ഭീകരാന്തരീക്ഷം സൃഷ്ടിച്ച് തെരുവ്‌നായകള്‍

കൊച്ചി: കൊച്ചി, മരട്, തൃപ്പൂണിത്തുറ നഗരസഭ പരിധിയില്‍ തെരുവ്‌നായ ശല്യം രൂക്ഷമാവുന്നു. നായ്ക്കളുടെ ആക്രമണത്തില്‍ നിന്നും ഇരുചക്രവാഹന യാത്രികള്‍ ഉള്‍പ്പെടെയുള്ളവര്‍ രക്ഷപ്പെടുന്നത് തലനാരികയ്ക്ക്. തെരുവ് നായ്ക്കളെ വന്ധ്യംകരിക്കാന്‍ സംസ്ഥാനത്ത് ആദ്യമായി തുടക്കം കുറിച്ച എബിസി പദ്ധതിയും ഓപറേഷന്‍ തിയേറ്ററും പദ്ധതികള്‍ നിലച്ചു. ഈ പദ്ധതികള്‍ തുടര്‍ച്ചയായി 6 മാസം പോലും നടപ്പാക്കാന്‍ അധികൃതര്‍ക്ക് സാധിച്ചില്ല. തെരുവുനായ്ക്കള്‍ വാഹനയാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഭീഷണിയായി മാറിയിരിക്കുകയാണ്.  മിക്കയിടങ്ങളിലും മാലിന്യം തള്ളുന്ന പ്രദേശങ്ങളിലാണ് തെരുവ് നായ്ക്കളുടെ വിളയാട്ടം. കൂട്ടമായെത്തുന്ന നായ്ക്കള്‍ വാഹന യാത്രക്കാരെ ആക്രമിക്കാന്‍ ശ്രമിക്കുന്നത് പതിവാണ്. മാലിന്യപ്രശ്‌നത്തിന് പരിഹാരം കാണാനാവാത്തതും തെരുവ് നായ്ക്കളുടെ ശല്യം വര്‍ധിക്കാന്‍ മറ്റൊരു കാരണമാവുന്നതായി നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നു. കലൂര്‍ മാര്‍ക്കറ്റ്, സ്‌റ്റേഡിയം റോഡ്, തമ്മനം റോഡ്, സൗത്ത് റെയില്‍വേ സ്‌റ്റേഷന്‍, കെഎസ്ആര്‍ടിസി സ്റ്റാന്റ്, വൈറ്റില ഹബ്ബ്, തൃപ്പൂണിത്തുറ ജങ്ഷന്‍, ചമ്പക്കര മാര്‍ക്കറ്റ്, നെട്ടൂരില്‍ നാഷണല്‍ ഹൈവേ അണ്ടര്‍ പാസ്, പിഡബ്ലിയൂഡി റോഡ്, മനക്കച്ചിറ റോഡ്, രാജ്യാന്തര മാര്‍ക്കറ്റ് പരിസരം, മരട് കൊട്ടാരം ജങ്ഷന്‍, മരട് പോലിസ് സ്‌റ്റേഷനു സമീപം, തേവര കുണ്ടന്നൂര്‍പാലം, തൃപ്പൂണിത്തുറ, പേട്ട എന്നിങ്ങനെയുള്ള മിക്ക സ്ഥലങ്ങളിലും തെരുവ് നായ്ക്കളുടെ ആക്രമണം കൂടി വരുന്നതായി കാണുന്നു. സംസ്ഥാനത്ത് ആദ്യമായി മരട് നഗരസഭയില്‍ തുടക്കം കുറിച്ച അനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍ (എബിസി)എന്ന പേരില്‍ നായ്ക്കളെ പിടിച്ചു വന്ധ്യംകരണം ചെയ്തു യഥാസ്ഥലങ്ങളില്‍ തിരിച്ചു കൊണ്ട് വന്ന് വിടുന്ന പരിപാടി തുടക്കത്തില്‍ തന്നെ പാളി. സംസ്ഥാനത്ത് ആദ്യമായി തുടക്കം കുറിച്ച തൃപ്പൂണിത്തുറയിലെ നായ്ക്കളുടെ വന്ധ്യംകരത്തിനുള്ള ഓപറേഷന്‍ തിയേറ്ററിന്റെയും അവസ്ഥ ഖേദകരമാണ്. തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ നിന്ന് ജനങ്ങളെയും വളര്‍ത്ത് മൃഗങ്ങളെയും രക്ഷിക്കാനുള്ള പദ്ധതി തയ്യാറാക്കാന്‍  അധികൃതര്‍ തയ്യാറായിട്ടില്ല എന്നുള്ളതാണ് വസ്തുത. ഇന്നലെ മരടില്‍ പിഞ്ചു കുട്ടിയടക്കം 11 പേര്‍ക്ക് വളര്‍ത്തു നായയുടെ കടിയേറ്റിരുന്നു.

RELATED STORIES

Share it
Top