ഭിന്നശേഷിക്കാരനു പോലിസ് മര്‍ദനം: പ്രതിഷേധം ശക്തം

കുറ്റിയാടി: ഭിന്നശേഷിക്കാരനായ യുവാവിനു പോലിസ് മര്‍ദനമേറ്റ സംഭവത്തില്‍ പ്രതിഷേധം ശക്തം. തളീക്കര ഓത്യോട്ടു പാലത്തിനു സമീപത്തെ മഠത്തില്‍ നിയാസ് (24)നാണ് മര്‍ദനമേറ്റത്. ദേഹമാസകലം പരിക്കേറ്റ ഇദ്ദേഹത്തെ കുറ്റിയാടി ഗവ. താലൂക്ക് ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം കുറ്റിയാടി  ഓത്യോട്ടു പാലത്തിനു സമീപം രണ്ടു ബൈക്ക് യാത്രികര്‍ തമ്മിലുള്ള സംഘര്‍ഷമാണ് ലാത്തി വീശലില്‍ കലാശിച്ചത്. ഷിബിന്‍ എന്ന യുവാവ് സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയുണ്ടായി. തുടര്‍ന്ന് രണ്ടുപേര്‍ തമ്മിലുള്ള വാഗ്വാദം കൈയാങ്കളിയിലെത്തി. വിവരമറിഞ്ഞെത്തിയ പോലിസ് സംഘര്‍ഷക്കാരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് നടത്തിയ ലാത്തിചാര്‍ജിലാണ് നിയാസിന് പരിക്കേറ്റത്. സംഭവം നടക്കുമ്പോള്‍ കാഴ്ച ശേഷി കുറഞ്ഞ നിയാസ് സമീപത്തെ പള്ളിയിലേക്ക് നിസ്‌ക്കരിക്കാന്‍ പോവുകയായിരുന്നു. പോലിസ് ആള്‍ കൂട്ടത്തെ പിരിച്ചുവിടാന്‍ ശ്രമിച്ചപ്പോള്‍ യുവാവിന് രക്ഷപ്പെടാന്‍ സാധിച്ചില്ല.
തുടര്‍ന്ന് പോലിസ് ഇയാളെ വളഞ്ഞിട്ട് തല്ലിയതാണെന്നും കാഴ്ച ശേഷിയില്ലാത്തയാളാണെന്ന് പറഞ്ഞപ്പോള്‍ പോലിസ് ചെവിക്കൊണ്ടില്ലെന്നും നിയാസ് പറയുന്നു. സംഘര്‍ഷക്കാരെ പിരിച്ചുവിടാനുള്ള ശ്രമത്തില്‍ ആള്‍ക്കൂട്ടത്തില്‍പ്പെട്ട നിയാസ് ഭിന്നശേഷിക്കാരനാണെന്ന് തിരിച്ചറിയാന്‍ സാധിച്ചില്ലെന്നാണ് പോലിസ് ഭാഷ്യം. പരിക്കേറ്റ നിയാസിനെ എസ്ഡിപിഐ നേതാക്കളായ എ കെ ഹമീദ്, സിറാജ് കുറ്റിയാടി എന്നിവര്‍ സന്ദര്‍ശിച്ചു.

RELATED STORIES

Share it
Top