തെളിവ് ഹാജരാക്കാനാണ് കമ്മീഷന്‍ ആവശ്യപ്പെട്ടത്.
കൊല്‍ക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജെ എന്‍ പട്ടേലിന്റെ നേതൃത്വത്തിലാണ് കമ്മീഷന്റെ പ്രവര്‍ത്തനം. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31ന് ഭീമ കൊരേഗാവിലുണ്ടായ കലാപത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.

RELATED STORIES

Share it
Top