ഭാര്യയ്ക്കും കാമുകനും ജീവപര്യന്തം തടവും പിഴയും

കൊല്ലം: ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയ്ക്കും കാമുകനും ജീവപര്യന്തം തടവും പിഴയും കോടതി ശിക്ഷ വിധിച്ചു.
മേലില ഇരുങ്ങൂര്‍ കിഴക്കേത്തെരുവില്‍ പള്ളത്തുവീട്ടില്‍ സുരേഷി(43)നെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ഭാര്യ സുശീല, കാമുകനായ കെഎസ്ഇബി ജീവനക്കാരന്‍ പട്ടാഴി തെക്കേത്തേരി കരിക്കത്തില്‍ വീട്ടില്‍ സെല്‍വരാജ് എന്നിവരെയാണ് അഡീഷനല്‍ ഡിസ്ട്രിക്ട് ആന്റ്് സെഷന്‍സ് ജഡ്ജ് അഞ്ച് ഷേര്‍ലി ദത്ത് ശിക്ഷിച്ചത്.
കൊലപാതക കുറ്റത്തിന് ജീവപര്യന്തം തടവും ഓരോ ലക്ഷം രൂപ വീതം പിഴയുമാണ് ശിക്ഷ. പിഴ അടയ്ക്കാത്ത പക്ഷം മൂന്ന് വര്‍ഷം കഠിന തടവ് അനുഭവിക്കണം. ഗൂഢാലോചനാ കുറ്റത്തിന് ജീവപര്യന്തം തടവും ഓരോ ലക്ഷം രൂപ വീതം പിഴയും ഒടുക്കണം. പിഴ അടയ്ക്കാത്തപക്ഷം മൂന്ന് വര്‍ഷം കഠിന തടവ് അനുഭവിക്കണം. ഇന്ത്യന്‍ ശിക്ഷാനിയമം 201-ാം
വകുപ്പ് പ്രകാരം അഞ്ച് വര്‍ഷംവീതം കഠിന തടവും 25,000 രൂപ വീതം പിഴയും ഒടുക്കണം. പിഴഅടയ്ക്കാത്തപക്ഷം ഒരു വര്‍ഷം തടവ് കൂടി അനുഭവിക്കണം. 203ാം വകുപ്പും പ്രകാരം ഒരു വര്‍ഷംകഠിന തടവിനും 10,000 രൂപ പിഴയും, പിഴ അടയ്ക്കാത്തപക്ഷം ആറ് മാസം തടവിനും 202-ാം വകുപ്പും പ്രകാരം രണ്ടാം പ്രതി സുശീലയെ ആറ് മാസം തടവിനും 1,000 രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്.
പിഴ തുകയില്‍ നിന്നും ഓരോ ലക്ഷം രൂപയും കൂടാതെ വിക്ടിം കോംപന്‍സേഷന്‍ ഇനത്തില്‍ നിന്നുള്ള തുകയും മക്കള്‍ക്ക് നല്‍കാന്‍ കോടതി ഉത്തരവിട്ടു.
2013 മാര്‍ച്ച് 17നാണ് കേസിനാസ്പദമായ സംഭവം. സുശീലയുടെ സഹോദരി പട്ടാഴി തെക്കേത്തേരിയിലുള്ള മണിയുടെ വീട്ടിലെത്തിലെത്തിയ സുരേഷിനെ ഉല്‍സവ സ്ഥലത്തേക്കെന്ന വ്യാജേന സെല്‍വരാജ് കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്.
സെല്‍വരാജിന്റെ ഓട്ടോറിക്ഷയിലായിരുന്നു യാത്ര. തെക്കേത്തേരിയിലുള്ള റബര്‍ പുരയിടത്തിലെത്തിച്ച് സുരേഷിനെ മര്‍ദിക്കുകയും സ്റ്റീരിയോ വയറും കൈലിയും കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയും ചെയ്‌തെന്നു. റബര്‍ തോട്ടത്തില്‍ മൃതദേഹം കുഴിച്ചിട്ടശേഷം സെല്‍വരാജിന്റെ സിം കാര്‍ഡും നശിപ്പിച്ചു.
വിവരമറിഞ്ഞ സുശീല സുരേഷിനെ കാണാനില്ലെന്ന് കുന്നിക്കോട് പോലിസില്‍ പരാതി നല്‍കി. സുരേഷിന്റെ തിരോധാനത്തില്‍ സംശയം പ്രകടിപ്പിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയതോടെ പ്രതികള്‍ റബര്‍ തോട്ടത്തില്‍ മറവുചെയ്ത മൃതദേഹം പുറത്തെടുത്ത് ചാക്കിലാക്കി സെല്‍വരാജിന്റെ കാറില്‍ തന്നെ കയറ്റി തലവൂര്‍ കുര കെഐപി കനാലിന് സമീപമുള്ള റബര്‍ പുരയിടത്തിലെ ഒഴുക്കുചാലില്‍ കൊണ്ടിടുകയായിരുന്നു.
നാട്ടുകാര്‍ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് പോലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. അറസ്റ്റിലായ സെല്‍വരാജ് ബ്ലേഡ് ഉപയോഗിച്ച് കഴുത്തില്‍ മുറിവുണ്ടാക്കി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.
പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പാലത്തറ വിനു കരുണാകരന്‍ കോടതിയില്‍ ഹാജരായി.

RELATED STORIES

Share it
Top