ഭീതിവല്‍ക്കരണത്തില്‍ എഴുത്തുകാരന്റെ പിന്‍വലിയല്‍ ഖേദകരം: സേതു

കൊടുങ്ങല്ലൂര്‍: ഭീതിവല്‍ക്കരണത്തിന്റെ പേരില്‍ എഴുത്തുകാര്‍ പിന്‍വലിയുന്നത് അത്യന്തം ഖേദകരമെന്ന് എഴുത്തുകാരന്‍ സേതു. ഹരീഷിന്റെ മീശ എന്ന നോവല്‍ പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ എഴുത്തുകാര്‍ നേരിടുന്ന പ്രതിസന്ധികള്‍ നിരാശാജനകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സാഹിത്യപരിഷത്തും മലയാളം വാരികയും ചേര്‍ന്ന് സംഘടിപ്പിച്ച ദ്വിദിന ക്യാംപിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാശ്ചാത്യ എഴുത്തുകാരില്‍ ഡോണികരുടെ ഗവേഷണ ഗ്രന്ഥം ഡല്‍ഹിയില്‍ കത്തിച്ചതും പെരുമാള്‍ മുരുകന്റെ എഴുത്ത് നിര്‍ത്തിച്ചതും ഹരീഷിനെ പിന്തുടരുന്ന അതേ ശക്തികളാണ്.
ഇതിന് പിറകില്‍ മുന്‍കൂട്ടിയുള്ള അജണ്ടയുണ്ട്. എഴുത്തുകാരോട് വിയോജിക്കുന്നതിന് പകരം അവരുടെ വീട്ടുകാരെയും ബന്ധുക്കളെയും അപമാനിക്കുകയും അക്രമിക്കുകയും ചെയ്യുന്ന ശൈലി ഈ സംഘം സ്വീകരിക്കുന്നതായും സേതു കുറ്റപ്പെടുത്തി.
ബുക്ക്ട്രസ്റ്റിലിരിക്കുമ്പോള്‍ തനിക്കുണ്ടായ വേദനാജനക അനുഭവവും സേതു പങ്കുവെച്ചു. വൈസ്
പ്രസിഡന്റ് ബാലചന്ദ്രന്‍ വടക്കേടത്ത് അധ്യക്ഷത വഹിച്ചു. ജി ഉഷാകുമാരി അരിക്ജീവിതത്തെ കുറിച്ച് ക്ലാസെടുത്തു. കഥാസംവാദത്തില്‍ വിനു എബ്രഹാം, തോമസ് ജോസഫ്, ജോര്‍ജ്ജ് ജോസഫ് കെ, ലിസി, കെ.എ.സെബാസ്റ്റ്യന്‍, ബക്കര്‍ മേത്തല പങ്കെടുത്തു. വിവിധ സെഷനുകളിലായി നെടുമുടി ഹരികുമാര്‍, ടി.എന്‍.വിശ്വംഭരന്‍, പി.എം.നാസര്‍, പി.യു നമീര്‍, സജി ജെയിംസ് സംസാരിച്ചു.

RELATED STORIES

Share it
Top