ഭാര്യയെ ചുമന്ന് ഒരു മല്‍സരം

ലോകം കാറ്റുനിറച്ച പന്തിന്റെ പിന്നാലെ ഓടുമ്പോള്‍ കഴിഞ്ഞ ശനിയാഴ്ച ഫിന്‍ലന്‍ഡിലെ സോന്‍കാജാര്‍വി എന്ന പട്ടണത്തില്‍ വിചിത്രമായ ഒരു മല്‍സരം നടന്നു. വേള്‍ഡ് വൈഫ് കാരിയിങ് ചാംപ്യന്‍ഷിപ്പ് എന്ന ഈ മല്‍സരത്തില്‍ വേണ്ടിയിരുന്നത് ഭാര്യയെയും ചുമന്ന് ഓടുകയും വഴുവഴുപ്പുള്ള പ്രതലത്തിലൂടെ നടക്കുകയും പലതരം തടസ്സങ്ങളെ തരണം ചെയ്യുകയുമാണ്.
23ാമത്തെ വര്‍ഷമാണ് ഫിന്‍ലന്‍ഡില്‍ ഈ ചാംപ്യന്‍ഷിപ്പ് നടക്കുന്നത്. ആയിരക്കണക്കിന് ആളുകള്‍ മല്‍സരം കാണാനെത്തി. ഭാര്യയെ ചുമന്നുകൊണ്ടുള്ള ഈ മല്‍സരത്തിനു പിന്നില്‍ നാട്ടുകാര്‍ക്ക് ഒരു ഐതിഹ്യം എടുത്തുകാട്ടാനുണ്ട്. റോങ്കൈനന്‍ എന്ന കൊള്ളക്കാരനാണ് ഈ ഐതിഹ്യത്തിലെ കഥാപാത്രം. അയാളുടെ കൊള്ളസംഘത്തില്‍ ചേരാനാഗ്രഹിക്കുന്നവര്‍ ധാന്യച്ചാക്കുകളും ജീവനുള്ള പന്നികളെയും മറ്റും ചുമന്നു കരുത്തു തെളിയിക്കണമായിരുന്നുവത്രേ. അതില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ടുകൊണ്ടാണ് ഈ മല്‍സരം രൂപപ്പെട്ടത്. നാം മഹാബലിയെ കൊണ്ടാടുന്നതുപോലെ ഫിന്‍ലന്‍ഡുകാര്‍ റോങ്കൈനനെ കൊണ്ടാടുന്നു.
ശിശിരം ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ഫിന്‍ലന്‍ഡില്‍ ഇത്തരം വിചിത്രമായ മല്‍സരങ്ങള്‍ പലതുമുണ്ട്. ചെരിപ്പെറിയല്‍, മൊബൈല്‍ ഫോണെറിയല്‍, എയര്‍ ഗിറ്റാര്‍ തുടങ്ങിയ മല്‍സരങ്ങള്‍. ഒരര്‍ഥത്തില്‍ ഇന്ത്യയിലും ഇത്തരം മല്‍സരങ്ങളുണ്ടല്ലോ. ഭാര്യമാരെയും മക്കളെയും ചുമന്നു നടക്കുന്നതിലുള്ള മല്‍സരങ്ങള്‍, രാഷ്ട്രീയരംഗത്താണെന്നു മാത്രം.

RELATED STORIES

Share it
Top