ഭിന്നശേഷിക്കാര്‍ക്ക് താങ്ങാവാതെ മഞ്ചേരി നഗരസഭയുടെ പ്രീ സ്‌കൂള്‍

റജീഷ് കെ സദാനന്ദന്‍

മഞ്ചേരി: ശ്രവണ,സംസാര വൈകല്യമുള്ളവര്‍ക്കായി മഞ്ചേരി പയ്യനാട് താമരശ്ശേരിയില്‍ നഗരസഭ ആരംഭിച്ച പ്രീ സ്‌കൂള്‍ പ്രവര്‍ത്തന പ്രതിസന്ധി നേരിടുന്നത് പരിഹരിക്കാതെ ബഡ്‌സ് സ്‌കൂള്‍ പദ്ധതി നടപ്പാക്കാന്‍ നഗരസഭ ഒരുങ്ങുന്നു. 17 ലക്ഷം രൂപയാണ് ബജറ്റില്‍ ഇതിനായി നീക്കിവച്ചിരിക്കുന്നത്.
പയ്യനാട് തന്നെയുള്ള കമ്മ്യൂണിറ്റി ഹാള്‍ ബഡ്‌സ് സ്‌കൂളിനായി ഉപയോഗപ്പെടുത്താനുള്ള വിധത്തിലാണ് പ്രാഥമിക ചര്‍ച്ചകള്‍ നടക്കുന്നത്. എന്നാല്‍, ഇതിനടുത്തുള്ള പ്രീ സ്‌കൂള്‍ ഭിന്നശേഷിക്കാര്‍ക്ക് ഉപകാരയോഗ്യമാക്കാന്‍ നിലവില്‍ നടപടികളേതുമില്ല. പ്രീ സ്‌കൂളില്‍ നാലു കുട്ടികള്‍ മാത്രമാണ് പലപ്പോഴായി പരിശീലനത്തിന് എത്തുന്നത്. നഗരത്തില്‍ നിന്നു ഏറെ മാറിയുള്ള കേന്ദ്രത്തിലേക്ക് എത്തിച്ചേരാനുള്ള പ്രയാസമാണ് നിലവിലെ പ്രധാന വെല്ലുവിളി. നഗരസഭ പരിധിയിലുള്ളവരല്ല ഇപ്പോള്‍ ഇവിടെ പരിശീലനത്തിനെത്തുന്നത് എന്നതും ശ്രദ്ധേയമാണ്. മഞ്ചേരിയില്‍തന്നെ ഭിന്നശേഷിക്കാരായി 552 കുട്ടികളുണ്ടെന്നാണ് കണക്ക്.
ഇവരെപോലും പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ കേന്ദ്രത്തിനാവുന്നില്ല. ശ്രവണ, സംസാര, കാഴ്ച പരിമിതരും പഠന വൈകല്യങ്ങളുള്ളവരും ഇതിലുള്‍പ്പെടും. ഇവരില്‍ പലര്‍ക്കും യാത്രയാണ് പ്രതിസന്ധി തീര്‍ക്കുന്നതെന്ന് രക്ഷിതാക്കള്‍ തന്നെ പറയുന്നു. പ്രത്യേക പരിചരണം ആവശ്യമായ കുട്ടികളുമായി നഗരത്തിലെത്തി പിന്നീട് മറ്റൊരു ബസ്സില്‍ കയറി താമരശ്ശേരിയിലെത്തുന്നത് വലിയ വെല്ലുവിളിയാണ്. സ്പീച്ച് തെറാപ്പി, ലിസണിങ് തെറാപ്പി, കളറിങ്, ബ്ലോക് ഗൈംസ് എന്നിവയാണ് കേന്ദ്രത്തില്‍ പരിശീലിപ്പിക്കുന്നത്. എട്ടു വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്ക് ഗുണകരമാവുന്ന പരിശീലനം വേണ്ട വിധം ഉപയോഗിക്കാനാവാത്തതാണ് പ്രീ സ്‌കൂള്‍ അകാല ചരമമടയാന്‍ പ്രധാന കാരണം. ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കളില്‍നിന്നുള്ള നിരന്തര ആവശ്യം പരിഗണിച്ചാണ് മഞ്ചേരി നഗരസഭ പദ്ധതി വിഭാവനം ചെയ്തത്.
