ഭീമ കൊരേഗാവ് : അവസാന നിമിഷം കൂടുതല്‍ ജഡ്ജിമാരെ നിയോഗിച്ചു; വിധി പറയേണ്ടിയിരുന്നത് ഡി വൈ ചന്ദ്രചൂഡ് മാത്രമെന്ന് റിപോര്‍ട്ട്‌

ന്യൂഡല്‍ഹി: ഭീമ കൊരേഗാവ് സംഘര്‍ഷത്തിന്റെ പേരില്‍ അഞ്ചു മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയില്‍ വിധി പറയേണ്ടിയിരുന്നത് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് മാത്രമായിരുന്നെന്ന് റിപോര്‍ട്ട്.
ഇക്കാര്യം സുപ്രിംകോടതിയുടെ വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയിരുന്നു. കേസ് സംബന്ധിച്ച വിവരങ്ങള്‍, ആരുടെ ബെഞ്ചാണ് കേസ് പരിഗണിക്കുക, ആരാണ് വിധി പറയുക, അതിന്റെ സമയം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ സുപ്രിംകോടതി രജിസ്ട്രിയാണ് വെബ്‌സൈറ്റില്‍ രേഖപ്പെടുത്താറുള്ളത്.
എന്നാല്‍, സപ്തംബര്‍ 28ന് മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. അന്ന് രാവിലെ രജിസ്ട്രി അപ്‌ലോഡ് ചെയ്ത നോട്ടീസിലാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ചീഫ് ജസ്റ്റിസ് എ എം ഖാന്‍വില്‍കര്‍ എന്നിവര്‍ കൂടി ചന്ദ്രചൂഡിനൊപ്പം വിധി പറയാനുണ്ടാവുമെന്നു പറയുന്നത്. ഇതിന്റെയെല്ലാം സ്‌ക്രീന്‍ഷോട്ട് അടക്കമുള്ള വിവരങ്ങള്‍ കാരവന്‍ മാഗസിന്‍ ആണ് പുറത്തുവിട്ടത്.
അതേസമയം, ജസ്റ്റിസ് ഖാന്‍വില്‍കര്‍ വിധി പ്രഖ്യാപിക്കുമെന്നത് എന്തുകൊണ്ട് ആദ്യത്തെ ദിവസം സൈറ്റില്‍ രേഖപ്പെടുത്തിയില്ല എന്നതിന് മറുപടി നല്‍കാന്‍ രജിസ്ട്രാര്‍ രാജ്കുമാര്‍ ചൗബി തയ്യാറായില്ലെന്നും കാരവന്‍ മാഗസിന്‍ പറയുന്നു.
ജസ്റ്റിസ് ഖാന്‍വില്‍കര്‍ കൂടി വിധിപറയുമെന്നത് സാധാരണ നടപടി ക്രമത്തിന്റെ ഭാഗമായി ഉണ്ടായതല്ല. ജസ്റ്റിസ് ചന്ദ്രചൂഡിന്റെ വിധി ഇതായിരിക്കുമെന്നു സര്‍ക്കാര്‍ അനുമാനിച്ചിരിക്കാമെന്നും കേന്ദ്രസര്‍ക്കാരിന് ഇതു പ്രധാനപ്പെട്ട കേസായതുകൊണ്ടാണിതെന്നുമാണ് ഇതിനെ കുറിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കു വേണ്ടി ഹാജരായ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞത്.
എന്നാല്‍, വിഷയത്തില്‍ മനു സിങ്‌വി, അഡീഷനല്‍ സോളിസിറ്റര്‍ ജനറലായ തുഷാര്‍ മേത്ത എന്നിവര്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. മൗലികമായ നീതി നിഷേധിക്കാന്‍ സാങ്കേതികത്വത്തെ അനുവദിക്കരുതെന്നാണ് ഡി വൈ ചന്ദ്രചൂഡ് തന്റെ വിധിന്യായത്തില്‍ വ്യക്തമാക്കിയിരുന്നത്. ഭരണഘടനാപരമായ അവകാശങ്ങളുടെ പ്രാധാന്യം വ്യക്തമാക്കിയാണ് ചന്ദ്രചൂഡ് വിധിന്യായം ആരംഭിക്കുന്നത്. പൂനെ പോലിസ് ഈ കേസില്‍ ഇതുവരെ നടത്തിയ നടപടികളെ അതിരൂക്ഷമായ ഭാഷയിലാണ് ചന്ദ്രചൂഡ് വിമര്‍ശിച്ചത്.
പോലിസ് അന്വേഷണം ശരിയല്ലെന്നു തോന്നിയാല്‍ കോടതിയുടെ ഇടപെടല്‍ ഉണ്ടാവണമെന്ന് ഐഎസ്ആര്‍ഒ കേസിലെ നമ്പി നാരായണന്റെ അനുഭവം ചൂണ്ടിക്കാട്ടി ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തമാക്കി. അതിനാല്‍, എസ്‌ഐടി അന്വേഷണത്തിന് ഉചിതമായ കേസാണിതെന്നും ജസ്റ്റിസ് ചന്ദ്രചൂഡിന്റെ വിധിയില്‍ പറയുന്നു.
കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചതിനു പിന്നാലെ മഹാരാഷ്ട്ര പോലിസ് വളരെ തിടുക്കത്തില്‍ വാര്‍ത്താസമ്മേളനം വിളിച്ചു. ഇത് മാധ്യമ വിചാരണയ്ക്ക് കാരണമായി. പ്രതിയാക്കപ്പെട്ട സുധാ ഭരദ്വാജ് എഴുതിയെന്നു പറയപ്പെടുന്ന കത്ത് റിപബ്ലിക് ടിവിയില്‍ സംപ്രേഷണം ചെയ്തു. പൊതുബോധം രൂപീകരിക്കുന്നതിനായി മഹാരാഷ്ട്ര പോലിസ് ഇലക്‌ട്രോണിക് മാധ്യമങ്ങളെ ഉപയോഗിച്ചു. കേസ് പൂനെ പോലിസ് നന്നായി പൂര്‍ത്തിയാക്കുമോയെന്ന സംശയം ഉന്നയിച്ചാണ് വിഷയത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ ചന്ദ്രചൂഡ് ഉത്തരവിട്ടത്.

RELATED STORIES

Share it
Top