ഭിന്നശേഷിക്കാര്‍ക്ക് മുന്തിയ പരിഗണന നല്‍കി മാനന്തവാടി ആര്‍ടിഒ ജീവനക്കാര്‍

മാനന്തവാടി: ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷിക്കുന്ന ഭിന്നശേഷിക്കാര്‍ക്ക് ആര്‍ടി ഓഫിസ് ജീവനക്കാര്‍ പ്രത്യേക സൗകര്യമൊരുക്കി പരീക്ഷ നടത്തി. മാനന്തവാടി സബ് റീജ്യനല്‍ ഓഫിസ് ജീവനക്കാരാണ് കെട്ടിടത്തിന്റെ പടികള്‍ കയറാനാവാത്ത ഭിന്നശേഷിക്കാര്‍ക്ക് തുണയായത്. ബ്ലോക്ക് പഞ്ചായത്ത് നല്‍കിവരുന്ന മുച്ചക്രവാഹനം ലഭിക്കാനും ഓടിക്കാനും ലൈസന്‍സ് നിര്‍ബന്ധമാണെന്നിരിക്കെ, അപേക്ഷയുമായെത്തിയവര്‍ക്കാണ് ജീവനക്കാര്‍ തുണയായത്.
കെല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസിന്റെ മൂന്നാംനിലയിലാണ് പരീക്ഷയ്ക്കായി കംപ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങളുള്ളത്. എന്നാല്‍, ഭിന്നശേഷിക്കാരില്‍ പലര്‍ക്കും ഒന്നിലധികം ആളുകളുടെ സഹായത്തോടെ മാത്രമേ ഇവിടെയെത്തി പരീക്ഷയെഴുതാന്‍ കഴിയുകയുള്ളൂ. ഇതു മനസ്സിലാക്കിയാണ് ജോയിന്റ് ആര്‍ടിഒ ബി സാജുവിന്റെ നേതൃത്വത്തിലുള്ള ജീവനക്കാര്‍ താല്‍ക്കാലിക കെട്ടിടത്തിനടിയിലെ മുറിയില്‍ സൗകര്യങ്ങളൊരുക്കിയത്.
പാലിയേറ്റീവ് കേന്ദ്രത്തിന്റെ ഓഫിസില്‍ മൂന്നു കംപ്യൂട്ടറുകളും കേബിള്‍ നെറ്റ്‌വര്‍ക്കും ഒരുക്കിയാണ് പരീക്ഷാര്‍ഥികളെ ഇരുത്തിയത്. 16 പേര്‍ പരീക്ഷയെഴുതി. കൂടുതല്‍ അപേക്ഷകരെത്തിയാല്‍ ഇത്തരത്തില്‍ തുടര്‍ന്നും സൗകര്യമൊരുക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ച് നടന്ന ചടങ്ങില്‍ ആര്‍ടിഒ വി സജിത് അധ്യക്ഷത വഹിച്ചു.

RELATED STORIES

Share it
Top