ഭാവനകള്‍ വസ്തുതകളാക്കി നിത്യരോഗിയായ യുവാവിനും കുടുംബത്തിനും ഭരണകൂടത്തിന്റെ നീതിനിഷേധം

റജീഷ് കെ സദാനന്ദന്‍

മഞ്ചേരി: അവശ വിഭാഗങ്ങളെ സമ്പന്നരാക്കുന്ന സിവില്‍ സപ്ലൈസ് വകുപ്പിന്റെ കണ്‍കെട്ടു ജാലം തുടരുന്നു. പുല്‍പറ്റ പാലക്കാടുള്ള രോഗിയായ യുവാവിനും കുടുംബത്തിനും കൊട്ടാര സദൃശമായ വീടും കാറും ഭാവനയില്‍ കണ്ട് ബിപിഎല്‍ വിഭാഗത്തില്‍ നിന്നൊഴിവാക്കി റേഷന്‍കാര്‍ഡ് പൊതുവിഭാഗത്തില്‍ ഉള്‍പെടുത്തിയിരിക്കുകയാണ്. ഇതോടെ അര്‍ഹമായ റേഷന്‍ ആനുകൂല്യവും കുടുംബത്തിന് അന്യമായി.
പാലക്കാട് കളരിക്കല്‍ വീട്ടില്‍ സജീഷ്(35)ഉം ഭാര്യ പ്രസീദയും മകള്‍ അനാമികയുമടങ്ങുന്ന കുടുംബമാണ് നീതി നിഷേധത്തിന്റെ ഇരകള്‍. നിത്യ രോഗിയായ സജീഷിന് തൊഴിലെടുക്കാനാവില്ല. പരസഹായമില്ലാതെ കൂടുതല്‍ നടക്കാന്‍ പോലുമാവാത്ത യുവാവിന്റെ സംസാരശേഷിയും നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. പാലിയേറ്റീവ് പ്രവര്‍ത്തകരുടേയും നാട്ടുകാരുടേയും സഹായത്തോടെയാണ് ചികില്‍സയും വീട്ടുചെലവും കഴിയുന്നത്. ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ള കുടുംബത്തിന് റേഷന്‍ ആനുകൂല്യങ്ങള്‍ വലിയ സഹായമായിരുന്നു. 2051072464 നമ്പര്‍ റേഷന്‍ കാര്‍ഡ് ഇപ്പോള്‍ പുതുക്കി വന്നപ്പോള്‍ പൊതു വിഭാഗത്തിലാണ്. ഇതോടെ അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭിക്കാതായി. കാരണം അന്വേഷിച്ചപ്പോള്‍ വിചിത്രമായ കഥകളാണ് അറിയാനായതെന്ന് സജീഷ് പറയുന്നു. 1000 ചതുരശ്ര അടിയില്‍ കൂടുതലുള്ള വീടും സ്വന്തമായി കാറും കുടുംബത്തിനുണ്ടെന്നാണ് സിവില്‍ സപ്ലൈസ് വകുപ്പിന്റെ കണ്ടെത്തല്‍. ദാരിദ്ര്യവും രോഗവും തളര്‍ത്തുന്നതിനിടെ സ്വപ്‌നം കാണാന്‍ പോലും ഭയക്കുന്ന സൗകര്യങ്ങള്‍ എങ്ങനെ തങ്ങള്‍ക്കുമേല്‍ ചാര്‍ത്തപ്പെട്ടെന്ന് ഇവര്‍ക്ക് ഉത്തരമില്ലാത്ത ചോദ്യമാണ്.
ജീര്‍ണിച്ച, ഓടുമേഞ്ഞ ചെറിയ വീടിന്റെ ജനലുകളും വാതിലുകളും പോലും സുരക്ഷിതമല്ല. ഭിത്തികള്‍ വിണ്ടുകീറി മേല്‍ക്കൂരയാകെ ചിതലരിച്ചിരിക്കുന്ന വീട്ടില്‍ ഏതു പരിശോധനയുടെ അടിസ്ഥാനത്തിലാണ് വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ കണ്ടെത്തിയതെന്ന് നാട്ടുകാരും ചോദിക്കുന്നു. ഉറപ്പാക്കപ്പെടേണ്ട നീതി അനര്‍ഹര്‍ നേടിയെടുക്കുമ്പോള്‍ തിരുത്തലിന്റെ ഇരകളാവുന്ന സാധാരണക്കാരുടെ ദൈന്യതയാണ് സജീഷും കുടുംബവും പങ്കുവയ്ക്കുന്നത്.
ഈ കുടുംബത്തിന്റെ ദുരവസ്ഥയില്‍ നാട്ടുകാരായ പൊതുപ്രവര്‍ത്തകരാണ് സഹായത്തിനുള്ളത്. അയല്‍വാസികളും മറ്റു സന്നദ്ധ പ്രവര്‍ത്തകരും കാര്‍ഡ് തിരുത്താന്‍ ശ്രമങ്ങളാരംഭിച്ചിട്ടുണ്ട്. എന്നാല്‍, വകുപ്പു തലത്തില്‍നിന്നു ലഭിക്കേണ്ട അനിവാര്യമായ നീതി ഈ കുടുംബത്തിനു വൈകുകയാണ്.

RELATED STORIES

Share it
Top