ഭിന്നശേഷിക്കാര്‍ക്ക് ഹജ്ജ് നിര്‍ബന്ധമില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ഭിന്നശേഷിക്കാര്‍ക്ക് ഹജ്ജ് കര്‍മത്തിനു പോവല്‍ നിര്‍ബന്ധമില്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രാലയം ഡല്‍ഹി ഹൈക്കോടതിയില്‍ മറുപടി സത്യവാങ്മൂലം നല്‍കി. 2018-22 വര്‍ഷത്തേക്കുള്ള ഹജ്ജ് നയം ചോദ്യം ചെയ്ത് നല്‍കിയ ഹരജിയിലാണ് കേന്ദ്ര മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ശാരീരികവും സാമ്പത്തികവുമായി കഴിവുള്ളവര്‍ക്ക് മാത്രമാണ് ഹജ്ജ് കര്‍മം ചെയ്യല്‍ കടമയുള്ളൂവെന്നും മണിക്കൂറുകള്‍ക്കുള്ളില്‍ 20 ലക്ഷത്തില്‍ അധികം ആളുകള്‍ പങ്കെടുക്കുന്ന ഹജ്ജ് കര്‍മം നിര്‍വഹിക്കുന്നത് ഭിന്നശേഷിക്കാരായ ആളുകള്‍ക്ക് ബുദ്ധിമുട്ടാവുമെന്നുമാണ് സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നത്. മിനായിലെ ആള്‍ക്കൂട്ടം നിയന്ത്രിക്കുക എന്നത് ഒരു വലിയ പ്രശ്‌നമാണെന്നും ഇന്ത്യയില്‍ നിന്നുള്ള തീര്‍ത്ഥാടകരില്‍ ഭൂരിഭാഗവും ആദ്യമായി വിദേശത്ത് പോകുന്നവരാണെന്നും അവരില്‍ തന്നെ ഭൂരിപക്ഷം ആളുകളും 50 വയസ്സിനു മുകളിലുള്ളവരാണെന്നും കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഭിന്നശേഷിക്കാര്‍ക്ക് ഹജ്ജിന് അപേക്ഷിക്കാനുണ്ടായിരുന്ന വിലക്ക് നീക്കുമെന്ന് ജനുവരി ആറിന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഭിന്നശേഷിക്കാര്‍ക്ക് ഹജ്ജിന് അപേക്ഷിക്കാന്‍ യോഗ്യതയുണ്ടായിരിക്കില്ലെന്ന മാര്‍ഗനിര്‍ദേശത്തിലെ വ്യവസ്ഥയ്‌ക്കെതിരേ ഭിന്നശേഷിക്കാരുടെ ദേശീ—യ വേദി എന്‍പിആര്‍ഡി കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിയെ നേരില്‍ കണ്ടു നിവേദനം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ന്യൂനപക്ഷകാര്യ മന്ത്രാലയം ഇതുസംബന്ധിച്ച തീരുമാനം എടുത്തത്.
ഇത്തരക്കാര്‍ക്കുള്ള വിലക്ക് 60 വര്‍ഷമായി തുടരുന്നതാണെന്നും ഇത് സൗദി അറേബ്യ വച്ച ചില നിയന്ത്രണങ്ങള്‍ കാരണമാണെന്നും എന്നാല്‍ ഈ വര്‍ഷം മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ഭിന്നശേഷിക്കാര്‍ക്ക് ഹജ്ജിന് അപേക്ഷിക്കുന്നതിന് അവസരം നല്‍കുമെന്നും മുഖ്താര്‍ അബ്ബാസ് നഖ്‌വി വ്യക്തമാക്കിയിരുന്നു.  ഈ ഉറപ്പുകള്‍ക്ക് വിരുദ്ധമാണ് മന്ത്രാലയം കോടതിയില്‍ സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലം.
കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച ഹജ്ജ് മാര്‍ഗനിര്‍ദേശത്തിലെ വ്യവസ്ഥകള്‍ 2016ലെ ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ക്കുള്ള നിയമങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ചാണ് എന്‍പിആര്‍ഡി കേന്ദ്രമന്ത്രിയെ കണ്ടത്.

RELATED STORIES

Share it
Top