താമരശ്ശേരിയില്‍ നഗരസഭ ജീവനക്കാര്‍ക്കായി നിര്‍മിച്ച ക്വാര്‍ടേഴ്‌സ് കെട്ടിടം സ്‌കൂളിനായി ഉപയോഗപ്പെടുത്തി. 2010 സപ്തംബര്‍ രണ്ടിന് മഞ്ചേരി എംഎല്‍എ ആയിരുന്ന മുന്‍ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്ത സ്‌കൂളില്‍നിന്ന് പ്രത്യേക പരിശീലനം ലഭിച്ച അധ്യാപികയുടെ ശിക്ഷണത്തില്‍ ഇതിനകം 35ലധികം കുട്ടികളാണ് പഠനം പൂര്‍ത്തിയാക്കിയത്. ആദ്യ വര്‍ഷത്തില്‍ 15 കുട്ടികളുണ്ടായിരുന്ന കേന്ദ്രത്തിലാണ് ഇപ്പോള്‍ അഞ്ചു കുട്ടികളെ പോലും കണ്ടെത്താനാവാത്ത ദുരവസ്ഥ. ശ്രവണ, സംസാര വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കു മാത്രമായി കേന്ദ്രം പരിമിതപ്പെട്ടതും കുട്ടികളുടെ എണ്ണ കുറവിന് ഇടയാക്കി. മാനസിക വെല്ലുവിളിയും ഓട്ടിസവും നേരിടുന്ന കുട്ടികളെക്കൂടി പരിഗണിക്കുകയും ശാസ്ത്രീയ പരിശീലനത്തിന് പദ്ധതി ആവിഷ്‌കരിക്കുകയും ചെയ്താല്‍ പ്രീ സ്‌കൂളിന് സ്വീകാര്യത വര്‍ധിക്കുമെന്ന് അഭിപ്രായം വ്യാപകമായുണ്ട്.
താമരശ്ശേശരിയില്‍ നിന്ന് സ്ഥാപനം ജനങ്ങള്‍ക്ക് വേഗത്തിലെത്തിപ്പെടാവുന്ന സ്ഥലങ്ങളിലേക്കു മാറ്റിയാലും ഇപ്പോഴത്തെ നിര്‍ജീവാവസ്ഥയ്ക്ക് പരിഹാരമാവും. ഇക്കാര്യത്തില്‍ പക്ഷേ നഗരസഭ അനിവാര്യമായ നിലാപാടെടുക്കാന്‍ മടിക്കുകയാണ്.
പ്രീ സ്‌കൂളിനെ അവഗണിച്ച് തൊട്ടുത്തുതന്നെ ബഡ്‌സ് സ്‌കൂള്‍ ആരംഭിച്ചാലും ഇതേ അവസ്ഥയാവുമെന്ന് ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കള്‍ പറയുന്നു.
നഗരസഭയുടെ ഈ നീക്കം കൃത്യമായി പ്രതിരോധിക്കാന്‍ പ്രതിപക്ഷത്തിനുമാവുന്നില്ല. സന്ധ്യമയങ്ങുന്നതോടെ സാമൂഹിക വിരുദ്ധരുടെ കൂത്തരങ്ങായും മാറുകയാണ് നിലവിലെ പ്രീ സ്‌കൂള്‍. മദ്യപ സംഘങ്ങളും മറ്റും കൈയേറുന്ന പ്രത്യേക പരിശീലന കേന്ദ്രം വൃത്തിയാക്കിയെടുക്കലാണ് പ്രീ സ്‌കൂള്‍ ജീവനക്കാരുടെ പ്രധാന ജോലി. ലക്ഷങ്ങള്‍ ചെലവിട്ട് നിര്‍മിക്കുന്ന പദ്ധതികള്‍ ലക്ഷ്യത്തിലെത്താതെ സാമൂഹിക വിരുദ്ധര്‍ക്ക് താവളങ്ങള്‍ വര്‍ധിപ്പിക്കുന്ന നഗരസഭ നയം ജനകീയ പ്രതിഷേധത്തിനും വഴി തുറക്കുന്നുണ്ട്.

RELATED STORIES

Share it
Top