ഭീകരാന്തരീക്ഷം സൃഷ്ടിച്ച വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു

അമ്പലപ്പുഴ: മദ്യക്കുപ്പികള്‍ റോഡില്‍ അടിച്ചുപൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച നാല് പത്താംക്ലാസ് വിദ്യാര്‍ത്ഥികളെ അമ്പലപ്പുഴ പൊലീസ് അറസ്റ്റുചെയ്തു. കരുമാടി മാമ്പലത്തറ റയില്‍വേക്രോസിന് സമീപം ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.
പൊതുനിരത്തിലിരുന്നു മദ്യപിച്ചതിന് ശേഷം കാലിക്കുപ്പികള്‍ റോഡില്‍ അടിച്ചുപൊട്ടിച്ചും  പടക്കങ്ങള്‍ കത്തിച്ച് വലിച്ചെറിഞ്ഞും ഭീകരന്തരീക്ഷം സൃഷ്ടിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തിയപ്പോഴേയ്ക്കും സംഘം കടന്നുകളഞ്ഞു. തുടര്‍ന്ന് സമീപത്തെ ഒരു സ്ഥാപനത്തിലെ സി സി കാമറ പരിശോധിച്ചപ്പോഴാണ് പ്രതികളെ കുറിച്ചുള്ള വിവരം ലഭിച്ചത്. തുടര്‍ന്ന് പൊലീസ് ഇവരെ അറസ്റ്റുചെയ്യുകയായിരന്നു.
പടക്കം വലിച്ചെറിഞ്ഞ് സമീപത്തെ വീടിനുമുന്നില്‍ വിരിച്ചിരുന്ന ടൈലുകള്‍ക്ക് വിള്ളലുണ്ടായി.  പൊതുനിരത്തില്‍ മദ്യപിച്ച് ബഹളം വെയ്ക്കുകയും മനുഷ്യജീവന് ഭീഷണിയാകുന്നതരത്തില്‍ റോഡില്‍ കുപ്പിച്ചില്ലുകള്‍ വിതറുകയും ചെയ്തകുറ്റം ചുമത്തി പതിനഞ്ചുവയസുള്ള വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ രക്ഷകര്‍ത്താക്കള്‍ക്കൊപ്പം വിട്ടയച്ചു.

RELATED STORIES

Share it
Top