ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് വീടിനുള്ളില്‍ തൂങ്ങിമരിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറയില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് വീടിനുള്ളില്‍ തൂങ്ങിമരിച്ചു. കുട്ടപ്പശ്ശേരി ഇമ്മാനുവേല്‍(68), ഭാര്യ മേഴ്‌സി(64) എന്നിവരാണു മരിച്ചത്.
ഇന്നലെ പുലര്‍ച്ചെയാണു സംഭവം. സംഭവസമയത്ത് മാനുവലും മേഴ്‌സിയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. മേഴ്‌സിയെ കിടപ്പുമുറിയില്‍ വെട്ടേറ്റു മരിച്ച നിലയിലും മാനുവലിനെ മറ്റൊരു മുറിയില്‍ തുങ്ങിമരിച്ച നിലയിലുമാണ് പോലിസ് കണ്ടെത്തിയത്. വീട്ടില്‍ പാല്‍ കൊണ്ടുവന്ന ആളാണ് ആദ്യം വിവരം അറിഞ്ഞത്. ഒരു വര്‍ഷമായി ഇവര്‍ വാടകവീട്ടിലാണ് താമസം. ആസാദ് റോഡില്‍ പുതിയതായി വീട് നിര്‍മിച്ചുകൊണ്ടിരിക്കുകയാണ്. ആന്ധ്രയില്‍ പോലിസ് ഉദ്യോഗസ്ഥനായിരിക്കുമ്പോള്‍ സ്വയം വിരമിച്ച് നാട്ടില്‍ കഴിയുകയായിരുന്നു ഇമ്മാനുവേല്‍ എന്ന് ബന്ധുക്കള്‍ പറഞ്ഞു. മേഴ്‌സി ഇരിങ്ങാലക്കുട സ്‌കൂളിലെ റിട്ടയേര്‍ഡ് അധ്യാപികയാണ്. അടുത്ത മാസം മകളുടെ പ്രസവശുശ്രൂഷക്കായി അമേരിക്കയിലേക്കു പോവാനിരിക്കുകയായിരുന്നു മേഴ്‌സി.
നാല് പെണ്‍മക്കളാണ് ഇവര്‍ക്കുള്ളത്. രണ്ടു മക്കള്‍ വിദേശത്തും ഒരാള്‍ ബംഗളൂരുവിലുമാണ്.
ഇരിങ്ങാലക്കുട എസ്‌ഐ എസ് കെ സുശാന്തിന്റെ നേതൃത്വത്തില്‍ പോലിസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

RELATED STORIES

Share it
Top