ഭാഷയുടെയും മതത്തിന്റെയും പേരിലുള്ള വിവേചനം അവസാനിപ്പിക്കണം: എന്‍സിഎച്ച്ആര്‍ഒ

ന്യൂഡല്‍ഹി: ഭാഷയുടെയും മതത്തിന്റെയും പേരില്‍ നടക്കുന്ന വിവേചനം അവസാനിപ്പിക്കണമെന്ന് ദേശീയ മനുഷ്യാവകാശ ഏകോപനസമിതി. അസമില്‍ ദേശീയ പൗരത്വ രജിസ്റ്ററില്‍ (എന്‍ആര്‍സി) നിന്ന് പുറത്തായ 40 ലക്ഷത്തിലധികം വരുന്ന ജനങ്ങളോട് മനുഷ്യത്വപരമായി പെരുമാറണമെന്ന് എന്‍സിഎച്ച്ആര്‍ഒ ഡല്‍ഹിയില്‍ സംഘടിപ്പിച്ച കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു.
ഭാഷയുടെയും മതത്തിന്റെയും പേരില്‍ വിവേചനം കാണിക്കാന്‍ ഭരണഘടന അനുവദിക്കുന്നില്ല. ഇവയുടെ അടിസ്ഥാനത്തിലുള്ള വിവേചനം ഭരണഘടനാ വിരുദ്ധമാണ്. എന്‍ആര്‍സിയില്‍ നിന്ന് പുറത്തായ ജനങ്ങളെ ഇന്ത്യന്‍ പൗരന്‍മാരായി കാണാന്‍ ഭരണകൂടം തയ്യാറാവണം. ഡി വോട്ടേഴ്‌സ് (സംശയകരമായ വോട്ടര്‍മാര്‍) എന്ന പ്രയോഗം ഭരണഘടനാവിരുദ്ധമാണ്. നിയമവിരുദ്ധ കുടിയേറ്റക്കാരെന്ന് ആരോപിച്ച് തടങ്കലില്‍ പാര്‍പ്പിച്ചിരുക്കുന്ന മുഴുവന്‍ ആളുകളെയും മോചിപ്പിക്കണം.
2018 ജൂലൈ 30ന് പുറത്തിറക്കിയ ദേശീയ പൗരത്വ പട്ടികയുടെ കരടില്‍ നിന്ന് പുറത്തായ 40 ലക്ഷത്തില്‍ അധികം വരുന്ന ബംഗാളി സംസാരിക്കുന്ന ജനങ്ങള്‍ ഇപ്പോള്‍ ഒരു രാജ്യത്തെയും പൗരന്‍മാരല്ലാതായി. ബംഗ്ലാദേശില്‍ നിന്ന് ഇപ്പോഴും നിയമിവിരുദ്ധമായി ഇന്ത്യയിലേക്ക് കുടിയേറുന്ന ഹിന്ദുക്കള്‍ക്ക് രാജ്യത്ത് പൗരത്വം നല്‍കുന്നതിനായി മോദി സര്‍ക്കാര്‍ കൊണ്ടുവന്ന നിര്‍ദിഷ്ട പൗരത്വ ഭേദഗതി ബില്ല്-2016 പൂര്‍ണമായും ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.
മാവോവാദി ബന്ധമാരോപിച്ച് മഹാരാഷ്ട്ര പോലിസ് അറസ്റ്റ് ചെയ്ത മനുഷ്യാവകാശ പ്രവര്‍ത്തകരെ ഉപാധികള്‍ കൂടാതെ വിട്ടയക്കണം. രാജ്യത്തെ സാമൂഹിക, മനുഷ്യാവകാശ പ്രവര്‍ത്തകരെയും സ്വതന്ത്ര ചിന്തകരെയും ഏകപക്ഷീയമായി അറസ്റ്റ് ചെയ്യുന്ന നടപടി അവസാനിപ്പിക്കണം. യുഎപിഎ പോലെയുള്ള കിരാത നിയമങ്ങള്‍ പിന്‍വലിക്കണമെന്നും കണ്‍വന്‍ഷന്‍ അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ന്യൂഡല്‍ഹിയിലെ ഇന്ത്യ ഇന്റര്‍നാഷനല്‍ സെന്ററില്‍ നടന്ന കണ്‍വന്‍ഷന്‍, സൗത്ത് ഏഷ്യന്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഡോക്യുമെന്റേഷന്‍ സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രവി നായര്‍ ഉദ്ഘാടനം ചെയ്തു. എന്‍സിഎച്ച്ആര്‍ഒ ദേശീയ അധ്യക്ഷന്‍ പ്രഫസര്‍ എ മാര്‍ക്‌സ്, അഡ്വ. എ ആര്‍ സിക്ദാര്‍ (കണ്‍വീനര്‍, ഡി വോട്ടേഴ്‌സ് നിയമ സഹായ സമിതി), പ്രഫ. അപൂര്‍വാനന്ദ് (ഡല്‍ഹി സര്‍വകലാശാല), പ്രഫ. വി കെ ത്രിപാഠി (ഐഐടി ഡല്‍ഹി), ഇ എം അബ്ദുല്‍ റഹ്മാന്‍ (ദേശീയ സമിതി അംഗം, പോപുലര്‍ ഫ്രണ്ട്), ഡോ. തസ്ലീം റഹ്മാനി (ദേശീയ സെക്രട്ടറി, എസ്ഡിപിഐ), മനീഷ ബല്ല (മാധ്യമപ്രവര്‍ത്തക), ഡോ. അബുല്‍ ബഷര്‍ (എന്‍സിഎച്ച്ആര്‍ഒ അസം സംസ്ഥാന പ്രസിഡന്റ്), അഡ്വ. എ മുഹമ്മദ് യൂസഫ് (എന്‍സിഎച്ച്ആര്‍ഒ ദേശീയ സെക്രട്ടറി) സംസാരിച്ചു.

RELATED STORIES

Share it
Top