ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി പ്രത്യേക കോടതി സ്ഥാപിക്കണംന്യൂഡല്‍ഹി: ഭിന്നശേഷിയുള്ളവരുടെ കേസുകള്‍ കാലതാമസം കൂടാതെ പരിഹരിക്കുന്നതിനായി പ്രത്യേക കോടതികള്‍ സ്ഥാപിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് സുപ്രിംകോടതി നിര്‍ദേശം. ഇതുസംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും കോടതി നിര്‍ദേശം നല്‍കി. എല്ലാ ജില്ലകളിലും ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക കോടതികള്‍ സ്ഥാപിക്കണം. ഇതിനായി പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ നിയമിക്കണമെന്നും കോടതി, സംസ്ഥാനത്തെ ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച നോട്ടീസില്‍ വ്യക്തമാക്കുന്നുണ്ട്. മൂന്നു മാസത്തിനകം ഇതു നടപ്പാക്കണം. 2017 ആഗസ്ത് 16ന് ഇതുസംബന്ധിച്ച് കോടതി അവലോകനം നടത്തും. ഭിന്നശേഷിക്കാരുടെ അവകാശവും അര്‍ഹതയും ഉറപ്പുവരുത്തുന്നതിനായി 2016ലെ ആക്ടിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്നും സംസ്ഥാനങ്ങള്‍ക്ക് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേന്ദ്ര ക്ഷേമമന്ത്രാലയ സെക്രട്ടറി, സംസ്ഥാനത്തെ ചീഫ് സെക്രട്ടറിമാര്‍, കേന്ദ്രഭരണ പ്രദേശങ്ങളിലെ അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ എന്നിവര്‍ ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ സംബന്ധിച്ച നിയമത്തിലെ ശുപാര്‍ശകള്‍ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ജസ്റ്റിസുമാരായ ദീപക് മിശ്ര, എ എം ഖാന്‍വില്‍കര്‍, മോഹന്‍ എം ശാന്തനഗൗഡര്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

RELATED STORIES

Share it
Top