ഭിന്നശേഷിക്കാര്‍ക്ക് ജോയ്‌സ്റ്റിക്ക് വീല്‍ചെയറും കാഴ്ചയില്ലാത്തവര്‍ക്കായി സ്മാര്‍ട്ട് ഫോണും

ആലപ്പുഴ: സാമൂഹ്യ നീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഭിന്ന ശേഷിക്കാര്‍ക്ക് ജോയ് സ്റ്റിക്  ഓപ്പറേറ്റഡ് വീല്‍ചെയര്‍ ഉള്‍പ്പടെയുള്ള ആധുനിക സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു. പൂര്‍ണമായും മോട്ടോറില്‍ പ്രവര്‍ത്തിക്കുന്ന ജോയ് സ്റ്റിക് ഓപ്പറേറ്റഡ് ജോയ് സ്റ്റിക്ക് മൂന്നുപേര്‍ക്കാണ് നല്‍കിയത്. വിപണിയില്‍ 74000 രൂപ വിലവരുന്നതാണ് ആധുനിക സംവിധാനങ്ങള്‍ ഘടിപ്പിച്ച ഈ  വീല്‍ചെയര്‍. പൂര്‍ണമായും ബാറ്ററിയിലാണ്  വീല്‍ ചെയര്‍ പ്രവര്‍ത്തിക്കുന്നത്.
യന്ത്രം ഘടിപ്പിച്ച വീല്‍ചെയര്‍ വിസ്‌കോ എന്ന കമ്പനിയുടേതാണ്. പൂര്‍ണമായും കൈകൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന വീല്‍ചേയറാണിത്. കയ്യിലുള്ള ജോയ്‌സ്റ്റിക് (ഹാന്‍ഡ് ലിവര്‍) തിരിക്കുന്നതനുസരിച്ച് വീല്‍ചെയര്‍ മുന്നോട്ടോ പിന്നോട്ടോ വശങ്ങളിലേക്കോ ഓടിക്കാം. ആറു കിലോമീറ്ററാണ് പരമാവധി വേഗം. ഒരു തവണ ചാര്‍ജ് ചെയ്താല്‍ ആറുമണിക്കൂര്‍ തുടര്‍ച്ചയായി ഓടും. വീല്‍ ചെയറില്‍ പ്രാഥമിക സൗകര്യങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള സംവിധാനവും ഉണ്ട്.
ചെട്ടികുളങ്ങര ഈരേഴ വടക്ക് വിനീഷ് വി ഗോപാല്‍, കായംകുളം തെക്കേമാങ്കുഴി ശ്രീദേവി മന്ദിരത്തില്‍ ആരതി എസ്, മാവേലിക്കര ഐക്കര തെക്കതില്‍  സി സതീശന്‍  എന്നിവര്‍ക്കാണ് ജോയ് സ്റ്റിക്  ഓപ്പറേറ്റഡ് വീല്‍ചെയര്‍ ലഭിച്ചത്. വിനീഷ് വി ഗോപാല്‍  ഭിന്നശേഷിക്കാരുടെ മേഖലയില്‍ ഏറെക്കാലമായി പ്രവര്‍ത്തിച്ചുവരുന്നയാളാണ്. വിനീഷിന്റെ സഹോദരിക്കും ഇതേ പ്രശ്‌നങ്ങള്‍ ഉണ്ട്. ഇരുവര്‍ക്കും അര്‍ഹതയുണ്ടെങ്കിലും ആദ്യം വിനീഷിന് അനുവദിക്കുകയായിരുന്നു.  ഭിന്നശേഷിക്കാര്‍ക്കായി തുണിസഞ്ചിയുള്‍പ്പടെ നിര്‍മിച്ചുനല്‍കുന്ന  സംരഭം വിനീഷിന്റെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്. പുതിയ വീല്‍ചെയര്‍ തങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമാണെന്ന് വിനീഷ് പറഞ്ഞു. കാഴ്ച വൈകല്യമുള്ളവരും 80 ശതമാനത്തിന് മുകളില്‍ ശാരീരിക പ്രശ്‌നങ്ങളുള്ളവരാണ് ഗുണഭോക്താക്കള്‍. കാഴ്ചവൈകല്യമുള്ള നാല് പേര്‍ക്ക് മൊബൈല്‍ സ്മാര്‍ട്ട് ഫോണ്‍, മറ്റ് മൂന്നുപേര്‍ക്ക് സാധാരണ സി പി വീല്‍ചെയര്‍ എന്നിവയും നല്‍കി. വീല്‍ ചെയറിന്റെയും സ്മാര്‍ട്ട് ഫോണിന്റെയും വിതരണോദ്ഘാടനം ജില്ല കളകടര്‍ ടി വി അനുപമ നിര്‍വഹിച്ചു. സമൂഹ്യനീതി വകുപ്പ് ജില്ല ഓഫീസര്‍  അനീറ്റ എസ്.ലിന്‍, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചന്ദ്രഹാസന്‍  വടുതല, വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍ അംഗം ഗിരീഷ് കീര്‍ത്തി, ഭിന്നശേഷിക്കാരുടെ കുടുംബാംഗങ്ങള്‍ യോഗത്തി ല്‍ പങ്കെടുത്തു.

RELATED STORIES

Share it
Top