ഭിന്നശേഷിക്കാരായ സഹോദരിമാര്‍ ലൈഫ് മിഷനില്‍ നിന്ന് പുറത്ത്

കരിപ്പൂര്‍: സ്വന്തമായി റേഷന്‍ കാര്‍ഡില്ലാത്തതിനാല്‍ ഭിന്നശേഷിക്കാരായ സഹോദരിമാര്‍ സര്‍ക്കാറിന്റെ ലൈഫ് മിഷന്‍ വീട് നിര്‍മ്മാണ പദ്ധതിയില്‍ നിന്ന് പുറത്ത്. പുളിക്കല്‍ പഞ്ചായത്തിലെ വലിയപറമ്പ് കലങ്ങോട് വാര്‍ഡിലെ മാണാര്‍  വേലായുധന്റെ ഭിന്നശേഷിക്കാരായ മൂന്ന് പെണ്‍മക്കളാണ് വീടുണ്ടാക്കാനാവാതെ കാരുണ്യത്തിനായി കാത്തിരിക്കുന്നത്.ജന്മനാ ഉയരം കുറഞ്ഞ ലത (45),സിന്ധു(34),ബിന്ദു(30) എന്നിവര്‍ പ്രായമായ അച്ഛനമ്മമാരുടെ സംരക്ഷണയില്‍ കഷ്ടപ്പെട്ടാണ് ജീവിച്ചു വരുന്നത്.മൂന്നു പേരും അവിവാഹിതരാണ്.മറ്റുള്ളവരുടെ സഹായത്താല്‍ വീടിന്റെ തറയുടെ നിര്‍മ്മാണം ഒരു വിധം പൂര്‍ത്തിയായിട്ടുണ്ട്.
വീടിനായി പഞ്ചായത്തില്‍ അപേക്ഷിച്ചപ്പോഴാണ് സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയില്‍ വീട് ലഭിക്കണമെങ്കില്‍ സ്വന്തം പേരില്‍ റേഷന്‍ കാര്‍ഡ് വേണമെന്നറിയുന്നത്. ഈ നിബന്ധന പാവപ്പെട്ട സഹോദരിമാരുടെ വീടെന്ന സ്വപ്‌നത്തിനുമേല്‍ കരിനിഴല്‍ വീഴ്ത്തിയിരിക്കുകയാണ്.  കഴിഞ്ഞ വാര്‍ഡ് ഗ്രാമസഭയില്‍ ഇവരുടെ അപേക്ഷ തള്ളിയിരുന്നു.തുടര്‍ന്ന് ഇവരുടെ പ്രത്യേക അവസ്ഥ പരിഗണിച്ച് വീട് നല്‍കണമെന്നാവശ്യപ്പെട്ട് ഗ്രാമസഭ പ്രമേയം പാസാക്കി പഞ്ചായത്തില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
ലൈഫ് പദ്ധതിയെ കൂടാതെ പിഎവൈ, ആശ്രയ തുടങ്ങിയ പദ്ധതികള്‍ വഴിയും പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുന്നുണ്ട്.ഇതിലേതിലെങ്കിലും ഉള്‍പ്പെടുത്തി തങ്ങള്‍ക്ക് വീട് അനുവദിച്ചു തരണമെന്നാണ് ഇവര്‍ അധികാരികളോടഭ്യര്‍ത്ഥിക്കുന്നത്. സ്വന്തം പേരില്‍ റേഷന്‍ കാര്‍ഡില്ലാത്തതിന്റെ പേരില്‍ ഒട്ടേറെ ഭിന്നശേഷിക്കാരും പാവങ്ങളും ലൈഫ് ഭവന പദ്ധതിയില്‍ നിന്നും പുറത്താവുന്നുണ്ട്.
എസ്‌സി വിഭാഗത്തിന് റേഷന്‍ കാര്‍ഡ് നിബന്ധനയില്‍ ഇളവ് നല്‍കയത് പോലെ ലൈഫ് പദ്ധതി പ്രകാരം വീടിനപേക്ഷിച്ച അര്‍ഹരായ ഭിന്നശേഷിക്കാര്‍ക്കും ഇളവ് അനുവദിക്കണമെന്നാവശ്യം ശക്തമായിട്ടുണ്ട്.

RELATED STORIES

Share it
Top