ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമംകേച്ചേരി: മണലിയില്‍ പ്രവാസിയായ യുവാവ് ഭാര്യയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചു. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് മക്കള്‍ക്കും പൊള്ളലേറ്റു. ഗുരുതരമായി പൊള്ളലേറ്റ മൂവരേയും മുളങ്കുന്നത്ത്കാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മണലി അമ്പലത്ത് വീട്ടില്‍ ഉമ്മറാണ് ഭാര്യ സീനത്തി (28) നെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചത്. രക്ഷിക്കാന്‍ ഓടിയെത്തിയ മക്കളായ ആഷിഖ്, ഷാഫിന്‍ എന്നിവര്‍ക്കും പൊള്ളലേല്‍ക്കുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. കന്നാസില്‍ കൊണ്ട് വന്ന പെട്രോള്‍ ഭാര്യയുടെ ദേഹത്ത് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. തീപിടിച്ച് അലറി വിളിച്ച ഉമ്മയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് മക്കള്‍ക്ക് പൊള്ളലേറ്റത്.
ഏറെ കാലമായി ഗള്‍ഫിലായിരുന്ന ഉമ്മര്‍ അടുത്തിടേയാണ് അവധിയില്‍ നാട്ടിലെത്തിയത്. ഭാര്യക്ക് നാട്ടിലുള്ള യുവാവുമായുള്ള ബന്ധം സംബന്ധിച്ച് ഇവര്‍ തമ്മില്‍ തര്‍ക്കം നടന്നിരുന്നു. മഹല്ല് കമ്മിറ്റി ഇടപ്പെട്ട് ഇരുകൂട്ടരേയും വിളിച്ചുവരുത്തി ചര്‍ച്ച ചെയ്ത് പ്രശ്‌നം പരിഹരിച്ചിരുന്നു.
ഇതിനു ശേഷം ഗള്‍ഫിലേക്ക് മടങ്ങിയ ഉമ്മര്‍ കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. ഭാര്യ വീട്ടിലായിരുന്ന സീനത്തിനെ ഉമ്മര്‍ തന്നെയാണ് മണലിയിലെ വീട്ടിലേക്ക് കൊണ്ടുവന്നത്. തുടര്‍ന്നുണ്ടായ വഴക്കിനെ തുടര്‍ന്നാണ് ഇന്നലെ ഭാര്യയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചത്. വീടിനുള്ളിലെ തീപിടുത്തത്തില്‍ ടിവി അടക്കമുള്ള ഗൃഹോപകരണങ്ങളും കത്തി നശിച്ചു.

RELATED STORIES

Share it
Top