ഭാരതപ്പുഴയിലെ മാലിന്യ നിക്ഷേപം: കര്‍ശന നടപടി വേണമെന്ന്

പട്ടാമ്പി: ഭാരതപ്പുഴയിലെ മാലിന്യനിക്ഷേപത്തിനെതിരെ കര്‍ശനനടപടി വേണമെന്ന് താലൂക്ക് വികസനസമിതി യോഗത്തില്‍ ആവശ്യം ഉയര്‍ന്നു. മാലിന്യനിക്ഷേപം വന്‍തോതില്‍ നടക്കുകയാണ്. ഇതുസംബന്ധിച്ച് ചമ്രവട്ടം കുടിവെള്ള പദ്ധതി അധികൃതര്‍ വികസനസമിതിക്ക് നല്‍കിയ പരാതി യോഗത്തില്‍ ചര്‍ച്ചയായി.
തൃത്താല തടയണക്ക് 200 മീറ്റര്‍ അകലെ മൂന്ന് ജലസേചനപദ്ധതികളുണ്ട്. ഇവിടെ വന്‍തോതില്‍ അറവ് മാലിന്യങ്ങള്‍ തള്ളുകയാണ്. പട്ടാമ്പിയിലും തൃത്താലയിലും ഭാരതപ്പുഴ മലീമസമാക്കുകയാണ്. പകല്‍ സമയത്തും രാത്രികാലങ്ങളിലും മാലിന്യ നിക്ഷേപം തുടരുമ്പോഴും യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. മാലിന്യം നിക്ഷേപിച്ചാല്‍ മൂന്നുവര്‍ഷം തടവും രണ്ടുലക്ഷം പിഴയും ശിക്ഷ ഉണ്ടെങ്കിലും ഇതുവരെ ആര്‍ക്കുമെതിരെ നടപടി സ്വീകരിച്ചിട്ടില്ല. പുഴ മലിനപ്പെടുത്തുന്നവരെ കണ്ടെത്താന്‍ കാമറകള്‍ സ്ഥാപിക്കണമെന്നും താലൂക്ക് വികസനസമിതിയില്‍ ആവശ്യം ഉയര്‍ന്നു.
റേഷന്‍കാര്‍ഡ് വിതരണത്തിന് നടപടികള്‍ സ്വീകരിക്കുക, രാത്രികാലത്ത് വളാഞ്ചേരിപട്ടാമ്പി റൂട്ടില്‍ ബസ് അനുവദിക്കുക, വഴിയോരകച്ചവടങ്ങള്‍ നിയന്ത്രിക്കുക, വല്ലപ്പുഴ മുളയങ്കാവ് റോഡിലെ കയ്യേറ്റം ഒഴിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗത്തില്‍ ഉന്നയിച്ചു.താലൂക്കിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുവാന്‍ നടപടികള്‍ ഉടന്‍ വേണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു.
ഇത്തവണ കുടിവെള്ള വിതരണത്തിന് തദ്ധേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ് ചുമതല നല്‍കിയിട്ടുള്ളതെന്നും, ഇത് സംബന്ധിച്ച കലക്ടറുടെ യോഗം 12ന് ചേരുമെന്നും റവന്യു അധികൃതര്‍ മറുപടി പറഞ്ഞു. പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എം.മുഹമ്മദാലി അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എന്‍ നന്ദവിലാസിനി, എം രജീഷ, എ കൃഷ്ണകുമാര്‍, പി സുമിത, തിരുവേഗപ്പുറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി പി കേശവന്‍, ഭൂരേഖ തഹസില്‍ദാര്‍മാരായ പി എന്‍ അനി, രാധാകൃഷ്ണന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ വി പി സെയ്ത് മുഹമ്മദ്, രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളായ പി ടി മുഹമ്മദ്, എം പി മുരളീധരന്‍, ഇ പി ശങ്കരന്‍, സി എം അലി സംസാരിച്ചു.

RELATED STORIES

Share it
Top