ഭീതിയൊഴിയാതെ തീരം: ദുരിതജീവിതത്തില്‍ തീരദേശം

പൊന്നാനി: കടല്‍ക്ഷോഭത്തിന് നേരിയ ആശ്വാസം വന്നെങ്കിലും തീരദേശത്ത് ഭീതിയൊഴിയുന്നില്ല. ഏതു നിമിഷവും കടല്‍ അടിച്ചു കയറുമെന്ന ആശങ്കയിലാണ് പൊന്നാനി മുതല്‍ പാലപ്പെട്ടി കാപ്പിരിക്കാട് വരെയുള്ള ആയിരക്കണക്കിന് തീരദേശവാസികള്‍ ഓരോ ദിവസവും തള്ളി നീക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസത്തില്‍ മാത്രം ഏഴ്് വീടുകളാണ് ഇവിടെ പൂര്‍ണമായും 15 വീടുകള്‍ ഭാഗികമായും തകര്‍ന്നു. നൂറോളം വീടുകളിലേയ്ക്ക് ഇപ്പോഴും കടല്‍  വെള്ളം അടിച്ചു കയറുന്നുണ്ട്. പലരും ബന്ധുവീടുകളിലേയ്ക്ക് താമസം മാറ്റിയിരിക്കുകയാണ്.കടല്‍ക്ഷോഭത്തിന്റെ കെടുതികള്‍ അനുഭവിക്കുന്ന പ്രദേശങ്ങളില്‍  മെഡിക്കല്‍ സംഘം സന്ദര്‍ശനം നടത്തി.
രൂക്ഷമായ കടല്‍ക്ഷോഭം അനുഭവപ്പെട്ട പൊന്നാനി നഗരസഭയിലെ തീരദേശ പ്രദേശങ്ങളിലാണ്  പൊന്നാനി താലൂക്ക് ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ സംഘം സന്ദര്‍ശനം നടത്തി പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കാതിരിക്കാനുള്ള ബോധവത്കരണം നല്‍കിയത്.
താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഷാജ് കുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ ടി ഹരിദാസ്, പിആര്‍ഒ ശ്രീജിത്ത്, പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാരായ മഞ്ജുള, ധനശ്രീ  നേതൃത്വം നല്‍കി.  കടലാക്രമണം തടയാന്‍ നാട്ടുകാര്‍ സ്ഥാപിച്ച മണല്‍ക്കൂനകള്‍ ശക്തമായ തിരയില്‍ തകര്‍ന്നിട്ടുണ്ട്.
എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ചാണ് പലയിടത്തും മണല്‍ക്കൂനകള്‍ നിര്‍മിച്ചിട്ടുള്ളത്. മഴക്കെടുതിയില്‍ ജില്ലയ്ക്ക് ആകെ അനുവദിച്ചത് 26,37 കോടി രൂപയാണ്.എന്നാല്‍ കടല്‍ക്ഷോഭത്തി ല്‍ നാശനഷ്ടം സംഭവിച്ചവര്‍ക്ക് നാമമാത്രമായ തുക മാത്രമാണ് ലഭിക്കുക. കടലാക്രമണം പ്രകൃതിക്ഷോഭത്തില്‍ ഉള്‍പ്പെടാത്തതാണ് കാരണം. അതുതന്നെയാണ് തീരദേശവാസികളെ കൂടുതല്‍ ആശങ്കയിലാഴ്ത്തുന്നതും.

RELATED STORIES

Share it
Top