ഭാരത്ബന്ദ്: കേന്ദ്രത്തിനെതിരായ ജനകീയ പ്രതിഷേധമായി പ്രതിപക്ഷ ഐക്യം

ന്യൂഡല്‍ഹി: എണ്ണ വിലവര്‍ധനയ്‌ക്കെതിരേ കോണ്‍ഗ്രസ് ഇന്നലെ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ പ്രതിപക്ഷ ഐക്യവേദിയായി. 22 പ്രതിപക്ഷ പാര്‍ട്ടികളാണ് ഭാരത് ബന്ദിനെ പിന്തുണച്ചത്. പ്രധാന പ്രതിപക്ഷ കക്ഷികളില്‍ ആം ആദ്മി പാര്‍ട്ടിയും തൃണമൂല്‍ കോണ്‍ഗ്രസും മാത്രമാണ് ബന്ദില്‍ നിന്നു മാറിനിന്നത്. പ്രാദേശിക പാര്‍ട്ടികളും പിന്തുണ പ്രഖ്യാപിച്ചതോടെ പതിവില്‍ നിന്നു വ്യത്യസ്തമായി നിരവധി സംസ്ഥാനങ്ങളില്‍ ബന്ദ് ജനജീവിതത്തെ ബാധിച്ചു. പശ്ചിമബംഗാളിലും തമിഴ്‌നാട്ടിലും ഇടതുകക്ഷികളും കോണ്‍ഗ്രസ്സും ഒന്നിച്ചു പ്രകടനങ്ങള്‍ നടത്തുകയും ചെയ്തു.കേരളത്തിലും കര്‍ണാടകയിലും ജനജീവിതം നിശ്ചലമായപ്പോള്‍ മഹാരാഷ്ട്ര, ഒഡീഷ, ബിഹാര്‍, പശ്ചിമബംഗാള്‍, പുതുച്ചേരി, തമിഴ്‌നാട്, പഞ്ചാബ്, ത്രിപുര, അരുണാചല്‍പ്രദേശ്, ജാര്‍ഖണ്ഡ്, ആന്ധ്രപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഭാഗികമായും ബന്ദ് പ്രതിഫലിച്ചു. പശ്ചിമബംഗാള്‍, ബിഹാര്‍, മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളില്‍ സംഘര്‍ഷവും കല്ലേറും തീവയ്പും റിപോര്‍ട്ട് ചെയ്തു. ഡല്‍ഹിയില്‍ സ്‌കൂളുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും സാധാരണപോലെ പ്രവര്‍ത്തിച്ചെങ്കിലും ചില സ്ഥലങ്ങളില്‍ ഗതാഗതത്തെ ബാധിച്ചു. ബിഹാറില്‍ ബന്ദനുകൂലികള്‍ ട്രെയിനുകള്‍ തടഞ്ഞു. ദേശീയപാതകളില്‍ തടസ്സം സൃഷ്ടിച്ചു. ചിലയിടങ്ങളില്‍ പോലിസും ബന്ദ് അനുകൂലികളും തമ്മില്‍ ഏറ്റുമുട്ടി. കര്‍ണാടകയില്‍ മിക്കയിടത്തും കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. ഭൂരിഭാഗം ബസ്സുകളും നിരത്തിലിറങ്ങിയില്ല. ഉഡുപ്പിയില്‍ ബന്ദനുകൂലികളും ബിജെപി പ്രവര്‍ത്തകരും ഏറ്റുമുട്ടി. സംഘര്‍ഷത്തെ തുടര്‍ന്ന് ഉഡുപ്പിയില്‍ 24 മണിക്കൂര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മംഗലാപുരം, ബംഗളൂരു എന്നിവിടങ്ങളില്‍ കടകള്‍ ബലംപ്രയോഗിച്ച് അടപ്പിക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. ഒഡീഷയില്‍ ട്രെയിനുകളും ബസ്സുകളും തടഞ്ഞു. 10ലധികം ട്രെയിനുകള്‍ റദ്ദാക്കി. ഇവിടെ സ്‌കൂളുകള്‍ക്കു മുന്‍കൂട്ടി അവധി പ്രഖ്യാപിച്ചിരുന്നു. ആന്ധ്രയിലും തെലങ്കാനയിലും ബന്ദ് ജനജീവിതത്തെ ബാധിച്ചു. റോഡ് ഉപരോധിച്ച നിരവധി കോണ്‍ഗ്രസ്, സിപിഎം പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തു. ജാര്‍ഖണ്ഡില്‍ 60ഓളം ബന്ദനുകൂലികളെ അറസ്റ്റ് ചെയ്തു. പശ്ചിമബംഗാളില്‍ ഇന്നലെ പരീക്ഷയായതിനാല്‍ സ്‌കൂളുകള്‍ക്ക് അവധിയുണ്ടായില്ല. എന്നാല്‍, പല സ്ഥലങ്ങളിലും കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. തമിഴ്‌നാട്ടില്‍ വിദ്യാലയങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും തുറന്നുപ്രവര്‍ത്തിച്ചെങ്കിലും ബന്ദ് ഗതാഗതത്തെ ബാധിച്ചു. മഹാരാഷ്ട്രയെയും ബന്ദ് കാര്യമായി ബാധിച്ചു. മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനാ പ്രവര്‍ത്തകര്‍ പലയിടത്തും ബലംപ്രയോഗിച്ച് കടകള്‍ അടപ്പിച്ചതും വാഹനം തടഞ്ഞതും സംഘര്‍ഷങ്ങള്‍ക്കിടയാക്കി. പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ ബന്ദിനോട് സമ്മിശ്ര പ്രതികരണമായിരുന്നു. ഉത്തര്‍പ്രദേശിലും കോണ്‍ഗ്രസ് ഭരണത്തിലുള്ള മിസോറാം ഉള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ബന്ദ് കാര്യമായി ബാധിച്ചില്ല. ഗണേശോല്‍സവം പ്രമാണിച്ച് ഗോവയില്‍ ബന്ദ് ആചരിക്കില്ലെന്ന് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചിരുന്നു. ഡിഎംകെ, എംഡിഎംകെ, ജെഡിഎസ്, എസ്പി, ആര്‍ജെഡി, എന്‍സിപി, നാഷനല്‍ കോണ്‍ഫറന്‍സ്, മുസ്‌ലിംലീഗ്, ആര്‍എസ്പി, ജെഎംഎം, ജെവിഎം, എംഎന്‍എസ് തുടങ്ങിയ പ്രമുഖ പ്രാദേശിക പാര്‍ട്ടികളെല്ലാം ബന്ദിനെ പിന്തുണച്ചിരുന്നു. ഇടതുപാര്‍ട്ടികള്‍ ഇന്നലെ സ്വന്തം നിലയ്ക്കും ബന്ദിന് ആഹ്വാനം ചെയ്തിരുന്നു.

RELATED STORIES

Share it
Top