ഭാര്യയുടെ കൊലപാതകം, ശുഹൈബ് ഇല്യാസിന് ജീവപര്യന്തം

ന്യൂഡല്‍ഹി: 17 വര്‍ഷം മുമ്പ് ഭാര്യ അഞ്ജുവിനെ കൊലപ്പെടുത്തിയ കേസില്‍ മുന്‍ ടെലിവിഷന്‍ സീരിയല്‍ നിര്‍മാതാവ് ശുഹൈബ് ഇല്യാസിയെ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു. അഡീഷനല്‍ സെഷന്‍സ് ജഡ്ജി എസ് കെ മല്‍ഹോത്ര ഇല്യാസിക്ക് രണ്ടുലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഇല്യാസി കുറ്റക്കാരനാണെന്ന് ഈ മാസം 16ന് കോടതി കണ്ടെത്തിയിരുന്നു. അഞ്ജുവിന്റെ മാതാപിതാക്കള്‍ക്ക് ഇല്യാസി 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുകയും വേണം. ഇല്യാസിക്ക് വധശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി തള്ളി. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമല്ലെന്നു കോടതി വ്യക്തമാക്കി. 18 വര്‍ഷത്തോളം വിചാരണ നേരിട്ട ഇല്യാസിയോട് ദയ കാണിക്കണമെന്ന് അയാളുടെ അഭിഭാഷകന്‍ കോടതിയോട് അഭ്യര്‍ഥിച്ചു. തിഹാര്‍ ജയിലില്‍നിന്ന് കോടതിയില്‍ കൊണ്ടുവന്ന ഇല്യാസി താന്‍ നിരപരാധിയാണെന്നും ശിക്ഷ അന്യായമാണെന്നും ആക്രോശിക്കുന്നുണ്ടായിരുന്നു. 2000 ജനുവരി 11നാണ് കിഴക്കന്‍ ഡല്‍ഹിയിലെ വസതിയില്‍ അഞ്ജു കുത്തേറ്റു മരിച്ചത്. ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ് എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് ഇല്യാസി ശ്രദ്ധേയനായത്.

RELATED STORIES

Share it
Top