ഭിന്നശേഷിക്കാര്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന് വിനോദയാത്ര

കൊല്ലം: വിമാനത്തിലും കൊച്ചിമെട്രോയിലും ബോട്ടിലും ഒരു മള്‍ട്ടിമോഡല്‍ വിനോദയാത്ര കഴിഞ്ഞെത്തിയ ആവേശത്തിലാണ് മങ്ങാട് സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേയും ഉളിയക്കോവില്‍ ടികെഡിഎം സ്‌കൂളിലേയും ഭിന്നശേഷിക്കാരായ നാല്‍പ്പതോളം കുട്ടികള്‍. ബുദ്ധിമുട്ടുകള്‍ ഭയന്ന് കുട്ടികളുമായി ദൂരയാത്രകള്‍ ഒഴിവാക്കിയിരുന്ന രക്ഷിതാക്കള്‍ക്കാകട്ടെ ഈ യാത്ര സമ്മാനിച്ചത് ആത്മവിശ്വാസത്തിന്റെ പുതുനിമിഷങ്ങള്‍. യാത്രാനുഭവത്തിന്റെ സന്തോഷാധിക്യം കുട്ടികളിലും പ്രകടമായിരുന്നു. കൊല്ലത്തുനിന്ന് കൊച്ചി വരെ ബസിലെത്തിയ കുട്ടികള്‍ക്കായി ബോട്ടിങ്ങും മെട്രോ റെയില്‍ യാത്രയും ഒരുക്കിയിരുന്നു. മട്ടാഞ്ചേരി സിനഗോഗ് ഉള്‍പ്പെടെ പുതിയ കാഴ്ച്ചകള്‍ പലതും അവര്‍ക്ക് കൗതുകമായി. തുടര്‍ന്ന് വിമാനത്തില്‍ തിരുവനന്തപുരത്തേക്കും അവിടെ നിന്ന് ബസില്‍ തിരികെ കൊല്ലത്തേക്കുമായിരുന്നു വിനോദയാത്ര. 15 രക്ഷിതാക്കളും അധ്യാപകരും പങ്കെടുത്തു. ഭിന്നശേഷിക്കാരായ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമായാണ് ഇങ്ങനെയൊരു യാത്ര സംഘടിപ്പിച്ചതെന്ന് കുട്ടികളെ യാത്രയാക്കാനെത്തിയ എം നൗഷാദ് എംഎല്‍എ പറഞ്ഞു. എംഎല്‍ എമാാരായ എം നൗഷാദും എം മുകേഷുമാണ് യാത്രയ്ക്കായി പ്രധാനമായും ധനസഹായം നല്‍കിയത്. രക്ഷാകര്‍ത്താക്കള്‍ക്കൊപ്പം വൈ ഡാനിയല്‍ ഫൗണ്ടേഷന്‍ അടക്കമുള്ള സംഘടനകളും ധനസമാഹരണത്തില്‍ പങ്കാളിയായി. അധ്യാപകരായ എംഎല്‍ മിനികുമാരി, ദിവ്യവിജയ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിനോദയാത്ര നടത്തിയത്.

RELATED STORIES

Share it
Top