ഭിന്നത രൂക്ഷമാവുന്നു; ഭൂമി വില്‍പന സിനഡില്‍ ചര്‍ച്ച ചെയ്യണം

കൊച്ചി: സീറോ മലബാര്‍ സഭയുടെ സിനഡ് സമ്മേളനം ഇന്നു തുടങ്ങാനിരിക്കെ എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദമായ ഭൂമി വില്‍പന വിഷയത്തില്‍ നിലപാട് കടുപ്പിച്ച് വൈദികര്‍. ഭൂമി വില്‍പന വിഷയം സിനഡില്‍ അജണ്ടയില്‍ ഉള്‍പ്പെടുത്തി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടു വൈദിക സമിതി സെക്രട്ടറി ഫാ. കുര്യാക്കോസ് മുണ്ടാടന്‍ മെത്രാന്മാര്‍ക്ക് കത്ത് നല്‍കി. കത്തിനൊപ്പം എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദമായ ഭൂമി ഇടപാട് സംബന്ധിച്ച് ആറംഗ കമ്മീഷന്‍ അന്വേഷിച്ച റിപോര്‍ട്ടിന്റെ കോപ്പിയും മെത്രാന്മാര്‍ക്ക് നല്‍കിയിട്ടുണ്ട്. ഗൗരവമായ വിഷയമാണ് എറണാകുളം-അങ്കമാലി അതിരൂപതയില്‍ ഉണ്ടായിരിക്കുന്നത്. അതുകൊണ്ടു തന്നെ വിഷയത്തിന് മുന്‍ഗണന നല്‍കി ചര്‍ച്ച ചെയ്ത് അടിയന്തരമായി പരിഹാരമുണ്ടാക്കണമെന്നും വൈദിക സമിതി അയച്ച കത്തില്‍ ആവശ്യപ്പെടുന്നു.ഭൂമി വില്‍പന വിഷയം അന്വേഷിക്കുന്നതിനായി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ട് ചര്‍ച്ച ചെയ്യുന്നതിനായി കഴിഞ്ഞ ദിവസം വൈദിക സമിതി വിളിച്ചുചേര്‍ത്തെങ്കിലും സമിതിയുടെ അധ്യക്ഷനായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി എത്താതിരുന്നതിനാല്‍ സമിതിക്ക് യോഗം ചേരാന്‍ കഴിഞ്ഞിരുന്നില്ല. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ അല്‍മായര്‍ തടഞ്ഞുവച്ചതിനാലാണ് അദ്ദേഹത്തിന് യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നത്. ഇതിനെതിരേ വൈദികര്‍ക്കിടയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.ഈ സാഹചര്യത്തിലാണ് ഇന്ന് ആരംഭിക്കുന്ന സിനഡില്‍ ഭൂമി വില്‍പന ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടു വൈദിക സമിതി മെത്രാന്മാര്‍ക്ക് കത്ത് നല്‍കിയിരിക്കുന്നത്. ഭൂമി വില്‍പനയില്‍ വീഴ്ച സംഭവിച്ചെന്നു വ്യക്തമാക്കിക്കൊണ്ട് നേരത്തേ എറണാകുളം-അങ്കമാലി അതിരൂപതയിലെ സഹായമെത്രാനും അതിരൂപത പ്രോട്ടോസിഞ്ചെല്ലൂസുമായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് വൈദികര്‍ക്ക് അയച്ച സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു. ഭൂമി ഇടപാടുകളിലൂടെ എറണാകുളം-അങ്കമാലി അതിരൂപതയുടെ കടബാധ്യത 84 കോടി രൂപയായെന്നും ഭൂമി വില്‍പനയില്‍ കാനോനിക നിയമങ്ങള്‍ ലംഘിക്കപ്പെട്ടെന്നും മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് വ്യക്തമാക്കിയിരുന്നു. ഭൂമി വില്‍പന വിവാദവുമായി ബന്ധപ്പെട്ട് ഒരു വിഭാഗം വിശ്വാസികള്‍ മാര്‍പാപ്പയ്ക്കു പരാതി നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ സീറോ മലബാര്‍ സഭ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ മാറ്റിനിര്‍ത്തി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് മാര്‍പാപ്പയ്ക്ക് പരാതി നല്‍കിയിരിക്കുന്നത്. ഭൂമി വില്‍പനയെ എതിര്‍ത്ത് രംഗത്തുള്ള ഒരുവിഭാഗം വൈദികരും മാര്‍പാപ്പയ്ക്ക് പരാതി നല്‍കുന്നുണ്ട്. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ഈ മാസം 13 വരെയാണു സിനഡ് നടക്കുന്നത്.

RELATED STORIES

Share it
Top